ഒരു പച്ചക്കറിവിളയായി ഇന്ത്യയിലുടനീളം കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന സസ്യമാണ് പാവൽ. പ്രതാനങ്ങളുടെ സഹായത്തോടെ താങ്ങുകളിൽ പടർന്നു കയറി വളരുന്ന വള്ളിച്ചെടിയാണ് ഇത്. സവിശേഷമായ ആകൃതിയുള്ള ഇലകളും ദുർബലളായ കാണ്ഡവും മഞ്ഞപ്പൂക്കളുമുള്ള പാവലിന്റെ മൂന്ന് പ്രധാന ഇനങ്ങൾ കേരളത്തിൽ കാണപ്പെടുന്നു. ചെറു പാവൽ (കുട്ടത്തി പാവൽ) വെള്ളക്കായ്കളുള്ള പാവൽ, പച്ചക്കായ്കളുള്ള പാവൽ എന്നിങ്ങനെ. ഇവയിൽ ചെറുപാവലിനാണ് ഗുണം കൂടുതൽ പാവയ്ക്ക പൊതുവേ കയ്പ്പുരുചിയാണ് എങ്കിലും പച്ചപ്പാവയ്ക്കയ്ക്ക് മറ്റിനങ്ങളെക്കാൾ കയ്പ്പ് കൂടുതലാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് ഈ സസ്യം ഉത്ഭവിച്ചതെന്നു കരുതപ്പെടുന്നു.
പാവലിന് ആൺപൂക്കളും പെൺപൂക്കളും വെവ്വേറെയുണ്ട്. ആൺപൂക്കൾ പെൺപൂക്കളെക്കാൾ എണ്ണത്തിൽ കൂടുതലായിരിക്കും; അർക്ക ഹരിത്, പുസ ഹൈബ്രിഡ്, പൂസ വിശേഷ്, പ്രിതി, പ്രിയ, പ്രിയ എന്നിവ മികച്ച ഇനങ്ങളാണ്. പ്രീതി, പ്രിയങ്ക, പ്രിയ എന്നിവ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുള്ള ഇനങ്ങളാണ്.
പാവൽ കൃഷി
പാവൽ കൃഷി ചെയ്യുന്നതു വിത്തുകൾ മുളപ്പിച്ചാണ്. നടുന്നതിനു മുമ്പ് 24 മണിക്കൂർ വിത്തുകൾ കുതിർക്കുന്നത് എളുപ്പത്തിൽ മുളയ്ക്കുന്നതിന് സഹായകമാണ്. 30 സെ. മീ നീളം, 30 സെ.മീ വീതി, 30 സെ.മീ ആഴമുള്ള കുഴികൾ തയ്യാറാക്കി അവയിൽ അടിവളമായി കമ്പോസ്റ്റും ചാണകപ്പൊടിയും മണ്ണോടു ചേർത്തിളക്കി അതിലാണു വിത്തുകൾ നടേണ്ടത്. ഒന്നര മീറ്റർ അകലത്തിലായിരിക്കണം കുഴികൾ എടുക്കേണ്ടത്. വിത്തുകൾ മുളച്ച് വളർന്നു തുടങ്ങിയാൽ മുകളിലേക്കു പടത്തുന്നതു പാവലിന് പ്രതാനമുപയോഗിച്ച് പടർന്നുകയറുന്നതിനു സഹായകമാണ്. ഒരാൾ പൊക്കത്തോളം വളർന്നുകഴിഞ്ഞാൽ കയറുപയോഗിച്ചോ കഴകൾ ഉപയോഗിച്ചോ ബലമുള്ള പന്തലിട്ടു കൊടുക്കണം.
ആൺപൂക്കളും പെൺപൂക്കളും
പന്തലിൽ ധാരാളമായി പടർന്നു പൂത്തുതുടങ്ങിയാൽ ആദ്യമാദ്യം ഉണ്ടാകുന്നത് ആൺപൂക്കളായിരിക്കും. പെൺപൂക്കളെ പൂവിന്റെ ചുവടു ഭാഗത്തുള്ള വീർത്ത ഭാഗം (അണ്ഡാശയം) കൊണ്ടു തിരിച്ചറിയാം. ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുന്ന അവസ്ഥയെത്തിയാൽ പരാഗണത്തിന് ഷഡ്പദങ്ങൾ എത്തുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ഷഡ്പദങ്ങളില്ലെങ്കിൽ ആൺപൂക്കൾ ശ്രദ്ധാപൂർവ്വം ഇറുത്തെടുത്തു പെൺ പൂക്കളുടെമേൽ പരാഗണം നടക്കത്തക്ക വിധം കമിഴ്ത്തിവച്ച് കൃത്രിമ പരാഗണം ചെയ്യാവുന്നതാണ്. പെൺപൂക്കൾ വാടിക്കഴിഞ്ഞാൽ കടലാസുകൊണ്ടോ, പ്ലാസ്റ്റിക് കൊണ്ടോ നിർമ്മിച്ച കൂടുകൾ കൊണ്ട് അവയെ പൊതിയുന്നതു കായ്കൾക്ക് അവയെ തുരന്നു നശിപ്പിക്കുന്ന കായീച്ചയുടെ ആക്രമണമുണ്ടാകാതിരിക്കാൻ സഹായിക്കും. വിത്ത് പാകമാകുന്നതിനു മുമ്പ് പാവയ്ക്ക് പറിച്ചെടുക്കണം.
