 
            ദ്രുത വളർച്ചാസ്വഭാവമുള്ള ഓർക്കിഡാണ് ഏറിഡിസ് (Aerides). ഏഷ്യയുടെ ഉഷ്ണമേഖലാപ്രദേശങ്ങളിലും ബർമ്മ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ഇത് വളരെയധികം വളർന്നു കാണുന്നു. മരത്തിൽ വളരാനിഷ്ടപ്പെടുന്നു. 'ഏറിഡിസ്' എന്ന വാക്കിന്റെ അർത്ഥം "വായുവിന്റെ കുഞ്ഞ് (Child of the air) എന്നാണ്. ചൂടുള്ള കാലാവസ്ഥയിലും വളർന്ന് പുഷ്പിക്കും. വീതിയിലയൻ വാൻഡയോട് സാമ്യമുണ്ട്.
ഓർക്കിഡ് ചട്ടിയിലും തൂക്കുകൂടയിലും വളർത്താം. നല്ല കട്ടിയുള്ള പൂക്കൾ അടുത്തടുത്ത് വിടരുന്ന പൂങ്കുലകൾ ചെറുതാണ്. പൂക്കൾക്ക് വെള്ളയോ റോസോ പർപ്പിളോ നിറമാകാം. ചെടി വളരുന്നതനുസരിച്ച് താങ്ങ് നൽകണം. 70% സൂര്യപ്രകാശമാണ് ഏറിഡിസിനു വേണ്ടത്. ധാരാളം വായുവേരുകൾ ഉള്ളതിനാൽ ഉഷ്ണകാലത്ത് ഇടയ്ക്ക് നനച്ചുകൊടുക്കണം.
ഏറിഡിസ് ഫീൽഡിംഗി (ഏറിഡിസ് റോസിയ) ഇല പൊഴിയും കാടുകളിൽ സമൃദ്ധമായി വളരുന്ന ഇനമാണ്. വേനൽക്കാലത്തും വസന്ത കാലത്തും ഒരു പോലെ പുഷ്പിക്കുന്ന ഇവയുടെ പൂക്കൾ സുഗന്ധവാഹിയും മെഴുകു പുരട്ടിയതു പോലെയുള്ള ഇതളുകളുള്ളതുമാണ്. ഇവ നാലാഴ്ചയോളം നിലനിൽക്കും. ഓരോ പൂങ്കുലയിലും 20 മുതൽ 25 വരെ പൂക്കളുണ്ടാവും. തണുത്ത, തണലുള്ള കാലാവസ്ഥയിൽ വളരാനാണ് ഇവയ്ക്കിഷ്ടം.
ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ സുലഭമായി കാണുന്ന ഏറിഡിസ്കി സമുദ്രനിരപ്പിൽ നിന്ന് 800 മുതൽ 1200 വരെ മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്നു. പശ്ചിമഘട്ടങ്ങളിൽ കാണാം. 40 - 50 സെ.മീറ്റർ നീളമുള്ള പൂങ്കുലത്തണ്ടിൽ 20 - 25 വരെ സുഗന്ധവാഹിയായ പൂക്കൾ വിടരും. പൂങ്കുല നിവർന്നോ വളഞ്ഞോ കാണപ്പെടും. “കേൾഡ് ഏറിഡിസ്' എന്നും പേരുണ്ട്.
ഇന്ത്യയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ വനവൃക്ഷങ്ങളിൽ സുലഭമായി വളരുന്ന ഇനമാണ് ഏറിഡിസ് മാക്കുലോസി. ഇതിന്റെ ഇതളുകളിൽ നിറമുള്ള പുള്ളികൾ ഉള്ളതിനാൽ ഈ ഇനത്തിന് "സ്പോട്ടഡ് ഏറ്റിഡിസ്' എന്നും പേരുണ്ട്. 25 സെ.മീറ്ററോളം നീളമുള്ള പൂങ്കുലത്തണ്ടുകളിൽ സുഗന്ധവാഹിയായ പൂക്കൾ വിടരുന്നു. അത്യാകർഷകമായ നിറമുള്ള പൂക്കൾ നാലാഴ്ച വരെ കേടാകാതെ നിലനിൽക്കും. ജൂൺ - ജൂലായ് മാസമാണ് ഇവയുടെ പൂക്കാലം.
നിത്യഹരിതവനങ്ങളിലും ഉഷ്ണമേഖലയിലെ പുൽമേടുകളിലും വൃക്ഷക്കൊമ്പുകളിൽ വളർന്നുകാണുന്നു. ഇന്ത്യ, ശ്രീലങ്ക, ആൻഡമാൻ ദ്വീപുകളിൽ സാധാരണം. പൂങ്കുലത്തണ്ടിന് 20 സെ മീറ്ററോളം നീളം. ഇളം പർപ്പിൾ നിറമാണ് പൂക്കൾക്ക് സുഗന്ധമുണ്ട്. വലിപ്പത്തിൽ താരതമ്യേന ചെറുതാണ് ഏറിഡിസ് റിംഗൻസ്' എന്ന ഈ ഇനം. റിജിഡ് ഏറിഡിസ്' എന്നും പേരുണ്ട്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments