കേരളത്തിലെങ്ങും കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ. ഇതിന്റെ കാണ്ഡം മൃദുവും അകം പൊള്ളയായതുമാണ്. തായ്ത്തടിയുടെ മുകൾ ഭാഗത്തോടു ചേർന്നാണ് കായ്കൾ ഉണ്ടാകുന്നത്. പപ്പായയുടെ ജന്മദേശം മെക്സിക്കോ ആണെന്നു കരുതപ്പെടുന്നു. വാഴ കഴിഞ്ഞാൽ ഏറ്റവും ഉത്പാദനക്ഷമതയുള്ള ഫലവർഗ്ഗമാണ് ഇത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ പപ്പായ വർഷം മുഴുവൻ കായ്സമൃദ്ധമായിരിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്.
കൃഷിരീതി
പപ്പായ വളർത്തുന്നതു വിത്തുകൾ പാകി മുളപ്പിച്ചാണ്. ആരോഗ്യമുള്ളതും കീടബാധയില്ലാത്തതുമായ പെൺപപ്പായയിൽ നിന്നാണ് വിത്തുകൾ ശേഖരിക്കേണ്ടത്. വിളവെടുത്തു കഴിഞ്ഞാൽ നാല്പത്തഞ്ചു ദിവസത്തിനുള്ളിൽ വിത്തുകൾ പാകാൻ ശ്രദ്ധിക്കണം. നിശ്ചിതസമയം കഴിഞ്ഞാൽ വിത്തുകൾക്കു ബീജാങ്കുരണശേഷി നഷ്ടമാകും. വിത്തുകൾ ഒരു ദിവസം വെള്ളത്തിൽ ഇട്ടിരുന്ന് അതിന്റെ പുറം തൊലി നീക്കം ചെയ്ത ശേഷം നടുന്നതു വേഗം മുളയ്ക്കാൻ സഹായിക്കും. ജിബറല്ലിക് ആസിഡ് 200 മില്ലിഗ്രാം / ലിറ്റർ എന്ന തോതിൽ ജലത്തിൽ ലയിപ്പിച്ച് ആ ലായനിയിൽ വിത്തുകൾ എട്ടു മണിക്കൂർ മുക്കിവയ്ക്കുന്നതു നല്ലതാണ്.
വിത്തുകൾ മുളച്ച് പാകത്തിനു വളർന്നു കഴിഞ്ഞാൽ 60:60:60 സെ.മി. വലിപ്പമുള്ള കുഴികളിൽ അടിസ്ഥാന വളം ചേർത്തു തൈകൾ പറിച്ചു നടാം. നീർവാർച്ചയുള്ള ചെളിയല്ലാത്ത മണ്ണാണ് പപ്പായ കൃഷിക്ക് ഏറ്റവും അനുയോജ്യം. കൂടുതൽ എണ്ണം നടുമ്പോൾ ചെടികൾ തമ്മിലും വരികൾ തമ്മിലും 2 മീറ്റർ അകലം സൂക്ഷിക്കണം. പെൺപൂക്കളും ദ്വിലിംഗ പുഷ്പങ്ങളും ഒരേ ചെടിയിൽ കാണുന്ന ഗൈനോഡയിഷ്യസ് ഇനങ്ങൾ തെരഞ്ഞെടുക്കുന്നതു നന്നായിരിക്കും. ഉദാ സൂര്യ, അർപ്രഭാത് എന്നിവ. കുള്ളൻ ഇനങ്ങളായ CO6, പൂസ ഡ്വാർഫ്, ചൂസ് നൻഹ എന്നിവ വിളവെടുക്കാൻ എളുപ്പമാണ്.
പപ്പായയിൽ കാർബോഹൈഡ്രേറ്റ്, ഭക്ഷ്യനാരുകൾ, പഞ്ചസാര, വിറ്റമിൻ എ, വിറ്റമിൻ ബി6, വിറ്റമിൻ സി, വിറ്റമിൻ ഇ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ദഹനത്തിനു സഹായിക്കുന്ന പപ്പായിൻ എന്ന രാസാഗ്നിയും അടങ്ങിയിട്ടുണ്ട്. മാമ്പഴം കഴിഞ്ഞാൽ ഏറ്റവും അധികം വിറ്റമിൻ എ അടങ്ങിയിട്ടുള്ള ഫലവർഗ്ഗമാണിത്.
