<
  1. Organic Farming

സംസ്ഥാനത്തെ മികച്ച കൃഷിഭവൻ പദവിയിലേക്ക് കുതിച്ചുയർന്നു ആലത്തൂർ കൃഷിഭവൻ

സംസ്ഥാന സർക്കാരിന്റെ മികച്ച കൃഷിഭവനുള്ള അവാര്‍ഡ് പാലക്കാട് ആലത്തൂര്‍ കൃഷിഭവന്. മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള പുരസ്കാരം ആലപ്പുഴ ആറ്റുമുഖം 1500 രാമരാജപുരം കൈനടിക്കായല്‍ ചെറുകരക്കായല്‍ നെല്ലുത്പാദക സമിതിക്കും മികച്ച െജെവകൃഷി നടത്തുന്ന നിയോജകമണ്ഡലത്തിനുള്ള പുരസ്കാരം കണ്ണൂര്‍ കല്യാശ്ശേരി മണ്ഡലത്തിനും നല്‍കും

Arun T
മികച്ച കൃഷിഭവനുള്ള അവാര്‍ഡ് പാലക്കാട് ആലത്തൂര്‍ കൃഷിഭവന്
മികച്ച കൃഷിഭവനുള്ള അവാര്‍ഡ് പാലക്കാട് ആലത്തൂര്‍ കൃഷിഭവന്

സംസ്ഥാന സർക്കാരിന്റെ മികച്ച കൃഷിഭവനുള്ള അവാര്‍ഡ് പാലക്കാട് ആലത്തൂര്‍ കൃഷിഭവന്.വിളപരിപാലനവും പരിസ്ഥിതിസൗഹൃദ കൃഷിയും കാർഷികവിപണിയും കർഷകക്കൂട്ടായ്മയുംകൊണ്ട് സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻസ്മാരക പുരസ്കാരം നേടി ആലത്തൂർ കൃഷിഭവൻ. കൃഷി ഉദ്യോഗസ്ഥർ പാടശേഖരങ്ങളിലേക്കിറങ്ങിയാണ് ആലത്തൂർ കൃഷിഭവൻ വിജയഗാഥയ്ക്ക് തുടക്കമിട്ടത്. നൂതന കൃഷിരീതിയും വിള ആരോഗ്യപരിപാലനവും കീടനാശിനിയുടെ ഉപയോഗം കുറച്ചും അഞ്ചുവർഷംമുമ്പ്‌ ഏക്കറിന് 2,000 കിലോഗ്രാം നെല്ല് ലഭിച്ചിരുന്നത് ഇപ്പോൾ ശരാശരി 2,500 കിലോഗ്രാമായി ഉയർത്തി.

തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കിയും ജൈവകൃഷി പ്രോത്സാഹിപ്പിച്ചും ആലത്തൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ സമഗ്ര കാർഷിക വികസനപദ്ധതിയായ ‘നിറ’യും ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ പദ്ധതികളുമാണ് മികച്ചരീതിയിൽ നടപ്പാക്കിയത്. ആലത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ മണ്ണ്, ജല സംരക്ഷണപദ്ധതികൾ നടപ്പാക്കുന്നതിന് തൊഴിലുറപ്പിൽ 1.13 കോടി രൂപയുടെയും വിവിധ പദ്ധതികളിലൂടെ 1.30 കോടി രൂപയുടെയും പ്രവർത്തനങ്ങളാണ് കഴിഞ്ഞ സാമ്പത്തികവർഷം കൃഷിഭവനിലൂടെ നടപ്പാക്കിയത്. 650 ഹെക്ടർ നെൽക്കൃഷിയുള്ള കൃഷിഭവനിൽ 19 പാടശേഖരസമിതികളും 24 കൃഷിക്കൂട്ടങ്ങളും ജൈവവളങ്ങൾ നിർമിക്കുന്ന മൂന്ന് ഗ്രൂപ്പുകളും നിറ പദ്ധതിയിൽ കാർഷിക വിപണന കേന്ദ്രവും സംസ്ഥാനത്തെ ആദ്യത്തെ ട്രെട്രോകാർഡ് നിർമാണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.

മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള പുരസ്കാരം ആലപ്പുഴ ആറ്റുമുഖം 1500 രാമരാജപുരം കൈനടിക്കായല്‍ ചെറുകരക്കായല്‍ നെല്ലുത്പാദക സമിതിക്കും മികച്ച െജെവകൃഷി നടത്തുന്ന നിയോജകമണ്ഡലത്തിനുള്ള പുരസ്കാരം കണ്ണൂര്‍ കല്യാശ്ശേരി മണ്ഡലത്തിനും നല്‍കും. അഞ്ചുലക്ഷം രൂപ വീതം ഫലകവും സര്‍ട്ടിഫിക്കറ്റും കൈമാറും. മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള ഒന്നാം സ്ഥാനം മുതലമട പറമ്പിക്കുളം പൂപ്പാറ കോളനിയും രണ്ടാം സ്ഥാനം ഇടുക്കി വണ്ടിപ്പെരിയാല്‍ വഞ്ചിവയല്‍ ആദിവാസി ഊരും നേടി. ഇവയ്ക്ക് യഥാക്രമം മൂന്ന്, രണ്ട് ലക്ഷം രൂപ വീതവും ഫലകവും നല്‍കും.

ആലപ്പുഴ പുത്തന്‍വെളി എല്‍. രേഷ്മ(യുവ കര്‍ഷക), തൃശ്ശൂര്‍ വെള്ളാംകല്ലൂര്‍ ചങ്ങനാത്ത് വീട്ടില്‍ സി. ശ്യാംമോഹന്‍(യുവ കര്‍ഷകന്‍), തിരുവനന്തപുരം കരകുളം പാലയ്ക്കാട് ഭവനില്‍ എസ്.വി. സുജിത്(മികച്ച പച്ചക്കറി കര്‍ഷകന്‍- ഹരിതമിത്ര), ഇടുക്കി മുതുപാലയ്ക്കല്‍ എം.കെ. ബൈജുമോന്‍(മികച്ച പട്ടികജാതി/പട്ടികവര്‍ഗ കര്‍ഷകന്‍- കര്‍ഷകജ്യോതി), തിരുവനന്തപുരം പോങ്ങുംമൂട് ബാപ്പുജി നഗര്‍ ശ്രദ്ധയില്‍ ശ്രദ്ധ ശരത് പാട്ടീല്‍ (ഹൈടെക് കര്‍ഷക), പത്തനംതിട്ട കലഞ്ഞൂര്‍ കളിയീക്കല്‍ പുത്തന്‍വീട്ടല്‍ കെ.ടി. ജോസ്(മികച്ച തേനീച്ച കര്‍ഷകന്‍) എന്നിവരെ തിരഞ്ഞെടുത്തു.

