കേരളത്തിൽ ചുരയ്ക്ക വേനൽക്കാലങ്ങളിലാണ് സാധാരണ കൃഷി ചെയ്യുന്നത്. നല്ല സൂര്യപ്രകാശം ഇതിന്റെ കൃഷിക്ക് അത്യാവശ്യമാണ്. എല്ലാത്തരം മണ്ണിലും ചുരയ്ക്ക കൃഷി ചെയ്യാവുന്നതാണ്. നീർവാർച്ചയുള്ളതും വളക്കൂറുള്ളതുമായ പശിമരാശി മണ്ണാണ് ഇതിന് ഏറ്റവും പറ്റിയത്. ചുരയ്ക്കയുടെ വിത്ത് നേരിട്ട് നിലത്തിൽ പാകിയാണ് കൃഷി ചെയ്യുന്നത്. പാകുന്നതിന് മുമ്പ് വിത്ത് 24 മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നത് കിളിർപ്പ് ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഒരു ഹെക്ടറിലേക്ക് 3-4 കി.ഗ്രാം വിത്ത് ആവശ്യമായി വരും.
ചുരയ്ക്ക കൃഷി ചെയ്യുവാൻ അനുയോജ്യമായ സീസൺ
സെപ്റ്റംബർ, ഡിസംബർ, ജനുവരി, ഏപ്രിൽ കാലങ്ങളാണ് ഇവ കൃഷി ചെയ്യാൻ പറ്റിയ സമയം.
ചുരയ്ക്ക കൃഷി ചെയ്യാൻ നിലമൊരുക്കുന്ന രീതിയും വിത്ത് നടുന്ന വിധവും
മണ്ണ് നല്ലവണ്ണം കിളച്ചുപൊടിച്ച്, വേരുകളും കല്ലുകളും മറ്റും നീക്കം ചെയ്ത് നന്നായി നിരപ്പാക്കണം. ചാലുകൾ കീറിയോ കുഴിയെടുത്തോ ചുരയ്ക്ക കൃഷി ചെയ്യാം. തടങ്ങൾക്ക് 60 സെ.മീറ്റർ വ്യാസവും 30 സെ.മീറ്റർ ആഴവും ഉണ്ടായിരിക്കണം. വരികൾ തമ്മിലും ചെടികൾ തമ്മിലും 2 മീറ്റർ വീതം അകലം നൽകണം. തടങ്ങളിൽ കരിയിലയിട്ടു തീ കത്തിക്കുന്നത് നല്ലതാണ്.
ഒരു ഹെക്ടറിന് 3-4 കി.ഗ്രാം വിത്ത് ആവശ്യമായി വരും. ഒരു കുഴിയിൽ 4-5 വിത്ത് വീതം നടണം. രണ്ടാഴ്‌ചകൾക്ക് ശേഷം 3 തൈകൾ നിർത്തിയ ശേഷം അനാരോഗ്യമായ തൈ പറിച്ചു നീക്കം ചെയ്യണം.
വിത്ത് നട്ട ശേഷം നന്നായി നനയ്ക്കണം. ഒരാഴ്‌ചയ്ക്കകം വിത്ത് കിളിർക്കും. തൈകൾ പടർന്നു തുടങ്ങുമ്പോൾ വളരാൻ പന്തലിട്ടു കൊടുക്കണം. പന്തലിൽ കയറിപ്പറ്റാൻ താങ്ങുകമ്പുകൾ നാട്ടേണ്ടതാണ്. കളകൾ കൂടെക്കൂടെ നീക്കം ചെയ്യണം. വേരിന് കേടുവരാതെ ആഴ്‌ചയിൽ രണ്ടു തവണ ചുവട്ടിലെ മണ്ണ് ഇളക്കിക്കൊടുക്കണം. ചെടി പൂക്കുമ്പോഴും കായ് പിടിക്കുമ്പോഴും ഇടവിട്ടുള്ള ദിവസങ്ങൾ നനയ്‌ക്കേണ്ടതാണ്.
പാവലിന്റെയും വെള്ളരിയുടെയും കീടങ്ങളും രോഗങ്ങളും ആണ് സാധാരണ ചുരയ്ക്കയിലും കാണുന്നത്. അവയുടെ നിയന്ത്രണ മാർഗങ്ങൾ തന്നെ സ്വീകരിച്ചാൽ മതി.
വിളവെടുക്കുന്ന രീതിയും ലഭിക്കുന്ന വിളവിൻ്റെ തോതും
നട്ട് രണ്ടുമാസം പ്രായമെത്തുമ്പോൾ ആദ്യ വിളവെടുക്കാം. കായ്‌പിടുത്തം തുടങ്ങുമ്പോൾ അവയുടെ അറ്റത്ത് ചെറിയ കല്ല് കെട്ടിത്തൂക്കി കൊടുത്താൽ കായ്ക്‌കൾ വളയാതെ നിവർന്ന് വളരുന്നതാണ്. പകുതി മൂപ്പെത്തിയ കായ്‌കളാണ് പച്ചക്കറിയ്ക്ക് യോജിച്ചത്. പൂവിരിഞ്ഞ് 3 ആഴ്‌ച കഴിയുമ്പോൾ കായ് പറിച്ചെടുക്കാൻ പാകമാകും. രണ്ട് മാസത്തോളം കായ്ക്‌കൾ പറിക്കാവുന്നതാണ്. 20-25 ടൺ ചുരയ്ക്ക ഹെക്‌ടറിൽ നിന്നും വിളവ് ലഭിക്കുന്നതാണ്.
Share your comments