ഹ്രസ്വകാലവിളകളാണ് ക്യാബേജും കോളിഫ്ളവറും. തൈ നട്ട് 2-2 1/2 മാസം മതി വിളവെടുപ്പിന്. തുലാമഴ തീരുന്ന ഒക്ടോബർ നവംബറോടു കൂടി കൃഷി തുടങ്ങാം. വിത്തുതൈകൾ മുളയ്ക്കാൻ 4 - 5 ദിവസം മതി.
20 - 25 ദിവസമാകുമ്പോൾ ഇളക്കി നടാം. നിലത്തോ ഗ്രോബാഗിലോ നേരിട്ട് നട്ടു വളർത്താം. ഗ്രോബാഗിൽ മണ്ണ്, ചാണകപ്പൊടി (കമ്പോസ്റ്റ്), ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തിയെടുക്കുന്ന മിശ്രിതം ഉപയോഗിക്കാം.
നല്ല സൂര്യവെളിച്ചം കിട്ടുന്ന തുറസ്സായ സ്ഥലമാണ് അനുയോജ്യം. നിലത്ത് നടുമ്പോൾ മണ്ണൊരുക്കി കാബേജ് 45 സെന്റീമീറ്റർ ഇടവിട്ടും കോളിഫ്ലവർ 60 സെന്റീമീറ്റർ ഇടവിട്ടും നടണം. ഒരു സെന്റിൽ 150 ഓളം തൈകൾ നടാം.
ഗ്രോബാഗിൽ നടുമ്പോൾ വളപ്രയോഗം ഇങ്ങനെ ഇളക്കി നടുമ്പോൾ ബാഗൊന്നിന് യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 3, 20-25, 3 ഗ്രാം വീതം, രണ്ടാഴ്ച, നാലാഴ്ച, ആറാഴ്ച എന്നിങ്ങനെ കഴിയുമ്പോൾ ഇവ 3, 20, 3 ഗ്രാം വീതം ചേർക്കാം. കൂടാതെ മണ്ണിര കംപോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവളങ്ങളും തുടർ വളർച്ചയ്ക്ക് ചേർക്കാം.
കോളിഫ്ളവർ പൂവിരിഞ്ഞു തുടങ്ങുമ്പോൾ ചെടിയിൽ പൂവിനോട് ചേർന്ന് ഇലകൾ കൂട്ടി പൊതിഞ്ഞാൽ പൂവിൽ നേരിട്ടു വെയിലടിക്കാതെ അതിന്റെ വെളുത്ത നിറം നിലനിർത്താം. 60-85 ദിവസം കൊണ്ട് വിളവെടുക്കാം, ഇവ രണ്ടും അധികം വിടരും മുൻപ് വിളവെടുക്കാൻ ശ്രദ്ധിക്കണം
. പൂസാ ഡം ഹെഡ്, ഗോൾഡൻ ഏക്കർ, ഗംഗ, കാവേരി, പ്രൈഡ് ഓഫ് ഇന്ത്യ എന്നിവ കാബേജിന്റെയും പൂസാ ഏർലി സിന്തറ്റിക്, പൂസാ ദീപാളി എന്നിവ കോളിഫ്ളവറിന്റെയും ഇനങ്ങളാണ്.
Share your comments