മരച്ചീനി ഇലയിൽ ജൈവകീടനാശിനി നിർമിക്കുന്നതിന് ശ്രീകാര്യം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചു. ശ്രീകാര്യം കേന്ദ്ര കിഴങ്ങുവർഗഗവേഷണകേന്ദ്രത്തിലെ വിളസംരക്ഷണ വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി.എ. ജയപ്രകാശിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത നന്മ, മേന്മ, ശ്രേയ എന്നീ കീടനാശിനികൾക്കാണ് ദേശീയ പേറ്റന്റ് ഏജൻസിയുടെ അംഗീകാരം ലഭിച്ചത്. കീടനാശിനികൾ വേർതിരിക്കുന്നതിനുള്ള പ്രക്രിയയ്ക്കും ഉപകരണത്തിനുമാണ് പേറ്റന്റ് ലഭിച്ചത്.
2008 മുതലാണ് കണ്ടുപിടിത്തത്തിനായുള്ള ശ്രമം ആരംഭിച്ചത്. 2012ൽ പേറ്റന്റിനായി അപേക്ഷിച്ചു. പച്ചക്കറികളിലെ കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുന്നതാണ് ഈ കീടനാശിനികൾ. വാഴ കൃഷിയെ ബാധിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളതാണ് 'മേന്മ' എന്ന കീടനാശിനി. സംസ്ഥാനത്തൊട്ടാകെയുള്ള വാഴ തോട്ടത്തിലെ തടതുരപ്പൻ പുഴുവിനെതിരെ ഇവ പ്രയോഗിച്ചപ്പോൾ നല്ലരീതിയിൽ പ്രതിരോധിക്കാനായി.
പച്ചക്കറികളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ കഴിവുള്ളവയാണ് ശ്രേയയും', 'നന്മയും'. മുഞ്ഞ, ഇലപ്പേൻ, ശൽക്കകീടങ്ങൾ നിയന്ത്രിക്കൻ 'നന്മ' 5 മുതൽ 7 മില്ലി വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതിയാകും.
മരച്ചീനി (Tapioca) ഇലയിൽ നിന്ന് ജൈവ കീടനാശിനി (Organic pesticide from Tapioca leaf)
ഡോ. സി.എ. ജയപ്രകാശിന് പുറമേ ഡോ. സി.കെ. പീതാംബരൻ, പ്രൊഫ. പി. രഘുനാഥ് എന്നിവരും ഗവേഷണ വിദ്യാർത്ഥികളായ ജീത്തു കൃഷ്ണൻ, ശ്രീരാഗ്, രാകേഷ്, അജേഷ് എന്നിവരുമാണ് കണ്ടുപിടിത്തതിന് പിന്നിൽ. വി.എസ്.എസ്.ഇയാണ് സാങ്കേതിക സഹായം നൽകിയത്. കേരള സർക്കാർ സംരംഭമായ കെ.എസ്.സി.എസ്.ടി.ഇ സാമ്പത്തിക സഹായം നൽകി. മുംബായിലെ ബാബ ആറ്റോമിക് റിസർച്ച് സെന്ററുമായി സഹകരിച്ച്, മരച്ചീനി ഇലകളിൽ നിന്നും മറ്റു ജൈവ കണങ്ങളെ വേർതിരിച്ചെടുക്കുന്നതിന്റെ ഗവേഷണത്തിലാണ് ഡോ.ജയപ്രകാശും സംഘവും. പേറ്റന്റ് ലഭിച്ചതോടെ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനാണ് സി.ടി.സി.ആർ.ഐയുടെ തീരുമാനം.
Share your comments