അപ്പീയേസിയ കുടുംബത്തിൽ ഉൾപ്പെടുന്ന സെലറി, അപ്പിയം ഗ്രാവിയോളൻസ് എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. പുരാതന കാലം മുതൽ കൃഷി ചെയ്തിട്ടുള്ള കാരറ്റ്, പാഴ് സലി, സിലമൻ ട്രോ എന്നിവയുമായി ബന്ധമുള്ളതാണ് സെലറി.
പാശ്ചാത്യരാജ്യങ്ങളിലെ തണുപ്പുള്ള കാലാവസ്ഥയിലാണ് ഇതിന്റെ കൃഷി പ്രധാനമായും അവലംബിക്കുന്നത്. എന്നാൽ കേരള കാർഷിക സർവ്വകലാശാലയിൽ സെലറിയുടെ ലഭ്യമായ ഇനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ വളർത്തുകയും അതിന്റെ രാസഘടകങ്ങളുടെ തോത് തിട്ടപ്പെടുത്തുന്ന പഠനങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഫീൽഡിൽ കരുത്തുറ്റ വളർച്ചയും വിളവെടുത്ത ഇലകൾ ഉയർന്ന ഗുണനിലവാരവും കാഴ്ച വച്ചു.
സെലറിയിൽ സമൃദ്ധമായി പോഷകഗുണവും സുഗന്ധവുമുള്ളതിനാൽ നിരവധി പാചകരീതികളിൽ ഇത് ഉപയോഗിക്കുന്നു. ഇല വർഗ്ഗ പച്ചക്കറിയായ സെലറി പ്രകൃതിദത്ത നാരുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. കുറഞ്ഞ ഗ്ലൈസിമിക് സൂചിക ഈ സുഗന്ധ പച്ചക്കറി വിളയുടെ പ്രത്യേകതയാണ്. ഫിനോളിക് സംയുക്തങ്ങൾ, ഫ്ളേവനോയ്ഡുകൾ, തുടങ്ങിയ ശക്തമായ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യമുള്ള ശരീരത്തിനായി ദൈനം ദിനഭക്ഷണത്തിലൂടെ ഇവ സ്വീകരിക്കേണ്ടതാണ്.
അറബികൾ, ചൈനക്കാർ, ഈജിപ്തുകാർ തുടങ്ങിയ വ്യത്യസ്തമായ സംസ്കാരങ്ങളിലും പ്രദേശങ്ങളിലുമുള്ളവർ സെലറിയെ ഒരു ഔഷധസസ്യമായി കണക്കാക്കുന്നത്. ചെടിയുടെ ഔഷധഭാഗങ്ങൾ തണ്ടുകൾ, വിത്തുകൾ, ഇലകൾ എന്നിവയാണ്. ഈ ഭാഗങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി വൃക്ക, കരൾ, എന്നിവയിൽ നിന്ന് ശരീരത്തിലെ വിഷാംശവും, ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാനും സാധിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഭക്ഷണങ്ങളിൽ സ്വാദും വാസനയും നൽകുവാൻ സെലറിക്ക് സാധിക്കും, സെലറി സാൾട്ട് ഉപയോഗിക്കുന്നതുമൂലം സാലഡ് ഇറച്ചി, മീൻ, സോസ് എന്നീ ഭക്ഷണപദാർത്ഥങ്ങൾക്ക് രുചിയും ഗുണവും വർദ്ധിപ്പിക്കാൻ സാധിക്കുന്നു. കേരളത്തിലെ കാലാവസ്ഥയിൽ നല്ല വിളവ് ലഭിക്കുമെന്നതും ബയോകെമിക്കൽ ഗുണങ്ങളുടെ കലവറയായതിനാലും സെലറിയെ പ്രവർത്തനപരമായ ഭക്ഷണം അഥവാ ഫങ്ങ്ഷണൽ ഫുഡിന്റെ ഉറവിടമായി കരുതി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
വിളവെടുത്ത സെലറി അധികനാൾ കേടു കൂടാതെ സൂക്ഷിക്കാൻ പ്രയാസമാണ്. സൂക്ഷിപ്പു കാലം കൂട്ടുന്നതിനായി ജൈവ വിഘടനത്തിന് ഉതകുന്ന (ബയോ ഡീഗ്രേഡബിൾ) പാക്കേജിങ്ങ് ട്രേകളിൽ ഇലകളോടു കൂടി സെലറിയുടെ തണ്ടുകൾ മുറിച്ച് വച്ച് ക്ലിംഗ് ഫിലിം ഉപയോഗിച്ച് വായുകടക്കാത്ത വിധം മൂടി ശീതീകരിച്ച ഊഷ്മാവിൽ (5-7°C) സൂക്ഷിച്ച് പതിനഞ്ച് ദിവസം വരെ ഉപയോഗിക്കാവുന്നതാണ്.
Share your comments