സ്വാദിഷ്ടമായ ഒരു കായ്കറി, ബുദ്ധിശക്തി വർധിപ്പിക്കാനും മൂത്രാശയ രോഗങ്ങൾക്ക് പ്രതിവിധിയായും പ്രമേഹരോഗികൾക്ക് കൂവളത്തിലയോടൊപ്പവും നിത്യേന കഴിക്കേണ്ട സിദ്ധൗഷധമായും ഒരു പച്ചക്കറിവിളയെന്നതിലുപരി ഒരു ഉത്തമ ഗൃഹൗഷധിയായി കൂടി കുമ്പളം അറിയപ്പെടുന്നു. ഒരു സൗന്ദര്യദായക വസ്തുവെന്ന ബഹുമതി കൂടി കുമ്പളത്തിന് പ്രാചീനകാലം മുതൽക്കുണ്ട്. മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകളും അടയാളങ്ങളും മാറാൻ കുമ്പളങ്ങ കനംകുറച്ച് അരിഞ്ഞ് മുഖത്ത് പല ആവർത്തി തടവുക. മാത്രവുമല്ല, അകാല മുടികൊഴിച്ചിൽ തടയാൻ കുമ്പളങ്ങയും ക്യാരറ്റ് ജൂസും സേവിച്ചാൽ മതിയത്രേ.
നടീൽ കാലം
ജലസേചനം നടത്താൻ സൗകര്യമുള്ള സ്ഥലങ്ങളിൽ മേയ്-ജൂൺ മാസം കൃഷിയിറക്കാം. ഒന്നോ രണ്ടോ മഴ ലഭിക്കുന്ന മുറയ്ക്ക് കൃഷി പണി കൾ ആരംഭിക്കാം. മഴ ആശ്രയിച്ചും കൃഷി ചെയ്യാവുന്ന ഒരു വിളയാണ് കുമ്പളം, ജനുവരി മുതൽ മാർച്ച് മാസംവരെയും സെപ്റ്റംബർ-ഡിസംബർ എന്നീ മാസങ്ങളിലും ജലസേചനത്തോടൊപ്പം കൃഷി ചെയ്യാം.
ഇനങ്ങൾ
ഇടത്തരം വലിപ്പമുള്ള നാടൻ ഇനങ്ങളാണ് ധാരാളം കൃഷിയിറക്കുന്നത്. തമിഴ്നാട് സർവകലാശാല വികസിപ്പിച്ചെടുത്ത കോ-1 എന്ന ഇനം നാടൻ കുമ്പളവുമായി യാതൊരു സാമ്യവുമില്ല. വലിപ്പമേറിയ ഒരിനമാണ്. ഏതാണ്ട് അഞ്ചുമാസത്തോളം മൂപ്പുണ്ട്. ഹെക്ടറൊന്നിന് 25 ടൺ പരമാവധി വിളവു തരും. മറ്റൊരിനമാണ് കോ-2. ഈ ഇനം നാടൻ കുമ്പളവുമായി സാമ്യമുണ്ട്. പക്ഷേ, ഭാരം ഒന്നര മുതൽ മൂന്നു കിലോഗ്രാം വരെയുണ്ടാകും. കോ-1 നെ അപേക്ഷിച്ച് 25 ദിവസത്തോളം മൂപ്പ് കുറയും. എങ്കിലും ഉൽപ്പാദനം സാഹചര്യങ്ങളൊത്താൽ 30-35 ടൺ വരെ ലഭ്യമാകും. ആന്ധ്രാപ്രദേശ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത എ.പി.എ. യു ശക്തി എന്ന ഇനം 150 ദിവസ മൂപ്പുണ്ട്.
കുഴി തയാറാക്കലും നടീലും
60 സെ.മീ. നീളം, വീതിയിൽ അരമീറ്റർ താഴ്ചയിലുള്ള കുഴികളാണ് കുമ്പളം കൃഷിചെയ്യാൻ തയാറാക്കേണ്ടത്. മേൽമണ്ണും അഴുകിപ്പൊടിഞ്ഞ കാലിവളവും ചേർത്ത് കുഴി നിറയ്ക്കുക. ഒരു കുഴിയിൽ നാലോ അഞ്ചോ കുമ്പളവിത്തുകൾ കുത്തുക. നടീലിനു മുൻപ് വിത്ത് ചുരുങ്ങിയത് അഞ്ചു മണിക്കൂർ സമയം വെള്ളത്തിൽ കുതിർക്കുന്നത് മുള പൊട്ടി വിടരാൻ സഹായിക്കും. നാലില പ്രായമെത്തിയാൽ പുഷ്ടിയായി വളരുന്ന രണ്ടു തൈ മാത്രം ഒരു കുഴിയിൽ നിർത്തി പരിപാലിക്കുക. രണ്ടു കുഴികൾ തമ്മിൽ 4 മീറ്റർ അകലം ക്രമീകരിക്കണം.
വളപ്രയോഗം
അടിസ്ഥാനവളമായി കുഴിയൊന്നിന് നാലു കിലോ ഉണങ്ങി പൊടിഞ്ഞ കാലിവളം ഒരു കിലോ ചാരവുമായി കൂട്ടിയിളക്കി മേൽമണ്ണിൽ ചേർത്തിളക്കുന്നു. വള്ളി വീശിത്തുടങ്ങുന്നമുറയ്ക്ക് കുഴിയൊന്നിന് രണ്ടു കിലോ മണ്ണിരകമ്പോസ്റ്റ് വിതറി തടം കോരി മണ്ണ് അടുപ്പിക്കുക. ഇതേ പരിചരണം രണ്ടാഴ്ചയ്ക്കു ശേഷം ആവർത്തിക്കുക. വള്ളിത്തലപ്പുകൾ ഓടിതുടങ്ങുന്ന മുറയ്ക്ക് പൂക്കൾ പ്രത്യക്ഷപ്പെട്ടുതുടങ്ങും. ഈ അവസരത്തിൽ മണ്ണ് അടുപ്പിച്ച് തടം കാണിക്കുകയും ചെയ്യേണ്ടതുണ്ട്. .
ഒപ്പം കളയെടുപ്പും രണ്ടാം മേൽവളപ്രയോഗത്തിന്റെ അതേ അളവിൽ ഒരു വളം വയ്പ്പുകൂടി നടത്തുക. ജലസേചനം വളർച്ചാ ശൈലി നിരീക്ഷണം എന്നിവ സാഹചര്യത്തിന് അനുസൃതമായി നടത്തണം. പൂവിട്ട് കായ്ക്കൊള്ളുന്ന അവസരത്തിൽ മണ്ണിന് നനവുവേണം. പൂവിട്ട് കായ്ക്കൊള്ളുന്ന അവസരം നിലത്ത് “മൊളി ഓലകൾ കൊണ്ട് മണ്ണ് മറയ്ക്കുന്നത് കുമ്പളതലക്കങ്ങൾക്ക് പടർന്നു കയറി കായ് നീരത്താൻ സഹായകരമാണ്. വള്ളി വീശുന്നമുറയ്ക്കു തന്നെ ഈ പരിചരണം നടത്താം.
Share your comments