ഔഷധമൂല്യം
പച്ച പപ്പായയുടെ കറ പുരട്ടിയാൽ ആണിരോഗം ശമിക്കും. പഴുത്ത പപ്പായ പതിവായിക്കഴിക്കുന്നത് ലൈംഗികശക്തി വർദ്ധിപ്പിക്കുന്നതിനു സഹായകമാണ്.
പച്ച പപ്പായ തിന്നുന്നത് ഉദരകൃമി നശിക്കാൻ നല്ലതാണ്.
വിശപ്പില്ലായ്മ ഇല്ലാതാക്കാൻ പപ്പായ സഹായിക്കുന്നു. . പപ്പായ സൂപ്പ് കഴിക്കുന്നതു ക്രമം തെറ്റിയ ആർത്തവം ക്രമപ്പെടുത്തുന്നതിനും ആർത്തവാനുബന്ധിയായ വേദന ഇല്ലാതാക്കുന്നതിനും നല്ലതാണ്.
വിറ്റമിൻ സിയുടെ സാന്നിദ്ധ്യത്താൽ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിന് പപ്പായ സഹായിക്കുന്നു.
രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുക വഴി ഹൃദ്രോഗസാധ്യത കുറയ്ക്കാൻ പപ്പായയ്ക്കു സാധിക്കുന്നു. അതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, ഭക്ഷ്യനാരുകൾ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവയാണ് ഈ സവിശേഷഗുണത്തിനു കാരണം.
നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പപ്പായ പതിവായിക്കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.
പ്രായാധിക്യംകൊണ്ട് ഉണ്ടാകുന്ന പേശികളുടെ അപചയത്ത തടയാൻ പപ്പായയിലെ വൈറ്റമിൻ എ സഹായിക്കുന്നു.
പപ്പായയിലടങ്ങിയിരിക്കുന്ന വിറ്റമിൻ സി, വൈറ്റമിൻ ഇ ആന്റി ഓക്സിഡന്റുകൾ, ബീറ്റാകുംതോട്ടിൻ എന്നിവ ത്വക്കിലുണ്ടാകുന്ന ചുളിവുകളെ തടയുന്നു.
പപ്പായയുടെ ഉപയോഗം ചർമ്മത്തെ ആരോഗ്യത്തോടെയും തിളക്കമുള്ളതായും സൂക്ഷിക്കുന്നു.
പപ്പായയിലടങ്ങിയിരിക്കുന്ന പപ്പായിൻ എന്ന രാസാഗ്നി ഭക്ഷനാരുകൾ എന്നിവ ദഹനത്തെ സഹായിക്കുകയും ദഹനേന്ദ്രിയവ്യൂഹത്തിന്റെ ആരോഗ്യം കാക്കുകയും ചെയ്യുന്നു.
പപ്പായനീര് തലയോട്ടിയിൽ പുരട്ടുന്നത് താരൻ കുറയ്ക്കാൻ സഹായിക്കും . പപ്പായയിലടങ്ങിയിരിക്കുന്ന വിറ്റമിൻ സി മാനസിക പിരി മുറുക്കം കുറയ്ക്കുന്നു.
പപ്പായയിലെ ബിറ്റാകരോട്ടിൻ കോളോൺ കാൻസർ, പ്രോസ്ട്രേറ്റ് കാൻസർ എന്നിവയ്ക്കെതിരെ സംരക്ഷണമേകുന്നു.
പപ്പായ ധാരാളം കഴിക്കുന്നതു മുടിക്ക് ആരോഗ്യവും തിളക്കവും കാതുണ്ടാക്കാൻ നല്ലതാണ്.
പച്ച പപ്പായ തോരൻ വച്ചും പുളിശ്ശേരി, സാമ്പാർ എന്നിവയിൽ ഒരു ഘടകമായി ചേർത്തും കഴിക്കാറുണ്ട്.
ഇറച്ചിക്കറിയിൽ പായക്കഷണങ്ങൾ ചേർക്കുന്നത് ഇറച്ചി എളുപ്പത്തിൽ വേകുന്നതിന് സഹായിക്കുന്നു.
Share your comments