പച്ചക്കറികളുടെ കൂട്ടത്തിൽ ഇന്ന് പ്രകൃതി ചികിത്സയിൽ ഒഴിച്ചുകൂടാനാകാത്ത വിധം കുമ്പളം വളർന്നിരിക്കുന്നു.
നിലമൊരുക്കലും നടീലും വരികൾ തമ്മിൽ രണ്ടു മീറ്ററും വരിയിൽ ചെടികൾ തമ്മിൽ രണ്ടരമീറ്ററും ഇടയകലം നൽകി വേണം കുഴികൾ എടുക്കാൻ രണ്ടടി വലിപ്പവും ഒന്നര അടി ആഴവും ഉള്ള കുഴികളെടുത്ത് ചാണകപ്പൊടി 100 ഗ്രാം, കമ്പോസ്റ്റ് 100 ഗ്രാം ഉണക്കയില എന്നിവ അടിവളമായി നൽകി മൂടിയ ശേഷം രണ്ടു മൂന്നു വിത്തുകൾ വീതം ഓരോ കുഴിയിലും പാകാവുന്നതാണ്. മുളച്ച് 3 ആഴ്‌ച കഴിയുമ്പോൾ നല്ല ആരോഗ്യമുള്ള 2 തൈകൾ ഒഴിച്ച് ബാക്കിയുള്ളവ ഒഴിവാക്കാം.
വളങ്ങളും കീടനിയന്ത്രണികളും
തൈ നട്ട് പത്താം ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പത്ത് ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് വളർച്ചയ്ക്ക് നല്ലതാണ്.
ചെടികളിൽ രോഗമോ കീടമോ വരുന്നതുവരെ ജൈവകീട നിയന്ത്രണി ഉപയോഗിക്കാൻ കാത്തിരിക്കരുത്. ചെടി നട്ട് ഒരു നിശ്ചിത ദിവസത്തിലൊരിക്കൽ (അതായത് ചെടി നട്ട് ഏഴാം ദിവസം വളം നൽകുകയാണെങ്കിൽ പത്താം ദിവസം കീടനിയന്ത്രണി പ്രയോഗിക്കാം.) ഇങ്ങനെ ഇവ പത്ത് ദിവസം ഇടവിട്ട് പ്രയോഗിക്കുന്നത് രോഗകീടങ്ങൾ വരുന്നത് തടയാൻ നല്ലതാണ്.
അതിനായി വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 100 മില്ലി 12 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ അടിയിലും മുകളിലുമായി വരത്തക്ക രീതിയിൽ തളിക്കുക.
അല്ലെങ്കിൽ ഗോമൂത്രം കാന്താരി മിശ്രിതം പത്ത് മടങ്ങ് വെള്ളം ചേർത്ത് തളിക്കാം.
വിളവെടുപ്പ്
ഇളം പ്രായത്തിലും കായ്‌കൾ കറികൾക്ക് വേണ്ടി വിളവെടുക്കാം. സാധാരണയായി വിത്തുപാകി മൂന്നു മാസം എത്തിയാൽ ആദ്യ വിളവെടുക്കാം. എന്നാൽ കായ്കൾ അധിക നാൾ സൂക്ഷിച്ചുവെയ്ക്കണമെങ്കിൽ നല്ലതു പോലെ വിളഞ്ഞ് മൂത്തശേഷം പറിക്കുക.
വിത്തുശേഖരണം
രോഗകീടാക്രമണങ്ങളും പിടിപെടാത്തതും നല്ല ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളിൽ നിന്നുള്ള കായ്‌കൾ ചെടിയിൽ തന്നെ നിർത്തി വള്ളികൾ നന്നായി ഉണങ്ങിയ ശേഷം കായ്‌കൾ അടർത്തി വിത്തിനായി എടുക്കാവുന്നതാണ്.
Share your comments