കാബേജിന്റെ കുടുംബക്കാരനായ കോളിഫ്ലവർ ഒരു ഏകവർഷ ഔഷധിയാണ്. ഇതിന്റെ പൂങ്കുലയാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടു മുതൽക്കു തന്നെ കോളിഫ്ലവർ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഇതിന്റെ പൂങ്കുലയും അതിനോടു ചേർന്നുള്ള ഇലകളും ഒരുമിച്ച് ഒരു ബൊക്കെ പോലെ കാണപ്പെടുന്നു. പൂസ് ഏർളി സിന്തറ്റിക്, ഹിമാനി, സ്വാതി, പൂസ ദീവാളി തുടങ്ങിയവ മികച്ച കോളിഫ്ലവർ ഇനങ്ങളാണ്.
കൃഷിരീതി
ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയമാണ് കോളിഫ്ലവർ കൃഷിക്കു പറ്റിയത്. ആറു മണിക്കൂറെങ്കിലും നല്ല രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കോളിഫ്ലവർ കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. വിത്തുകൾ പാകി മുളപ്പിച്ചും വിളവെടുപ്പു കഴിഞ്ഞ സസ്യത്തിന്റെ തണ്ടിൽ മുളച്ചുവരുന്ന ചെറുതലകൾ അടർത്തി നട്ടും കോളിഫ്ലവർ കൃഷി ചെയ്യാം. രണ്ടാമത്തെ രീതിയിലാണു സസ്യങ്ങൾ വേഗത്തിൽ വളരുന്നത്.
അനുയോജ്യമായ തടങ്ങളിലോ ചെടിച്ചട്ടികളിലോ വിത്തുകൾ പാകി മുളപ്പിക്കാം. നാലോ അഞ്ചോ ആഴ്ചകൾ കൊണ്ട് തൈകൾ പറിച്ചു നടാൻ പാകത്തിലാകും. കമ്പോസ്റ്റും ചാണകപ്പൊടിയും അടിവളമായി ചേർത്തിളക്കിയ മണ്ണ് തടങ്ങളാക്കി അതിലാണു തൈകൾ നടേണ്ടത്. അഴുകിപ്പോകുന്നതൊഴിവാക്കാൻ നീർവാർച്ചയുള്ള മണ്ണ് തെരഞ്ഞെടുക്കണം. മണ്ണിന്റെ പി എച്ച് മൂല്യം 6.5 മുതൽ 6.8 വരെയായിരിക്കുന്നതാണ് അഭികാമ്യം.
18-24 സെ.മീ അകലത്തിൽ തൈകൾ നടാം. വരികൾ തമ്മിൽ 30 ഇഞ്ച് അകലമുണ്ടായിരിക്കണം. പാകത്തിന് നനച്ചു കൊടുക്കുകയും വേണം. പുകയിടുന്നതു നല്ലതാണ്. വളർച്ചയ്ക്ക് പോഷകങ്ങളുടെയോ ജലത്തിന്റെയോ കുറവുകൊണ്ട് തടസ്സങ്ങളുണ്ടാകാതെ സൂക്ഷിക്കണം. തടസ്സങ്ങളുണ്ടാകുന്ന പക്ഷം കോളിഫ്ലവർ പൂങ്കുലയുടെ വികാസത്തിനു പ്രശ്നങ്ങളുണ്ടാകുകയും അത് ഭക്ഷ്യയോഗ്യമല്ലാതായി നശിച്ചു പോകുകയും ചെയ്യും. തൈ നട്ടു കഴിഞ്ഞ് 75 മുതൽ 85 വരെ ദിവസങ്ങൾക്കുള്ളിൽ കോളിഫ്ലവർ ചുറ്റുമുള്ള ഇലകൾ ഇലകൾ കൊണ്ട് പൊതിഞ്ഞു കെട്ടണം.
ബ്ലാഞ്ചിങ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ പൂങ്കുലയുടെ സംരക്ഷണം ഉറപ്പാക്കാൻ കഴിയും. ഫ്ലവർഹെഡ് മാത്രം വശത്തു ദ്വാരമിട്ട ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ ആക്കി ലൂസായി കെട്ടി വയ്ക്കുന്ന രീതിയും നിലവിലുണ്ട്. ഫ്ലവർഹെഡിന്റെ ശ്വസനത്തിനാവശ്യമായ വായു കവറിനുള്ളിലേക്കു കടക്കുന്നതിനും ഫ്ലവർ ഹെഡിൽനിന്നുള്ള നീരാവി പുറത്തു പോകുന്നതിനുമാണ് കവറിൽ ദ്വാരങ്ങളുണ്ടാക്കുന്നത്.
കവർ നേരിട്ട് ഫ്ലവർ ഹെഡിൽ സ്പർശിക്കാതിരിക്കാൻ ഈർക്കിലി ഉപയോഗിച്ച് കവർ നിവർത്തി നിർത്തണം. ബ്ലാഞ്ചിങ് കഴിഞ്ഞാൽ 7-12 ദിവസങ്ങൾക്കുള്ളിൽ അത് ഏകദേശം 6-8 ഇഞ്ച് വ്യാസമുള്ളതായി മാറും. ഈ സമയത്ത് ഫ്ലവർ ഹെഡിനോടു ചേർന്ന രണ്ടോ മൂന്നോ ഇലകൾ കൂടിച്ചേർത്തു മൂർച്ചയുള്ള കത്തി കൊണ്ട് ഫ്ലവർഹെഡ് വെട്ടിയെടുക്കാം
Share your comments