<
  1. Organic Farming

സസ്യസംരക്ഷണത്തിന് 10 മിത്രങ്ങള്‍

മിത്ര സൂക്ഷ്മാണുകുമിളുകളെ കേരള കാര്‍ഷിക സര്‍വകലാശാല വിവിധ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍ വഴി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നു.

KJ Staff
മിത്ര സൂക്ഷ്മാണുകുമിളുകളെ കേരള കാര്‍ഷിക സര്‍വകലാശാല വിവിധ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍ വഴി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നു.

ട്രൈക്കോഡെര്‍മ കൂട്ടസമ്പൂര്‍ണ ജൈവകൃഷിയിലേക്ക് ചുവടുമാറ്റം നടത്താനൊരുങ്ങുന്ന കേരളത്തിന് സസ്യസംരക്ഷണത്തിന് അനുയോജ്യമായ 10 മിത്രസൂക്ഷ്മാണു കുമിളുകള്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ  മണ്ണില്‍നിന്നുതന്നെ കണ്ടെത്തിയാണ് കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയത്.

സ്യൂഡോമോണസ് ഫ്‌ലൂറസെന്‍സ്: ഉപദ്രവകാരികളായ ബാക്ടീരിയകളെയും കുമിളുകളെയും നശിപ്പിക്കുന്ന മിത്രബാക്ടീരിയയാണിത്.  മണ്ണില്‍ ചെടിയുടെ വേരുപടലം കേന്ദ്രീകരിച്ചു കാണാം. ശത്രുനാശിനി മാത്രമല്ല സസ്യവളര്‍ച്ച ത്വരപ്പെടുത്തുന്ന വിവിധ ഹോര്‍മോണുകളും ഇത് നിര്‍മിക്കും. നെല്ലിന്റെ പോളരോഗം, കുലവാട്ടം, പോളകരിച്ചില്‍, കുരുമുളകിന്റെ ദ്രുതവാട്ടം, പൊഞ്ജ, ഇഞ്ചിമഞ്ഞള്‍ അഴുകല്‍, വെറ്റയുടെ ഇലപ്പുള്ളി അഴുകല്‍, പച്ചക്കറി കുമിള്‍ബാധ എന്നിവയെല്ലാം നിയന്ത്രിക്കും.

ട്രൈക്കോഡെര്‍മ: ചങ്ങാതിക്കുമിള്‍. വിവിധ ശത്രുകുമിളുകളെ നശിപ്പിക്കും. ഇത് അതിവേഗം വളര്‍ന്ന് ശത്രുകുമിളിന്റെ പുറത്ത് പറ്റിപ്പിടിച്ച് അവയെ പൂര്‍ണമായി നശിപ്പിക്കും.  ഒരു കിലോ ട്രൈക്കോഡെര്‍മ, 10 കിലോ വേപ്പിന്‍പിണ്ണാക്ക്, 100 കിലോ ഉണക്കിപ്പൊടിച്ച ചാണകം എന്നിവ  ചേര്‍ത്ത് കൂനകൂട്ടി നനഞ്ഞ ചാക്കിട്ടുമൂടി രണ്ടാഴ്ച കഴിഞ്ഞ് ആവശ്യത്തിന് പ്രയോഗിക്കാം.

പി.ജി.പി.ആര്‍1: സസ്യവളര്‍ച്ചാ സഹായിയായ റൈസോ ബാക്ടീരിയ. രോഗസാധ്യത കുറയ്ക്കുന്നു, പോഷകാഗിരണം വര്‍ധിപ്പിക്കുന്നു, കുമിള്‍ബാക്ടീരിയല്‍രോഗങ്ങളെ നിയന്ത്രിക്കുന്നു, ശത്രുകീടങ്ങളെ നിയന്ത്രിക്കുന്നു.

പി.ജി.പി.ആര്‍.2: സസ്യവളര്‍ച്ചാ സഹായിയായ സൂക്ഷ്മാണുകൂട്ടായ്മ. രോഗസാധ്യത കുറച്ച് സസ്യവളര്‍ച്ച മെച്ചപ്പെടുത്തുന്നു.

അസോസ്‌പൈറില്ലം: നൈട്രജന്‍ തരുന്ന ഒരിനം ബാക്ടീരിയ. നെല്ല്, തെങ്ങ്, കുരുമുളക്, റബ്ബര്‍, വാഴ, പച്ചക്കറികള്‍ എന്നിവയുടെ വിളവ് വര്‍ധിപ്പിക്കും. ചെടികളുടെ വേരിലും പരിസരത്തും ഇവ വളരും. സസ്യങ്ങള്‍ക്ക് കരുത്തുനല്‍കുന്ന ചില േഹാര്‍മോണുകളും ഇവ നല്‍കും.

