ശീതകാല പച്ചക്കറിക്കൃഷിക്കുള്ള സമയം അടുത്തു വരുകയാണ്. നവംബർ ഡിസംബർ മാസമാണ് ഇത് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം. കാബേജ്, കോളിഫ്ളവർ വിത്തു പാകിയാണ് നടുന്നതെങ്കിൽ ഈ മാസം പകുതിയോടെങ്കിലും പാകണം. സെൻ്റിന് 2 ഗ്രാം വിത്ത് മതിയാകും. 20-25 ദിവസം പ്രായമാകുമ്പോൾ പറിച്ചു നടാം. തൈകൾക്ക് കട ചീയലുണ്ടാകാതിരിക്കാൻ സ്യൂഡോമോണാസ് പൊടി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം കൂടുമ്പോൾ ഒഴിച്ചു കൊടുക്കാം. ഇവയുടെ വിത്തുകൾ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ ജില്ലാ കേന്ദ്രങ്ങളിലും, കൃഷിവകുപ്പ് ഫാമുകളിലും നാഷണൽ സീഡ്‌സ് കോർപ്പറേഷൻ (0491-2566414), അഗ്രോ സൂപ്പർ ബസാർ (0471-2471347) എന്നിവിടങ്ങളിലും ലഭിക്കും. നടാൻ പാകത്തിൽ ട്രേകളിൽ വളർത്തിയ തൈകൾ വി.എഫ്.പി.സി.കെ.യും കാർഷിക സർവകലാശാലയും കൃഷിവകുപ്പും നവംബർ-ഡിസംബർ മാസത്തിൽ വിതരണം ചെയ്യുന്നുണ്ട്. കൃഷിയുടെ മുന്നൊരുക്കങ്ങൾക്കായി അടുത്ത മാസം ചെയ്യേണ്ട കൃഷിപ്പണികളും ഇവിടെ ചേർക്കുന്നു.
കാബേജ്, കോളിഫ്ളവർ തൈകൾ ചാലുകളിലോ ചട്ടികളിലോ ചാക്കുകളിലോ നട്ടു പിടിപ്പിക്കാം. ചെടികൾ തമ്മിൽ രണ്ടടി അകലം നൽകാം. ധാരാളം സൂര്യപ്രകാശവും നല്ല നീർവാർച്ചയും വേണം. അമ്ലാംശം കൂടുതലുള്ള പ്രദേശത്ത് നിലമൊരുക്കുമ്പോൾ സെന്റിന് 2-3 കി.ഗ്രാം കുമ്മായം ചേർത്തു കൊടുക്കാം. കൂടാതെ പട്ടികയിൽ പറയുന്ന രീതിയിൽ വളം ചേർത്തു കൊടുക്കണം. ഇതിനു പകരം 19:19:19 അല്ലെങ്കിൽ 20:20:20 വെള്ളത്തിലലിയുന്ന രാസവള മിശ്രിതം വിത്തുപാകി രണ്ടില പ്രായം മുതൽ 1-2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ആറാഴ്‌ചവരെ നൽകാം. വളർച്ചയുടെ തോതനുസരിച്ച് വളത്തിൻ്റെ തോതും കൂട്ടണം.
കാപ്സിക്കം ചെടികൾ 45X45 സെ.മീ അകലത്തിൽ നടണം. സെൻ്റിന് 650 ഗ്രാം യൂറിയ, 800 ഗ്രാം മസൂറിഫോസ്, 160 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം. പകുതി യൂറിയയും പൊട്ടാഷും മുഴുവൻ മസൂറിഫോസും പറിച്ച് നട്ട് ഒരാഴ്‌ച കഴിഞ്ഞും ബാക്കിയുള്ള പൊട്ടാഷും ബാക്കി യൂറിയയുടെ നാലിലൊന്നും 30 ദിവസത്തിനു ശേഷവും ബാക്കി യൂറിയ നട്ട് 2 മാസത്തിനുശേഷവും നൽകാവുന്നതാണ്. ജൈവവളങ്ങളും ആവശ്യാനുസരണം ചേർക്കാം.
കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവ നേരിട്ട് വിത്ത് പാകിയാണ് കൃഷി ചെയ്യുന്നത്. ഇവയുടെ തൈകൾ പറിച്ചു നടാൻ പാടില്ല. വിത്തിടുന്നതിനു മുമ്പ് ചാണകപ്പൊടി സെൻ്റിന് 100 കിലോ എന്ന തോതിൽ ചേർത്തു കൊടുക്കുക. 1.5-2 കി.ഗ്രാം കുമ്മായവും ചേർത്തു കൊടുക്കാം. ഒരു സെന്റ്റിലേക്ക് റാഡിഷിന് 45 ഗ്രാമും കാരറ്റിന് 25 ഗ്രാമും ബീറ്റ്റൂട്ടിന് 30 ഗ്രാമും വിത്ത് വേണ്ടി വരും. സെന്റിന് 2.8 കി.ഗ്രാം യൂറിയ, 1.25 കിലോ മസൂറിഫോസ്, 1.4 കി.ഗ്രാം മ്യൂറി യേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ നൽകുക റാഡിഷിന് മൊത്തം വളവും നട്ട് ഒരാഴ്‌ചയ്ക്ക് ശേഷം നൽകാം. കാരറ്റിനും ബീറ്റ്റൂട്ടിനും യൂറിയയും പൊട്ടാഷും രണ്ടോ മൂന്നോ പ്രാവശ്യമായി നൽകുക. നട്ട് മൂന്നാഴ്ചയ്ക്കുശേഷം തിങ്ങി വളരുന്ന തൈകൾ പറിച്ചു മാറ്റി അകലം ക്രമീകരിക്കുക.
Share your comments