വാഴ നട്ട് 3-32 മാസം വരെ ചീര, പയർ, തുടങ്ങിയവ പച്ചക്കറികൾ ഇടവിളയായി കൃഷിചെയ്യാവുന്നതാണ്. വിളകൾക്കായി പ്രത്യേകം വളപ്രയോഗം - പരിചരണമുറകൾ അവലംബിക്കേണ്ടതാണ്.
കന്ന് നിയന്ത്രണം
കുല വരുന്നതിന് മുമ്പുള്ള കന്നുകൾ നശിപ്പിക്കുന്നത് കുലയുടെ വലിപ്പവും തൂക്കവും വർദ്ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. കുല വന്നതിന് ശേഷം വരുന്ന രണ്ടോ മൂന്നോ കന്നുകൾ മാത്രം ചുവട്ടിൽ വളരാൻ അനുവദിക്കുന്നതാണ് നല്ലത്. ഇതിനായി വളർന്നു വരുന്ന കന്നുകൾ ചവിട്ടി നശിപ്പിച്ചോ, 'V' ആകൃതിയിൽ മുറിവുണ്ടാക്കി 2 തുളളി മണ്ണെണ്ണ ഒഴിച്ചോ വാഴക്കന്നിന്റെ വളർച്ച നശിപ്പിക്കണം.
മറ്റ് പരിചരണ മുറകൾ
വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കണം (ഉണങ്ങിയ ഇലകളും മറ്റും മുറിച്ച് മാറ്റുക).
കുലയ്ക്കാറായ വാഴകൾക്ക് ഊന്ന് നല്കേണ്ടത് അത്യാവശ്യമാണ്. മുള , തേക്ക് , കാറ്റാടികഴകൾ തുടങ്ങിയവ താങ് നല്കുന്നതിനായി ഉപയോഗിക്കാം. ചിലയിടങ്ങളിൽ കയറുപയോഗിച്ച് വാഴകൾ കുറ്റിയിലേക്ക് പിടിച്ച് കെട്ടിയും സംരക്ഷിക്കാറുണ്ട്. -
കുല വിരിഞ്ഞതിനു ശേഷം കൂമ്പ്, കുടപ്പൻ ഒടിച്ച് കളയണം. ഇത് കായുടെ വലിപ്പം കൂടുന്നതിന് സഹായിക്കും.
കുല പൊതിഞ്ഞു കെട്ടുന്നത് കായ്ക്ക് ദൃഢതയും മുഴുപ്പും നിറവും നൽകുന്നു.
വേനൽക്കാലത്ത് ജലസേചനം
വേനൽക്കാലത്ത് ജലസേചനം അത്യന്താപേക്ഷിതമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ വാഴയൊന്നിന് 40 ലിറ്റർ വെളളമെന്ന തോതിൽ നൽകണം. പ്രധാനമായും വാഴത്തടങ്ങളിൽ നനയ്ക്കുന്ന രീതിയാണ് കർഷകർ അവലംബിക്കുന്നത്. ജലദൗർലഭ്യമുളള ഇടങ്ങളിൽ കണിക ജലസേചനവും അനുവർത്തിക്കാവുന്നതാണ്. വാഴത്തടങ്ങളിൽ ഉണങ്ങിയ പുല്ല്, പകിരിച്ചോറ്, പായൽ ഇവ ഉപയോഗിച്ച് പുതയിടുന്നത്. ഈർപ്പം നഷ്ടപ്പെടാതിരിക്കുന്നതിനും നനയുടെ ആവർത്തി കുറയ്ക്കുന്നതിനും സഹായിക്കും.
Share your comments