ഷുഗർബിറ്റ്, ടേബിൾബീറ്റ്, റെഡ് ബീറ്റ് എന്നെല്ലാം അറിയപ്പെടുന്ന ബീറ്റ്റൂട്ട് ലോകത്താകമാനമുള്ള ജനങ്ങൾക്കു പത്ഥ്യമാണ്. സസ്യത്തിന്റെ താരും ഇലകളും ആഹാരമായി ഉപയോഗിക്കാറുള്ള ഈ സസ്യം ഒരു കളറിങ് ഏജന്റായും ഉപയോഗിക്കാറുണ്ട്. പൊതുവേ ഒരു ശീതകാല വിളയായി വളരുന്ന ഇത് അത്യുഷ്ണവും അതിശൈത്യവും ഉള്ള സ്ഥലങ്ങളിൽ വളരാറില്ല.
പൂർണ്ണമായ ജീവിതചക്രത്തിന് ഇതു രണ്ടു വർഷമെടുക്കാറുണ്ട്. നാം സാധാരണയായി ഉപയോഗിക്കുന്ന ഭാഗം ബീറ്റ്റൂട്ടിന്റെ താരാണ്. ഇതിന്റെ ചുവപ്പുനിറത്തിനു കാരണം അതിലടങ്ങിയ ആന്തോസയാനിൻ വർണ്ണകമാണ്.
15 മുതൽ 25 വരെ ഡിഗ്രി ചൂടുള്ള കാലാവസ്ഥയും നനവും വളക്കൂറുമുള്ള ഇളക്കമുള്ള മണ്ണുമാണ് ബീറ്റ്റൂട്ട് കൃഷിക്കു പറ്റിയത്. മണ്ണിന്റെ പി എച്ച് മൂല്യം 6-7 ആയിരിക്കണം. നല്ല സൂര്യപ്രകാശമുള്ള സ്ഥലമാണു തെരഞ്ഞെടുക്കേണ്ടത്. വിത്തുകൾ നട്ടാണ് പുതിയ സസ്യങ്ങൾ ഉത്പാദിപ്പിക്കുന്നത്. 30 സെ.മീ. അകലത്തിൽ തടങ്ങൾ കോരി അതിൽ ആണ് വിത്തുകൾ പാകേണ്ടത്. തടങ്ങളിലെ കല്ലും കട്ടയും നീക്കം ചെയ്യണം. ഹെക്ടറിന് 6-7 കി ഗ്രാം എന്ന നിരക്കിൽ വിത്തുകൾ പാകാം.
വിത്തുകൾ പാകിക്കഴിഞ്ഞാൽ നന്നായി നനച്ചു കൊടുക്കണം. വിത്തുകൾ മുളച്ച് 2 സെ.മീ. നീളം എത്തിക്കഴിഞ്ഞാൽ ആരോഗ്യം കുറഞ്ഞവയെ മെല്ലെ പറിച്ചു നീക്കണം. ചെടികൾക്കിടയിൽ ഏകദേശം 12-15 സെമീ അകലം നിലനിർത്തണം. ചെടികൾക്കിടയിലെ കളകളും നീക്കം ചെയ്യണം. ചെടികൾ വളർന്നു തുടങ്ങിയാൽ മിതമായതോതിലേ നന പാടുള്ളു. കമ്പോസ്റ്റ്, ചാണകപ്പൊടി. മറ്റു ജൈവവളങ്ങൾ എന്നിവ ചേർത്തുകൊടുക്കണം. വിത്തു പാകി എട്ട് ആഴ്ചയാകുമ്പോൾ വിളവെടുക്കാൻ പാകമായിത്തുടങ്ങും. ബീറ്റ്റൂട്ടിന് 7.5 സെ.മി വ്യാസം എത്തിക്കഴിഞ്ഞാൽ വിളവെടുകാം.
Share your comments