വിചിത്ര ഡിസൈനുകൾ കോറിയ കണ്ണഞ്ചിപ്പിക്കുന്ന ഇലകൾ, അത്യാകർഷകമായ പൂക്കൾ - ഇവ രണ്ടും രമ്യമായി ഇണങ്ങിയാൽ ബിഗോണിയ എന്ന അലങ്കാര ഇലച്ചെടി ആയി. 'ബിഗോണിയേസി' എന്ന സസ്യകുലത്തിലെ അംഗമാണിത്. ആസ്ട്രേലിയ ഒഴികെയുള്ള ഉഷ്ണ മേഖലാ പ്രദേശങ്ങളാണ് ബിഗോണിയയുടെ ജന്മദേശം.
ബിഗോണിയ പ്രധാനമായും മൂന്നു തരമുണ്ട്. കിഴങ്ങുപോലെ വേരുകളുള്ളത്, റൈസോം വേരുകളുള്ളത്. നാരു പോലെ വേരുപടലമുള്ളത്. ഇതിൽ റൈസോം വേരുപടലമുള്ള വിഭാഗത്തിൽപ്പെടുന്ന ബിഗോണിയ റെക്സ്' എന്ന ഇനമാണ്. അലങ്കാര ഇലച്ചെടി എന്ന നിലയിൽ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റുന്നത്. വിശറി പോലെ പരന്ന് അഗ്രം തെല്ലു കൂർത്ത ഒലിവു കലർന്ന പച്ചനിറമുള്ള ഇലകൾ. ഇലയുടെ അടിഭാഗത്തിന് ചുവപ്പു നിറമാണ്. വർഷം മുഴുവൻ ഇതിൽ ഇളം പിങ്കുനിറത്തിൽ പൂക്കളുമുണ്ടാവും.
റെക്സിൽ നിന്നു രൂപം കൊണ്ട് സങ്കരയിനങ്ങളൊക്കെ അത്യാകർഷകമായ ഇലകളുടെ വശ്യതയ്ക്കു പേരെടുത്തവയാണ്. ബിഗോണിയ റെക്സിന്റെ തന്നെ “ക്ലിയോപാട്' എന്ന ഇനം അരികുകളോടടുത്ത് ചോക്ലേറ്റു കലർന്ന ചുവപ്പുനിറമുള്ള പച്ചിലകളാൽ ആകർഷകമാണ്.
തണ്ടു കുത്തിയും ഇല നട്ടും ബിഗോണിയ വളർത്താം. തണ്ടു കുത്തി ബിഗോണിയ പിടിപ്പിക്കുമ്പോൾ ആദ്യമായി തണ്ടുകൾ ഒരു പരന്ന ചട്ടിയിലോ മറ്റോ നട്ടു വേരു പിടിപ്പിച്ച ശേഷം ഇളക്കി നടുകയാണു നല്ലത് . നടാനെടുക്കുന്ന ചട്ടിയുടെ അടിവശത്ത് ഒരു നിര പൊടിച്ച ഇഷ്ടിക കഷണങ്ങൾ നിരത്തണം. അതിനു മീതെ ഒരു നിര ഇലപ്പൊടി, പിന്നീട് നല്ലതു പോലെ പൊടിഞ്ഞ കാലിവളവും, മണ്ണും സമമായി ചേർത്തു ചട്ടി നിറയ്ക്കുക. ഇതിലാണ് തണ്ടു കുത്തുക.
ഇല നട്ടുവളർത്തുന്ന അവസരത്തിൽ ഒരു കഷണം തണ്ടോടു കൂടി ഇല മുറിച്ചെടുക്കുക. ഇലയുടെ ചുറ്റും മുറിച്ച ശേഷം ഇല നട്ടാൽ ഏതാനും ദിവസം കൊണ്ടുതന്നെ ഇലയുടെ നടുവിൽനിന്ന് പുതുമുളകൾ പൊട്ടിവരുന്നതു കാണാം. നുള്ളിക്കൊടുത്താൽ ചെടി പടർന്നുവളരും. നന്നായി നനയ്ക്കന്നത് ബിഗോണിയയുടെ വളർച്ചയ്ക്കു അത്യാവശ്യമാണ്. എങ്കിലും അമിതമായി നനയ്ക്കുന്നതും ചെടിവളരുന്ന മണ്ണ് ഉണങ്ങുന്നതും ഒരു പോലെ ഹാനികരമാണ്.
തണലത്ത് വളരാനിഷ്ടപ്പെടുന്നു എന്നു കരുതി ബിഗോണിയയെ വല്ലപ്പോഴും വെളിച്ചം കൊള്ളിക്കാൻ മറക്കരുത്. എങ്കിൽ മാത്രമേ ഇലകളിൽ പ്രകൃതി ഒളിച്ചുവച്ചിരിക്കുന്ന വർണവൈവിധ്യം തെളിയുകയുള്ളൂ.
Share your comments