ചെറുധാന്യങ്ങളിലെ വിശേഷ ഇനമാണ് ബജ്റ. മുത്തിന്റെ ആകൃതിയിലുള്ള ഈ വിള ചെറുധാന്യങ്ങളിലെ മുത്താണ്. അപൂരിത കൊഴുപ്പുകൾ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ്. ഇരുമ്പ് സത്ത്, സിങ്ക്, ഭക്ഷ്യനാര്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നവുമാണ്.
തണുപ്പ് കാലത്ത് ശരീര ഊഷ്മാവു നിയന്ത്രിക്കുന്നതിനുവേണ്ടി ബജ്റ കഴിക്കുന്നത് നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ ഒരു ശീലം തന്നെയാണ്. വെള്ളക്കെട്ടില്ലാത്ത എല്ലാതരം പ്രദേശങ്ങളും ഈ വിളയുടെ കൃഷിക്ക് അനുയോജ്യമാണ്. ഒന്നോ രണ്ടോ പ്രാവശ്യം നിലം ഉഴുതുമറിച്ച്, കട്ടകൾ ഉടച്ച്, മണ്ണ് പരുവപ്പെടുത്തിയെടുക്കണം.
പ്രധാനമായും സങ്കരയിനങ്ങളാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. എന്നിരുന്നാലും വരണ്ട പ്രദേശങ്ങളിൽ സാധാരണ ഇനങ്ങൾ അധികമായി കൃഷി ചെയ്തു വരുന്നു. സങ്കര ഇനങ്ങളായ കാവേരി സൂപ്പർ ബോസ്, പ്രതാപ്, CO-9, ഷൈൻ, MP-7792, PA-C 909, നാടൻ ഇനങ്ങളായ PC612, സമൃദ്ധി, രാജ് 171 എന്നിവ കൃഷി ചെയ്യാം. നിരപ്പായ പ്രദേശത്തോ, വരമ്പും ചാലും കോരിയോ, വീതിയേറിയ തവാരണയും ചാലും എടുത്ത് വിത്തു വിതയ്ക്കാവുന്നതാണ്. മഴയുടെ ആരംഭത്തോടു കൂടി നിലമൊരുക്കി വിത ആരംഭിക്കുന്നു.
വേനൽകാല വിളയ്ക്ക് ജനുവരി അവസാന ആഴ്ചയോ ഫെബ്രുവരി ആദ്യ ആഴ്ചയോ ആണ് വിതയ്ക്കുന്നതിന് അഭികാമ്യം. വിത്തിൽ അസോസറില്ലം, ഫോസ് ഫോബാക്ടർ തുടങ്ങിയ ജീവാണു വളപ്രയോഗം നൈട്രജൻന്റെയും ഫോസ്ഫറസ്സിന്റെയും ലഭ്യത വർദ്ധിപ്പിക്കുന്നു. ഹെക്ടറൊന്നിന് 30 കിലോഗ്രാം വരെ വിത്തു മതിയാകും.
നടീൽ അകലം വരികൾ തമ്മിൽ 45 മുതൽ 60 സെന്റിമീറ്ററായും ചെടികൾ തമ്മിൽ 10 മുതൽ 15 സെന്റി മീറ്ററായും നിജപ്പെടുത്തിയിരിക്കുന്നു. മണ്ണിന്റെയും, കാലാവസ്ഥയുടെയും, ജല ലഭ്യതയുടെയും അടിസ്ഥാനത്തിൽ ഹെക്ടറൊന്നിന് 90,000 മുതൽ 2,25,000 വരെ ചെടികൾ നിലനിറുത്താവുന്നതാണ്.
അടിവളമായി 60 കിലോഗ്രാം നൈട്രജനും 30 കിലോഗ്രാം ഫോസ്ഫറസും നൽകണം. നൈട്രജൻ രണ്ട് തുല്യ ഗഡുക്കളായി അടിവളമായും, വിതച്ച് ഒരു മാസം കഴിഞ്ഞും പ്രയോഗിക്കുന്നതാണ് ഉത്തമം. മേൽ വള പ്രയോഗത്തിനു മുമ്പ് ഇടയിളക്കലും, കളനാശീകരണവും നടത്തണം.
Share your comments