വഴുതന വർഗങ്ങളുടെ കുടുംബത്തിൽ തന്നെയാണ് ചെറുവഴുതണയും ഉൾപ്പെടുന്നത്. കുടുംബനാമം സൊളാനേസീ'. ചെറുവഴുതണയുടെ പ്രാധാന്യത്തെപ്പറ്റി ഓർക്കുമ്പോൾ ഏറ്റവും ആദ്യം ഓർമയിൽ എത്തുന്നത് ദശമൂലമാണ്. ദശമൂലത്തിലെ ഏറ്റവും പ്രധാന ചേരുവയാണിത്. മോണ രോഗങ്ങൾക്ക് പ്രതിവിധിയായ ഔഷധങ്ങളുടെ ചേരുവയായും ആസ്തരോഗശമനത്തിനും ചുണ്ടിലും വായുടെ വശങ്ങളിലും വിട്ടുമാറാത്ത വായ പ്പുണ്ണ് എന്നിവയ്ക്കും ഇലയും വേരും ഔഷധ നിർമാണത്തിൽ ചേരുവകളാണ്.
മണ്ണും കാലാവസ്ഥയും
മണൽ കലർന്ന എക്കൽ മണ്ണ് ചെറുവഴുതനങ്ങ നടാൻ ഏറ്റവും യോജിച്ചതാണ്. ചെമ്മണ്ണിലും വെട്ടുകൽ പ്രദേശത്തും മണ്ണിളക്കം, ജൈവാംശം,ജലനിർഗമനശേഷി ഇവ മെച്ചപ്പെടുത്തിയാൽ എല്ലാ തരം മണ്ണിലും ചെറു വഴുതന കൃഷിചെയ്യാം. കായികവളർച്ചയ്ക്ക് സൂര്യപ്രകാശം പ്രധാനമാണ് പേക്ഷിതമാണ്. പൊതുവേ വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഔഷധ സസ്യമാണിത്.
വിത്തും വിതയും
വംശവർധനവ് വിത്തിലൂടെയാണ്. വിളഞ്ഞ് പാകമായ കായ്കൾ ചെടിയിൽ നിർത്തി നന്നായി പഴുപ്പിച്ച്, പറിച്ചെടുത്ത് വിത്ത് വേർതിരിച്ചെടുത്ത് തുണിയിൽ പൊതിഞ്ഞ് സൂര്യപ്രകാശത്തിൽ ഉണക്കുക. ആറു ദിവസത്തെ ഉണക്കിനു ശേഷം, ഒരു ദിവസം തുറസ്സായി മരത്തണലിൽ കാറ്റടി കൊള്ളിക്കുക. വിത്തിന് പഴക്കം ആവശ്യമില്ല. ചെറുവഴുതനയുടെ പുതു വിത്തിനാണ് വീര്യം. ഉണങ്ങിയെടുത്ത വിത്ത് ഉടനടി പാകുവാൻ തയാറാണ്. വിത്ത് പാകുന്നതിന് ആറുമണിക്കൂർ മുൻപ് വെള്ളത്തിൽ കുതിർക്കുക. വെള്ളം വാർത്ത് മുളപൊട്ടുന്നതിനു മുൻപ്തന്നെ വിത്ത് വരിയായി താവരണകളിൽ പാകാം. വിത്ത് ചെറുതാകയാൽ തടം നല്ല നിരപ്പുള്ളതും ഉപരിതലം നേർമയായി തയാറാക്കിയിട്ടുള്ളതുമാകണം.
10 സെ.മീറ്റർ ചെടികൾ തമ്മിലും വരികൾ തമ്മിലും എന്ന അകലം ക്രമീകരിക്കുക. വിത്ത് പാകുന്നതിനു മുൻപ് തടത്തിൽ ഒരു ച.മീറ്ററിൽ മൂന്നു കിലോ ഉണക്കിപ്പൊടിച്ച കാലിവളം മേൽമണ്ണിൽ ഇളക്കി ചേർക്കുക. വിത്ത് രണ്ട് സെ.മീറ്ററിൽ കൂടുതൽ ആഴത്തിൽ നുരിയിടാൻ പാടില്ല. 95% വിത്തും 10 ദിവസത്തിനുള്ളിൽ മുളച്ചുപൊന്തും. ആറില പ്രായമാണ് തൈകൾ പറിച്ചുനടാൻ ഏറ്റവും അനുയോജ്യം. ചെറുവഴുതന തൈകൾക്ക് നന അത്യാവശ്യമാണ്.