പാവലിനെ ആക്രമിക്കുന്ന ശത്രുക്കൾ:
പച്ചത്തുള്ളൻ, ഇലതീനിപ്പുഴുക്കൾ, ഇല തിന്നുന്ന വണ്ടുകൾ, കായ് നശിപ്പിക്കുന്ന കീടങ്ങൾ, ചിത്രകീടം എന്നിവയാണ്. ഇലതീനിപ്പുഴുക്കളുടെ ആകരണത്തിനിരയായ ഇല ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. ഇലയുടെ അടിവശത്ത് ധാരാളമായി കൂടിയിരിക്കുന്ന ഇലതീനിപ്പുഴുക്കളെ നശിപ്പിക്കുന്നതിന് ഇലയോടെ പറിച്ച് തീയിലിടുകയാണ് ഉത്തമം. രാസകീടനാശിനികൾ ഉപയോഗിക്കാമെങ്കിലും പരാഗണത്തിനു സഹായിക്കുന്ന മിത്രകീടങ്ങളെയും അവ നശിപ്പിക്കുമെന്നതിനാൽ അതൊഴിവാക്കുന്നതാണു നല്ലത്. പഴക്കെണി, തുളസിക്കെണി എന്നിവയുണ്ടാക്കി പാവലിൽ കെട്ടിക്കുന്നതു കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കുന്നതതിനു നല്ലതാണ്.
പോഷകമൂല്യം
പാവയ്ക്കയിൽ വിറ്റമിൻ എ, വിറ്റമിൻ ബി, വിറ്റമിൻ ബി, വിറ്റമിൻ ബി, വിറ്റമിൻ സി, വിറ്റമിൻ ഇ, വിറ്റമിൻ കെ, കാർബോഹൈഡ്രേറ്റ്, ഭക്ഷ്യ നാരുകൾ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം എന്നിവയും നേർത്ത അളവിൽ പ്രോട്ടീൻ, സിങ്ക്, മാംഗനീസ്, ഇരുമ്പ് എന്നിവയും ജലാംശവും അടങ്ങിയിരിക്കുന്നു. കൂടാതെ, മൊമോർഡിസിൻ എന്ന ആൽക്കലോയ്ഡും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്ന സവിശേഷമായ കരാന്റിൻ (Charantin) എന്ന വസ്തുവും അടങ്ങിയിട്ടുണ്ട്.
ഔഷധമൂല്യം
വിളർച്ച പരിഹരിക്കുന്നതിന് പാവയ്ക്കാ സൂപ്പ് കഴിക്കുന്നതു നല്ലതാണ്.
ക്ഷീണം, തലച്ചുറ്റൽ എന്നിവ കുറയ്ക്കുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും പാവയ്ക്ക നല്ലതാണ്. പാവയ്ക്കയുടെ ഉപയോഗം വാതരോഗം നിമിത്തമുള്ള വേദന കുറയ്ക്കുന്നതിനു നല്ലതാണ്.
പാവലിന്റെ ഇലയോ കായോ ജീരകം ചേർത്തരച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് കരളിന്റെയും വിഹയുടെയും രോഗങ്ങൾ കുറയ്ക്കാൻ ഉപകരിക്കും. പാവയ്ക്കയിൽ ധാരാളം വിറ്റമിൻ സി അടങ്ങിയിട് ദോഷകാരിയായ സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിക്കുകയും വാർദ്ധക്യബാധയെയും പ്രായാനുബന്ധിയായി ത്വക്കിലുണ്ടാകുന്ന ചുളിവുകളെയും ഒരു പരിധിവരെ തടയുകയും ചെയ്യുന്നു.
പാവയ്ക്കയുടെ സ്ഥിരമായ ഉപയോഗം ത്വക്കിനെ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
പാവയ്ക്ക് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതു വഴി രക്തക്കുഴലുകളിലുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പാവയ്ക്കയും രണ്ടു മൂന്ന് അരയാലിലയും മോരിലാണ് പതിവായി കഴിച്ചാൽ അർശസ്സ് ശമിക്കും. പാവയ്ക്ക നീര് കുടിക്കുന്നതും പാവയ്ക്ക തൈരിൽ അരിഞ്ഞിട്ട് ഉപ്പും ചേർത്തു കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹരോഗത്തിന് ആശ്വാസമുണ്ടാക്കും. പാവയ്ക്കയിലെ കരാന്റിൻ പ്രമേഹത്തെ ശമിപ്പിക്കാൻ കഴിവുള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ട്. വൃക്കയിലെ കല്ല് ഒഴിവാക്കുന്നതിന് പാവയ്ക്ക കഴിക്കുന്നതു നല്ലതാണ്.
കാൻസർ കോശങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിന് പാവയ്ക്കു കഴിക്കുന്നതു നല്ലതാണ്. പാവയ്ക്ക അരച്ചു കലക്കി പതിവായി കുടിക്കുന്നത് ശരീരത്തിലുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലിന് ആശ്വാസമാണ്.
പാവൽ ഇല അരച്ചു പുരട്ടുന്നത് പല്ലി, തേൻ തുടങ്ങിയവയുടെ കടി കൊണ്ടുണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾക്കു പരിഹാരമാണ്.
പാവലിലയുടെ നീര് 10 മില്ലി ലീറ്റർ വീതം രണ്ടു നേരം കഴിക്കുന്നത് മഞ്ഞപ്പിത്തം കുറയ്ക്കാൻ സഹായകമാണ്.
പാവയ്ക്ക ജ്യൂസ് ശിരോചർമ്മത്തിൽ നേരിട്ട് കോച്ചുപിടിപ്പിക്കുകയോ കുറച്ച് തൈരുമായി ചേർത്ത് തേക്കുകയോ ചെയ്യുന്നത് മുടികൊഴിച്ചിൽ, മുടിയുടെ അഗ്രം പിളരൽ താരൻ എന്നിവയ്ക്ക് പരിഹാരമാകും.
Share your comments