കാബേജും കോളിഫ്ളവറും വിത്തുപാകി മുളപ്പിച്ച തൈകൾ പറിച്ചു നട്ടാണ് കൃഷി ചെയ്യുന്നത്. വിത്തുകൾ വളരെ ചെറുതായതിനാൽ ശക്തമായ മഴയിൽ നിന്നും സംരക്ഷണം നൽകണം.
വിത്തുകൾ പാകുക
ഒരു സെന്റ് കൃഷി ചെയ്യാൻ ഏകദേശം 2 ഗ്രാം വിത്ത് മതി. ഒരടി ഉയരമുള്ള തടങ്ങൾ എടുത്ത് ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്തിളക്കി നനയ്ക്കുക. ട്രൈക്കോഡർമ്മ എന്ന ജൈവകുമിൾനാശിനി തടത്തിൽ ചേർത്തു കൊടുക്കുന്നത് തൈകളുടെ വാട്ടരോഗത്തെ തടയുകയും തൈകളുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. തടത്തിൽ 10 സെന്റീമീറ്റർ അകലത്തിൽ 1 സെന്റിമീറ്റർ താഴ്ചയിൽ ചാലുകൾ ഉണ്ടാക്കി അതിൽ വിത്തുകൾ പാകുക. വിത്തുകൾ നേർമ്മയോടെ മൂടണം.
ഉറുമ്പിന്റെ ശല്യം ഒഴിവാക്കുന്നതിനായി മെറ്റാറൈസിയം എന്ന ജീവകീടനാശിനിയോ രാസകീടനാശിനിയായ ക്ലോർ പൈറിഫോസ് തടത്തിനുചുറ്റും തുവാവുന്നതാണ്. പാകി മൂന്നു നാലു ദിവസത്തിനകം തൈകൾ മുളച്ച് പൊങ്ങും. മുളച്ച തൈകൾക്ക് ആഴ്ചയിൽ രണ്ടുപ്രാവശ്യം സ്യൂഡോമോണാസ് എന്ന ജൈവകീടനാശിനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കുന്നത് അഴുകൽ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ സഹായിക്കുന്നു. 20 - 25 ദിവസത്തിനകം തൈകൾ പറിച്ചുനടാൻ പാകമാകും.
തൈകൾ ഉത്പാദിപ്പിക്കാം
പ്രോട്രേകളിൽ വിത്തു പാകിയും തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്. ചകിരിച്ചോറ് കമ്പോസ്റ്റ്, മണ്ണ്, മണൽ, ചാണകപ്പൊടി തുല്യ അനുപാതത്തിലെടുത്ത മിശ്രിതം, പ്രോട്രേകളിൽ നിറച്ച് ഒരു കുഴിയിൽ ഒരു വിത്ത് എന്ന തോതിൽ പാകി തൈകൾ ഉത്പാദിപ്പിക്കാം. പ്രോട്രേകൾ മഴ കൊള്ളാതെയും കടുത്ത വെയിൽ കൊള്ളാതെയും സൂക്ഷിക്കുന്നതിനായി ഹരിതഗൃഹങ്ങളിൽ സംരക്ഷിക്കേണ്ടതാണ്. കുഴികളിലെ മിശ്രിതത്തിന്റെ അളവ് കുറവാണന്നതിനാൽ ആഴ്ചയിൽ രണ്ടുപ്രാവശ്യം എന്ന തോതിൽ പത്രപോഷണം (ഫോളിയാർ സ്പ്രേ) നൽകണം. ഇതിനായി എൻ പി കെ മിശ്രിതമോ, പുളിപ്പിച്ച് നേർപ്പിച്ച പിണാക്കിന്റെ തെളിയോ, നേർപ്പിച്ച ഗോമുത്രമോ ഉപയോഗിക്കാം. കുടാതെ അഴുകൽ ഒഴിവാക്കുന്നതിനായി സ്യൂഡോമോണാസ് ആഴ്ചയിൽ രണ്ടുപ്രാവശ്യം തളിച്ചുകൊടുക്കാവുന്നതാണ്. വെർമിക്കുലൈറ്റ്, പെർലൈറ്റ്, ചകിരിച്ചോർ കമ്പോസ്റ്റ് ഇവ 1:1:4 എന്ന അനുപാതത്തിൽ ചേർന്ന മിശ്രിതവും പ്രോട്രേകൾ നിറയ്ക്കുന്നതിനായി ഉപയോഗിക്കാം. നേരത്തെ പറഞ്ഞരീതി യിലുള്ള പ്രതപോഷണവും സ്യൂഡോമോണാസ് തളിക്കലും നടത്തേണ്ടതാണ്.