തൈ പറിച്ചുനടുന്ന രീതി
വിത്ത് വരിയായി നുരിയിടുന്ന രീതി ശുപാർശ ചെയ്യുന്നത്. പറിച്ചു നടുമ്പോൾ വരുമേഖലക്കും ഒപ്പമുള്ള മണ്ണിനും ഇളക്കം തട്ടാതെ കോരിയെടുത്ത് പ്രധാന സ്ഥലത്തേക്ക് നടുന്നതിലേക്കാണ്.
നടാൻ 60 സെ.മീറ്റർ നീളം, വീതി, താഴ്ച ഇവയുള്ള കുഴിയെടുത്ത് മേൽമണ്ണും കുഴിയൊന്നിന് 2 കിലോ കാലിവളവും കൂട്ടി കുഴി നിറയ്ക്കുക. ഒപ്പം ഇതേ മിശ്രിതം കൊണ്ട് കുഴി മുഖത്ത് 50 സെ.മീറ്റർ ഉയരത്തിൽ അതേ വ്യാസത്തിൽ ഒരു കൂന രൂപപ്പെടുത്തുക. കൂനയിൽ ഇരുവശത്തുമായി രണ്ടു തൈകൾ നട്ട്, ലോലമായി അമർത്തുക. നാലു ദിവസം ഇലകൾ വാടാതെ തണൽ കൊടുക്കണം. മണ്ണിന് നനവും നിലനിർത്തണം. രണ്ടു കൂനകൾ തമ്മിൽ ഒന്നര മീറ്റർ അകലം നൽകുന്നത് വളർച്ച മെച്ചപ്പെടുന്ന തിന് ഹിതകരമാണ്.
മേൽവളം, പരിചരണങ്ങൾ
വീട്ടാവശ്യത്തിന് ഗൃഹവൈദ്യപ്രയോഗങ്ങൾക്കു വേണ്ടിയുള്ള ചെറിയ തോതിലുള്ള കൃഷിക്ക് പ്രത്യേക മേൽവളപ്രയോഗത്തിന്റെ ആവശ്യമില്ല. വിൽപ്പനയ്ക്ക് കൂടി സാധ്യതയുള്ള വീട്ടുവളപ്പിലെ കൃഷിയിടങ്ങളിൽ വേരുകളുടെ സമഗ്രവളർച്ചയാണ് ലക്ഷ്യം. മേൽ വളമായി വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കലർത്തിയ മിശ്രിതം നട്ട് മൂന്നു മാസത്തിനുള്ളിൽ രണ്ടു പ്രാവശ്യം ഒരു സെന്റിന് 5 കിലോ എന്ന തോതിൽ വിതറി തടത്തിൽ മേൽമണ്ണുമായി ഇളക്കി ചേർക്കുക.
വിളവെടുപ്പ്
150 ദിവസത്തെ വളർച്ചയ്ക്കുശേഷം ചെടി പുഷ്പിക്കും. പരാഗണത്തിനുശേഷം ധാരാളം കായ്കളുണ്ടാകുന്നു. 6-8 മാസത്തിനുള്ളിൽ 90 ശതമാനം കായ്കളും നന്നായി മൂത്ത് പഴുക്കുന്നു. പുറംതോട് മഞ്ഞനിറത്തിൽ കാണാം. തള്ളവിരലും ചൂണ്ടാണി വിരലും കൂട്ടി കായ്കൾ അമർത്തിയാൽ പാകം ഉറപ്പു വരുത്താം. ഈ പരുവത്തിന് കായ്കൾ വിത്തിന് ശേഖരിക്കുക. ചെടികളുടെ വേരു മേഖലയോടൊപ്പം മുകളിലേക്കുള്ള കാണ്ഡഭാഗം 30 സെ.മീറ്റർ നീളത്തിൽ നിലനിർത്തി ബാക്കി ഇലയും ഇളം കമ്പുകളും വെട്ടിമാറ്റി സുമാർ 5 സെ.മീറ്റർ നീളത്തിൽ ചെറു കഷണങ്ങളാക്കി നന്നായി ഉണക്കി പോളിത്തീൻ കവറിൽ സൂക്ഷിക്കാം. ഔഷധാവശ്യത്തിനും വിപണനത്തിനും ചെറുവഴുതന വേര് ജലാംശം മാറ്റി സൂക്ഷിച്ചാൽ കേടുവരാറില്ല.
Share your comments