മികച്ച പൈതൃക കൃഷി വിത്ത് സംരക്ഷണം നടത്തുന്ന ആദിവാസി ഊരായി തിരുനെല്ലി ബേഗൂര്‍ ഇരുമ്പുപാലം ഊര്, മികച്ച കര്‍ഷക പ്രവര്‍ത്തനം നടത്തുന്ന തദ്ദേശസ്ഥാപനമായി പാലക്കാട് വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്ത് എന്നിവയെ തിരഞ്ഞെടുത്തു. ഒരുലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ഇവർക്കു നൽകും. നവമാധ്യമത്തിനുള്ള പുരസ്കാരത്തിന് പത്തനംതിട്ട എഴുമറ്റൂര്‍ കാരമല വീട്ടില്‍ ശ്യാംകുമാര്‍ അർഹനായി. പത്തനംതിട്ട തട്ടാക്കുടപാടം സന്തോഷ് ഭവനില്‍ ബി. സിന്ധുലേഖ (മികച്ച കര്‍ഷക വനിത), എറണാകുളം പാമ്പാക്കുട ചൊക്ളിക്കുന്നേല്‍ ആശാ ഷാജന്‍(കര്‍ഷകത്തൊഴിലാളി), വയനാട് പുളിക്കല്‍ കുന്നേല്‍ പി.എം. തോമസ്(മണ്ണുസംരക്ഷണം), എറണാകുളം പിറവം പുളിക്കായത്ത് ജിത്തു തോമസ്(കൂണ്‍ കര്‍ഷകന്‍), കൊല്ലം കുലശേഖരപുരം മിയാ എന്റര്‍പ്രൈസസ് എ. മുജീബ്(ചക്ക സംസ്കരണ മൂല്യവര്‍ധിത പുരസ്‌കാരം), മഞ്ചേശ്വരം സരഹൂ ഹൗസ് എസ്. ഗോപാലകൃഷ്ണ ശര്‍മ(ഇന്നൊവേഷന്‍), മലപ്പുറം വണ്ടൂര്‍ കവലയ്ക്കല്‍ കുഞ്ഞുമോള്‍ ടോം(കയറ്റുമതി കര്‍ഷകന്‍) എന്നിവർ പുരസ്കാരം നേടി. ആലപ്പുഴ മായിത്തറ തിരുവിഴേശന്‍ കൃഷിക്കൂട്ടം(മികച്ച കൃഷിക്കൂട്ടം), കാഞ്ഞങ്ങാട് പെരിയ കൃഷിഭവനിലെ പെരിയ അഗ്രോസെന്റര്‍(മികച്ച കൃഷിക്കൂട്ടം), തൃശ്ശൂര്‍ മരോട്ടിച്ചാല്‍ കാര്യാട്ട് ഡ്രൈഫുഡ്‌സ്(മൂല്യവര്‍ധിത മേഖലയിലെ കൃഷിക്കൂട്ടം), പാലക്കാട് വണ്ടിത്താവളം പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്ക്(പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘം) എന്നിവയും പുരസ്കാരം നേടി. ഇവർക്ക് അരലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും നല്‍കും.

തൃശ്ശൂര്‍ കുന്നപ്പള്ളി മാമ്പടത്തില്‍ ഹൗസില്‍ എയ്‌സല്‍ കൊച്ചുമോന്‍(മികച്ച കാര്‍ഷിക പ്രവർത്തനം നടത്തുന്ന വിദ്യാര്‍ഥിനി), ആലപ്പുഴ മിത്രക്കരി കിഴക്കേതൈപ്പറമ്പില്‍ അര്‍ജുന്‍ അശോകന്‍(മികച്ച കാര്‍ഷിക പ്രവർത്തനം നടത്തുന്ന വിദ്യാര്‍ഥി), പാലക്കാട് ഗോവിന്ദാപുരം പാറയ്ക്കല്‍ചള്ള എ. അരുണ്‍കുമാര്‍(ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി), കോതമംഗംലം ചിറപ്പുറത്ത് റോഷന്‍ പോള്‍(കോളേജ് വിദ്യാര്‍ഥി), കോതമംഗലം അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ. സുനില്‍ സിറിയക്ക്(ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) എന്നിവര്‍ക്ക് 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായി കോഴിക്കോട് കായണ്ണ ജി.എച്ച്.എസ്.എസ്., കൊട്ടാരക്കര വാളകം സി.എസ്.ഐ. വി.എച്ച്. ആന്‍ഡ് എസ്.എസ്.എസ്. ഫോര്‍ ഡഫ്, വള്ളികുന്നം അമൃത എച്ച്.എസ്.എസ്. എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ഇവയ്ക്ക് യഥാക്രമം 75,000, 50,000, 25,000 രൂപയും ഫലകവും നല്‍കും. മികച്ച ക്ലസ്റ്ററായ തൃശ്ശൂര്‍ മാള ഹരിതസംഘം എ ഗ്രേഡ് ക്ലസ്റ്ററിനും മികച്ച മട്ടുപ്പാവ് കർഷകനായ തിരുവനന്തപുരം അരുവിക്കര നന്ദാഭവന്‍ ഡി. വിജയഭാസ്കറിനും അരലക്ഷം രൂപയും ഫലകവും നൽകും. മികച്ച ട്രൈബല്‍ ക്ലസ്റ്ററായ കണ്ണൂര്‍ ആറളം ഫാം, ഫ്ളവേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസെറ്റി എന്നിവയ്ക്ക് 50000 രൂപ വീതവും വയനാട് മാനന്തവാടി ചുരുളി ക്ലസ്റ്ററിന് 25000 രൂപയും ഷോളയൂര്‍ അഗളി ഊത്തുക്കുഴി ക്ലസ്റ്ററിന് 15,000 രൂപയും ലഭിക്കും. പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വി. തുളസി(കൃഷി ശാസ്ത്രജ്ഞന്‍), തളിപ്പറമ്പ്‌ ജില്ലാ കൃഷിത്തോട്ടം ഫാം സൂപ്രണ്ട് സ്മിതാ ഹരിദാസ്(ഫാം ഓഫീസര്‍) എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.