അസറ്റോബാക്ടര്‍: മണ്ണില്‍ സ്വതന്ത്രമായി വളരാനും അന്തരീക്ഷ നൈട്രജനെ അമോണിയയാക്കി മാറ്റാനും കഴിവുള്ള മിത്ര ബാക്ടീരിയ. നൈട്രജനുപുറമേ സസ്യവളര്‍ച്ച ത്വരപ്പെടുത്തുന്ന ഇന്‍ഡോള്‍ അസറ്റിക് ആസിഡ്, ജിബറലിക് ആസിഡ്, ജീവകം ബി എന്നിവയും നല്‍കും. ഉപദ്രവകാരികളായ  കുമിള്‍വളര്‍ച്ച തടയും. നെല്ല്, കരിമ്പ്, വഴുതന, തക്കാളി എന്നിവയ്ക്ക് വിളവ് വര്‍ധിപ്പിക്കും.

മൈക്കോറൈസ: സസ്യങ്ങള്‍ക്ക് ഉപകാരികളായ ചില കുമിളുകള്‍ അവയുടെ വേരിനുള്ളിലും പുറത്തും അഭേദ്യമായ ബന്ധത്തില്‍ കഴിയുന്നു. ഈ  സൗഹൃദബന്ധമാണ് 'മൈക്കോറൈസ'. സസ്യവളര്‍ച്ച ത്വരപ്പെടുത്തുക, കീടരോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങി വിവിധ ഉപയോഗങ്ങളുണ്ട്. വേരുകളെ ഉപദ്രവകാരികളായ കുമിളുകളില്‍നിന്ന് രക്ഷിക്കുന്നു.

റൈസോബിയം: പയര്‍ചെടികളുടെ വേരുമുഴയില്‍ താമസിക്കുന്ന ബാക്ടീരിയ. ഇവ അന്തരീക്ഷ നൈട്രജന്‍ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന അമോണിയ നൈട്രജനാക്കി മാറ്റും. മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കും.

ഫോസ്ഫറസ് ദായക ബാക്ടീരിയകള്‍: ചെടികള്‍ക്ക് കായ്ക്കാനും ഫലംതരാനും വേണ്ടുന്ന ഫോസ്ഫറസ് ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കി മാറ്റാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍. ഇവ ഉത്പാദിപ്പിക്കുന്ന അമ്ലങ്ങള്‍ മണ്ണിലെ ഫോസ്ഫറസിനെ ലേയരൂപത്തിലാക്കും. ഇതിന്റെ കള്‍ച്ചര്‍ വിത്തില്‍ പുരട്ടാം. അല്ലെങ്കില്‍ തൈകളുടെ വേര് ഇതിന്റെ ലായനിയില്‍ മുക്കാം.

കമ്പോസ്റ്റിങ് ഇനോക്കുലം: ഖരമാലിന്യ സംസ്‌കരണത്തിന് പരിഹാരമാണിത്. സൂക്ഷ്മാണുക്കളുടെ ഒരു മിശ്രിതം. ഇത് മാലിന്യത്തിനുമീതേ വിതറി വായുവുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ അനായാസം ജൈവവളമായി മാറും. 20 കിലോ മാലിന്യത്തില്‍നിന്ന് ഒമ്പതുകിലോ ജൈവവളം റെഡി. കാര്‍ബണ്‍നൈട്രജന്‍ സമ്പന്നമാണ് ഈ ജൈവവളം. വെള്ളായണി  കാര്‍ഷിക കോളേജിലെ മൈക്രോ ബയോളജി വിഭാഗമാണ് ഇത് തയ്യാറാക്കിയത്.

ഈ മിത്ര സൂക്ഷ്മാണുകുമിളുകളെ കേരള കാര്‍ഷിക സര്‍വകലാശാല വിവിധ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍വഴി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിതരണംചെയ്തുവരുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് വെള്ളായണി  കാര്‍ഷിക കോളേജിലെ മൈക്രോ ബയോളജി വിഭാഗവുമായി ബന്ധപ്പെടാം.
English Summary: Beneficial -eco-friendly pests for plant protection

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds