സാധാരണയായി 1% വീര്യമുള്ള ബോർഡോ മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഇതിനായി 5 ലിറ്റർ വെള്ളത്തിൽ 100 ഗ്രാം തുരിശ് (കോപ്പർ സൾഫേറ്റ്) നല്ലവണ്ണം ലയിപ്പിച്ചെടുക്കുക. മറ്റൊരു 5 ലിറ്റർ വെള്ളത്തിൽ 100 ഗ്രാം നീറ്റുകക്ക കലക്കി അരിച്ചെടുക്കുക. ഇവ രണ്ടും ഒന്നിച്ചു മൂന്നാമതൊരു പാതത്തിൽ ഒഴിച്ച് നന്നായി ഇളക്കുക.
ഇങ്ങനെ തയ്യാറാക്കിയ ദ്രാവകത്തിൽ തേച്ചുമിനുക്കിയ ഇരുമ്പിന്റെ കത്തി കുറച്ചുസമയം മുക്കിപ്പിടിപ്പിക്കുക. കത്തിയിൽ ചെമ്പിന്റെ അംശമുണ്ടെങ്കിൽ കുമ്മായലായനി കൂടുതൽ ചേർക്കുക.ബോർഡോമിശ്രിതം തയ്യാറാക്കിയ ഉടൻ തന്നെ ഉപയോഗിക്കണം. എന്നാൽ താമസം നേരിടുകയാണെങ്കിൽ ഒരു ലിറ്റർ ബോർഡോമിശ്രിതത്തിന് അര ഗ്രാം പഞ്ചസാര ചേർത്താൽ ഒന്നു രണ്ടുദിവസം ഗുണം കുറയാതെ സൂക്ഷിച്ചുവെക്കാം.
കേരളത്തിൽ കണ്ടുവരുന്ന പല കുമിൾ രോഗങ്ങൾക്കും (ഉദാ: തെങ്ങിന്റെ മണ്ടചീയൽ, കുരുമുളകിന്റെ ദ്രുതവാട്ടം, കമുകിന്റെ മഹാളി) ബോർഡോമിശ്രിതം അത്യുത്തമമാണ്. ബോർഡോകുഴമ്പ് 10% ബോർഡോമിശ്രിതമാണ് ബോർഡോ കുഴമ്പ്. റബ്ബർ, മാവ്, കശുമാവ് ഇവയിൽ കണ്ടുവരുന്ന പിങ്ക് രോഗം, കുരുമുളകിന്റെ വാട്ടരോഗം തെങ്ങിന്റെ ചെന്നീരൊലിപ്പ് എന്നിവക്കെതിരെ ഇതുപയോഗിക്കാം.
Share your comments