ഇളനീർ വിളവെടുപ്പ് കൂടുതൽ ആദായകരമാണന്നുള്ളതിൽ സംശയമില്ല. എന്നാൽ തെങ്ങിൽ കയറി നാളികേരം ഇടുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധയും, ബുദ്ധിമുട്ടും ആവശ്യമായ പ്രവർത്തിയാണിത്. അതു കൊണ്ടാണ് കർഷകരും തെങ്ങു കയറ്റക്കാരും ഇളനീർ വിളവെടുപ്പിനോട് താൽപര്യം കാണിക്കാത്തത്. ഇളനീർ വിളവെടുപ്പിന് കൂടുതൽ എളുപ്പമാകുന്ന ഉപകരണങ്ങളോ, സാങ്കേതിക വിദ്യകളോ വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.
ഓരോ തെങ്ങിൻ തോപ്പിലും ഇളനീർ വിളവെടുക്കാൻ പറ്റിയവ അടയാളപ്പെടുത്തി ഇളനീരിനായി വിളവെടുക്കാൻ മാറ്റി നിർത്തണം. കുറിയ ഇനങ്ങളായ ചാവക്കാട് ഓറഞ്ച്, മലയൻ മഞ്ഞ, മലയൻ പച്ച എന്നിവ കരിക്കിന് ഏറ്റവും യോജിച്ച ഇനങ്ങളാണ്. കുറിയ ഇനങ്ങളായാൽ വിളവെടുപ്പിനും എളുപ്പമാണ്. നമ്മുടെ ഉയരം കൂടിയ തെങ്ങുകൾക്കിടയിൽ ഇടവിളയായി കരിക്കിന്റെ ആവശ്യത്തിനായി കുറിയ ഇനം തെങ്ങുകൾ നട്ടു വളർത്തണം. എങ്കിൽ മാത്രമേ കേരളത്തിലെ ഇളനീർ വിപണി ശരിയായ ദിശയിൽ പുരോഗമിക്കുകയുള്ളൂ.
ഇന്നത്തെ ചുറ്റുപാടിൽ തെങ്ങിൽ നിന്നുള്ള വരുമാനം കുറയാതെ നിലനിർത്താൻ പറ്റിയ ഒരു മാർഗ്ഗമാണ് കരിക്ക് വിളവെടുപ്പും വിപണനവും പ്രോത്സാഹിപ്പിക്കുകയെന്നത്. ഏതൊരു കൃഷിയും ആദായകരമാകണമെങ്കിൽ മാത്രമേ നിലനിർത്താൻ സാധിക്കുകയുള്ളൂ. എന്നാൽ 7.65 ലക്ഷം ഹെക്ടറിലെ കേരളത്തിലെ തെങ്ങു കൃഷി ത് ആദായകരമല്ല എന്ന് പറഞ്ഞ് വെട്ടി മാറ്റാനാവില്ല. ഇവിടെ തെങ്ങു കൃഷി കൂടുതൽ ആദായകരമാക്കാനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുക എന്നതാണ് പോം വഴി. അങ്ങനെയുള്ള ഒരു സാധ്യതയാണ് ഇളനീർ വിളവെടുപ്പും വിപണനവും.
Share your comments