കൃഷി രീതി
ഒരു സെന്റ് കൃഷിചെയ്യാൻ ഏകദേശം 150 തൈ വേണ്ടിവരും. കൃഷിക്ക് നല്ല സൂര്വപ്രകാശവും നീർവാഴ്ചയുമുള്ള സ്ഥലവും വേണം തെരഞ്ഞെടുക്കാൻ. ഒരടി വീതിയും ഒരടി താഴ്ചയുമുള്ള ചാലുകൾ ഒന്നര - രണ്ട് അടി അകലത്തിൽ എടുക്കുക. ഒരു സെന്റിന് 80-100 കിലോ എന്ന തോതിൽ ജൈവവളം ചേർത്ത് ചാലുകൾ പകുതി ഭാഗത്തോളം മൂടുക. ഇങ്ങനെ തയ്യാറാക്കിയ ചാലുകളിൽ ഒന്നര രണ്ട് അടി അകലത്തിൽ തൈകൾ നടണം. ഉറുബിന്റെ ഉപദ്രവമുള്ള സ്ഥലങ്ങളിൽ മെറ്റാറൈസിയം എന്ന ജൈവകീടനാശിനിപ്പൊടി തൂവേണ്ടതാണ്. നട്ട് 10 ദിവസം പ്രായമാകുമ്പോൾ ആദ്യത്തെ വള പ്രയോഗം ചെയ്യാം. കളകൾ പറിച്ച് രാസവളമോ ജൈവവളമോ ചേർത്ത് മണ്ണ് ഇളക്കണം.
വളപ്രയോഗം
വളപ്രയോഗം മുന്നാമത്തേയും അഞ്ചാമത്തേയും ആഴ്ചകളിൽ ആവർത്തിക്കണം. ഇലകളുടെ എണ്ണം നോക്കിയുള്ള വളപ്രയോഗത്തിൽ ജൈവവളമായി മണ്ണിരകമ്പോസ്റ്റ്, ചാണകപ്പൊടി, കടല പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, പുളിപ്പിച്ച പിണാക്ക്, സംസ്കരിച്ച ജൈവവളം പോലുള്ള ജീവാമൃതം എന്നിവയിലേതെങ്കിലും ചെടിയൊന്നിന് ചുരുങ്ങിയത് 25 ഗ്രാം എന്ന തോതിൽ തോതിൽ തുടങ്ങി നൽകി തുടങ്ങണം. വളർച്ചാഘട്ടമനുസരിച്ച് അളവ് കൂട്ടി കൊടുക്കാം. രാസവളം സെന്റൊന്നിന് ഒരു കിലോ യൂറിയ, രണ്ടു കിലോ മസ്സൂറിഫോസ്, 800 ഗ്രാം പൊട്ടാഷ് എന്ന തോതിൽ കലർത്തി ചെടിയൊന്നിന് 15 - 20 ഗ്രാം എന്ന തോതിൽ നൽകാം, വളപ്രയോഗത്തിനു ശേഷം മണ്ണ് കയറ്റിക്കൊടുക്കേണ്ടതാണ്.
പുളിപ്പിച്ച പിണാക്കിന്റെ തെളി നേർപ്പിച്ചതോ, നേർപ്പിച്ച ഗോമൂത്രമോ, ചാണകവെള്ളത്തിന്റെ തെളി നേർപ്പിച്ചതോ അല്ലെങ്കിൽ മറ്റ് രാസഫോളിയാർകളോ ഇടവിട്ട് ചെടികളിൽ തളിക്കുന്നത് നല്ലതാണ്. ചെടികൾ ദിവസവും നനയ്ക്കേണ്ടതാണ്.
Share your comments