കുരുമുളകിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെ കറുത്തകുരുമുളക്, വെള്ളകുരുമുളക്, പച്ചകുരുമുളകിനെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. കറുത്ത കുരുമുളക് ലഭിക്കുവാൻ തിരികളിലെ ഒന്നോ രണ്ടോ മണികൾ പഴുത്ത് മഞ്ഞ അല്ലെങ്കിൽ ചുവന്ന നിറമാകുമ്പോൾ വിളവെടുക്കാം. മണികൾ കുരുമുളകു തിരികളിൽ നിന്നും വേർതിരിക്കുവാൻ കാലു കൊണ്ട് മെതിക്കുന്നു. മെതിയന്ത്രവും ഉപയോഗിക്കാം.
മെതിച്ചെടുത്ത കുരുമുളകു പൊടിക്കല്ല്, ചെളി എന്നിവ മാറ്റി വൃത്തിയാക്കി കഴുകിയെടുക്കുന്നു. ഉണക്കുന്നതിന്മുമ്പ് 1 മിനിറ്റു നേരം തിളച്ച വെള്ളത്തിൽ കുരുമുളക് മണികൾ മുക്കിയെടുക്കണം (Blanching). ഉണക്കി കഴിയുമ്പോൾ എല്ലാ മണികൾക്കും തിളക്കം കിട്ടുന്നതിനും, സൂക്ഷ്മമാണുക്കളുടെ അളവ് കുറയ്ക്കുന്നതിനും ഉണക്കു സമയം ലഘൂകരിക്കുന്നതിനും ബാഷ്പതലങ്ങളുടെ നഷ്ടം കുറയ്ക്കുന്നതിനും ബ്ലാഞ്ചിങ് നല്ലതാണ്.
മണികളിലെ ജലാംശം 10% ത്തിലധികമായാൽ പൂപ്പൽബാധ വരും. അതിനാൽ മണികൾ 3 മുതൽ 5 ദിവസം വരെ വെയിലത്തിട്ട് ഉണക്കണം. സിമന്റ് തറകളിൽ പായ, പോളിത്തീൻഷീറ്റ് എന്നിവ നിരത്തി കുരുമുളക് ഉണക്കിയെടുക്കാം. മാലിന്യങ്ങൾ പരമാവധി കുറച്ച് സമയം ചുരുക്കുവാൻ ഉണക്കു യന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. മാലിന്യങ്ങൾ മാറ്റിയതിനു ശേഷം നിറം, ഗുണം, ആപേക്ഷികസാന്ദ്രത, മണിവലിപ്പം എന്നിവയുടെ അടിസ്ഥാനത്തിൽ ഗ്രേഡിങ്ങും ഗാർബിളിങ്ങും നടത്തുന്നത് ഉയർന്ന വില ലഭിക്കുവാനുതകും. സംഭരിച്ച കുരുമുളക് മൾട്ടിലെയർ പേപ്പർ ബാഗു കൊണ്ടോ അല്ലെങ്കിൽ ചണം കൊണ്ടുള്ള സഞ്ചികളിലോ നിറച്ച് ഒന്നിന് മുകളിൽ ഒന്നായി മരം കൊണ്ടുള്ള പലകയ്ക്കു് മുകളിൽ പോളി പ്രൊപ്പിലീൻ ഷീറ്റ് നിരത്തി അതിനു മുകളിൽ അടുക്കി വെക്കണം.
Share your comments