മികച്ച സ്വകാര്യസ്ഥാപനത്തിനുള്ള പുരസ്കാരം എറണാകുളം കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയിനിങ് സെന്റര്‍ നേടി. മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരം കേരള മിനറല്‍സ്‌ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് ചവറ, അതി സുരക്ഷാ ജയിൽ വിയ്യൂര്‍, ജില്ലാ ജയില്‍ കാക്കനാട് എന്നിവ നേടി. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായി എല്‍. പ്രീത (കൊല്ലം ഇരവിപുരം ബ്ലോക്ക്), പി. ഉണ്ണിരാജന്‍ (തൃശ്ശൂര്‍ പുഴയ്ക്കല്‍ ബ്ലോക്ക്) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. മികച്ച കൃഷി ഓഫീസര്‍മാരായി കോട്ടയം കല്ലറ കൃഷിഭവനിലെ ജോസഫ് റഫ്രീം ജെഫ്രി, വയനാട് തൊണ്ടര്‍നാട് കൃഷിഭവനിലെ പി.കെ. മുഹമ്മദ് ഷഫീഖ്, കോഴിക്കോട് നരിക്കുനി കൃഷിഭവനിലെ കെ. ഡാന, പന്തളം തെക്കേക്കര കൃഷിഭവനിലെ സി. ലാലി എന്നിവരെ തിരഞ്ഞെടുത്തു. കൃഷി അസിസ്റ്റന്റുമാരായി കണ്ണൂര്‍ മങ്ങാട്ടിടം കൃഷിഭവനിലെ ആര്‍. സന്തോഷ്‌ കുമാര്‍, ആലപ്പുഴ വള്ളികുന്നം കൃഷിഭവനിലെ ബി.എസ്. ഇന്ദുലേഖ, പാലക്കാട് വടക്കാഞ്ചേരി കൃഷിഭവനിലെ മഹേഷ് ചിലമ്പത്ത്, പത്തനംതിട്ട പെരുനാട് കൃഷിഭവനിലെ ജിജി എന്‍. എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. അച്ചടിമാധ്യമത്തിനുള്ള പ്രത്യേക പരാമര്‍ശത്തിന് കൃഷിവകുപ്പ് അസി. ഡയറക്ടര്‍ എം.എസ്. പ്രമോദ്, പേരൂര്‍ക്കട അഭയ നഗറില്‍ സി.എസ്.അനിത എന്നിവര്‍ അര്‍ഹരായി. ഇവര്‍ക്ക് ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് മന്ത്രി പി. പ്രസാദ് പത്രസമ്മേളനത്തില്‍ അറിയിച്ചു

English Summary: Best krishibhavan in kerala Alathoor krishibhavan

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds