ഒന്നാം ക്ലാസുകാരൻ റയാന്റെകളികൂട്ടുകാരാണ് താറാവും കോഴിയും നായയുമൊക്കെ. ഇവൻ ഇവരോട് കൊഞ്ചിക്കുഴയുന്നതും ശകാരിക്കുന്നതുമൊക്കെ ആരും കൗതുകത്തോടെ നോക്കി നിന്നു പോകും.
സഹോദരി റോസിനാകട്ടെ പച്ചക്കറി കൃഷിയിലാണ് കമ്പം. വീട്ടുവളപ്പിൽ പാവലും തക്കാളി യും വെണ്ടയും ചീരയും പീച്ചിങ്ങയും പപ്പായയുമൊക്കെ നിറകണി സമ്മാനിക്കുമ്പോൾ റോസിന്റെ മുഖത്ത് സന്തോഷത്തിന്റെയും അതിലേറെ അഭിമാനത്തിന്റെയും നിഴലാട്ടം.
ചെടികളെ ആക്രമിക്കുന്ന കീടങ്ങളും പ്രതിവിധിയുമെല്ലാം റോസിന് നന്നായറിയാം.മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് റോസ്.സഹോദരൻ റയാൻ ഇതേ സ്കൂളിൽ ഒന്നാം ക്ലാസിലും പഠിക്കുന്നു.മികച്ച കുട്ടി കർഷകയ്ക്കുള്ള കൃഷി വകുപ്പി ന്റെ അവാർഡ് ലഭിച്ച താരമാണ് റോസ്.
കഞ്ഞിക്കുഴിയിലെ പച്ചക്കറി കർഷകനും സി പി ഐ എം ലോക്കൽ കമ്മറ്റി അംഗവുമായ സെബാസ്റ്റ്യന്റെയും സിഎംഎസ് സ്കൂളിലെ നഴ്സറി അധ്യാപിക അന്നമ്മയുടെയും മക്കളാ ണിവർ. സ്കൂളിലെ പച്ചക്കറി കൃഷിയിൽ ഈ ദമ്പതികളും പ്രധാന പങ്കുവഹിച്ചിരുന്നു.
വീട്ടിലെ കൃഷി കാണാനെത്തുന്നവർക്ക് പച്ചക്കറികൾ സമ്മാനിക്കുന്നതിലാണ് ഈ കുടുംബ ത്തിന്റെ സന്തോഷം. ടാങ്കുകളിൽ മീൻകൃഷി കൂടിയായപ്പോൾ സമ്മിശ്ര കർഷകരായി മാറുകയാണിവർ.ആദായത്തേക്കാൾ ഉപരി ഇവർക്ക് കൃഷി സമ്മാനിക്കുന്നത് ആനന്ദവും ആരോഗ്യവും.
ദേശീയപാതയിൽ കണിച്ചുകുളങ്ങര ജങ്ഷനു കിഴക്ക് നികർത്തിൽ വീട്ടിൽ താമസം. ഫോൺ: 7736509448.
തയ്യാറാക്കിയത് :കെ എസ് ലാലിച്ചൻ
Share your comments