തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ഉരുളക്കിഴങ്ങ് കഴിഞ്ഞാല്‍ വിപണനത്തില്‍ രണ്ടാം സ്ഥാനത് നിൽക്കുന്ന വിളയാണ് തക്കാളി. പാവപെട്ടവൻ്റെ ഓറഞ്ച് എന്നും അറിയപെടുന്നു.
ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ് ഉത്തമം. ഇത് ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്.
ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ളയിനങ്ങളാണ്.
നല്ല നീര്‍വാര്‍ച്ചയും,സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്ത് മാത്രമേ കൃഷിക്ക് ഉപയോഗിക്കനാവു.
തടമെടുത്ത് രണ്ടടി താഴ്ചയില്‍ 5kg ചാണകപൊടി,1kg ആടിന്‍ കാഷ്ടം,250gm എല്ലുപൊടി, 200gm കുമ്മായം, 100gm ഉപ്പ് എന്നിവ മണ്ണുമായി കൂടി കലര്‍ത്തുക.
നാല് ഇല പ്രായമാകുമ്പോള്‍ രണ്ടാം വളപ്രയോഗം നടത്തുക. 100gm കടല പിണ്ണാക്ക് 100gm വേപ്പിന്‍ പിണ്ണാക്ക് 100gm മരോട്ടി പിണ്ണാക്ക് 2kg ചാരം എന്നിവ കലര്‍ത്തി ഇടുക.
മൂന്നാം വളപ്രയോഗം രണ്ടാം വളപ്ര- യോഗത്തിന് 10 ദിവസത്തിനു ശേഷം. 100gm കടല പിണ്ണാക്ക് 100gm വേപ്പിന്‍ പിണ്ണാക്ക് 100gm മരോട്ടി പിണ്ണാക്ക് 2kg ചാരം ½ kg ആട്ടിന്‍ കാഷ്ടം 2kg ചാണകപൊടി നാലാം വളപ്രയോഗം മൂന്നാം വളപ്രയോഗത്തിന് 15 ദിവസത്തിനു ശേഷം. തുടര്‍ന്ന് 15 ദിവസം കൂടുമ്പോള്‍ മേല്പറഞ്ഞ രീതിയില്‍ വളപ്രയോഗം നടത്തുക.
തക്കാളി ചെടികള്‍ ഒടിഞ്ഞു വീഴാതിരിക്കാന്‍ കമ്പുകള്‍ നാട്ടി വേലി കെട്ടി കൊടുക്കണം. തക്കാളി കൃഷി ചെയ്യുന്നതിന് ചുറ്റും ജമന്തി കൃഷി ചെയ്യുന്നത് നിമാവിരകളെ അകറ്റി നിര്‍ത്തും.
തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുമ്പോൾ വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിൻ്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ് ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.
തക്കാളി തൈകള്‍ നടുമ്പോൾ
കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.
രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും.തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ – ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ്. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുക.
Share your comments