വിത്തുതൈകളാണ് സാധാരണ നടാറ്. സെപ്തംബർ-ഒക്ടോബർ മാസത്തിൽ വിത്ത് ശേഖരിക്കണം. ഉടനെ പാകുന്നതാണ് നല്ലത്. 60 സെ.മീ. സമചതുരത്തിലുള്ള കുഴികളിൽ 3 മീറ്റർ അകലത്തിൽ തൈകൾ നടാം. പ്രത്യേക പരിചരണമൊന്നും ഇതിനാവശ്യമില്ല.
ജൂൺ മുതൽ ആഗസ്റ്റു വരെയാണ് കായ്കൾ ധാരാളമുണ്ടാവുക. ഇവയെ സംസ്കരിച്ച് കറച്ചുവ മാറ്റണം. ഇതിന് മൂപ്പെത്തിയ കായ്കൾ നെടുകെ കീറി ഉള്ളിലെ കുരു മാറ്റേണ്ടതുണ്ട്. 15 ഗ്രാം ചുണ്ണാനി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വച്ചശേഷം അതിന്റെ തെളിയെടുക്കണം. ഒരു ലിറ്റർ തെളിയിൽ 80 ഗ്രാം എന്ന തോതിൽ ഉപ്പ് ചേർക്കേണ്ടതുണ്ട്. ഈ ലായനിയിൽ കായ്കൾ 8 മണിക്കൂർ ഇട്ടു വയ്ക്കണം.
കറ വേർതിരിഞ്ഞു മാറിയശേഷം കായ്കളെടുത്ത് നന്നായി നാലഞ്ചു തവണ കഴുകേണ്ടതുണ്ട്. ഇവയെ തുണിയിൽ കിഴികെട്ടി തിളയ്ക്കുന്ന വെള്ളത്തിൽ 5 മിനിട്ട് മുക്കിപ്പിടിക്കണം. കായ്കൾ മൃദുവാക്കാനാണ് ഈ പ്രയോഗം.
ഇങ്ങനെ മൃദുവായ കായ്കളെ കാൻഡിയുണ്ടാക്കാൻ ഉപയോഗിക്കാം. അരകിലോഗ്രാം പഞ്ചസാര ഒരു ലിറ്റർ വെള്ളത്തിലിട്ട് ലയിപ്പിക്കുക. ഇതിൽ കായ്കളിട്ട് 2 മിനിട്ട് തിളപ്പിക്കണം. ഇതിൽ 'എറി ത്രോസിൻറെഡ്' എന്ന നിറം ഒരു നുള്ളിടുക. കായ്കൾക്ക് ചുവപ്പു നിറം പകരാനാണിത്. തുടർന്ന് പാത്രം വാങ്ങി കായ്കൾ അതിൽ തന്നെ ഇട്ടുവയ്ക്കണം. അടുത്ത ദിവസം കായ്കൾ മാറ്റിയശേഷം പഴയ പഞ്ചസാര ലായനിയിൽ 100 ഗ്രാം പഞ്ചസാര കൂടി ചേർത്ത് തിളപ്പിച്ച് കായ്കൾ വീണ്ടുമിടുക.
അഞ്ചാറു ദിവസം ഈ പ്രക്രിയ ആവർത്തിക്കണം. ഇതോടെ കായ്കൾ പഞ്ചസാരയിൽ പൂരിതമാകും. ഇവയെ മാറ്റി വെയിലത്തുണക്കി സിറപ്പിൽ സൂക്ഷിക്കാം. സിറപ്പുണ്ടാക്കാൻ മുക്കാൽ കിലോഗ്രാം പഞ്ചസാര, 5 ഗ്രാം സിട്രിക്ക് ആസിഡ്, ഒരു നുള്ള് പൊട്ടാസ്യം മെറ്റാബൈസൾഫേറ്റ് എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ അലിയിപ്പിച്ച് തിളപ്പിക്കണം. ഇങ്ങനെ സംസ്കരിച്ച് ചെറി പ്ലാസ്റ്റിക്ക് കവറിൽ സീലു ചെയ്ത് വിൽക്കാം
Share your comments