1200 മീറ്റർ വരെ ഉയരമുള്ള പശ്ചിമഘട്ടത്തിലെ സ്വാഭാവിക വനങ്ങളിൽ പ്രത്യേകിച്ച് നിത്യഹരിത വനങ്ങളിൽ വളരുന്ന വൃക്ഷമാണ് ചെമ്പലമരം. 25 അടി വരെ ഉയരമുള്ള ചെമ്പലമരത്തിന്റെ ശാസ്ത്രീയനാമം Cryp tocarya anamalayana എന്നാണ്. പശ്ചിമഘട്ടത്തിലെ ആനമലകളിൽ കൂടുതലായി വളർന്നിരുന്നതായി ശാസ്ത്രീയനാമം സൂചിപ്പിക്കുന്നു.
ഇളം തവിട്ടുനിറത്തിലുള്ള തൊലി മിനുസമുള്ളതാണ്. കടമാൻപാരി എന്നും പേരുള്ള ഇതിന്റെ ഇളം ശാഖകളും ഇലട്ടുകളും ചുവന്ന രോമങ്ങളാൽ നിറഞ്ഞിരിക്കുന്നതിനാലാണ് ചെമ്പലമരം എന്ന് വിളിക്കുന്നത്. 8 x 5 സെ.മീ. വലിപ്പമുള്ള ഇലകളുടെ രണ്ടഗ്രവും കൂർത്തതും, മുകൾ വശത്തിന് തിളങ്ങുന്ന പച്ച നിറവും, അടിവശത്തിന് തിളങ്ങുന്ന വെള്ള നിറവുമാണ്. ഇലഞരമ്പുകളും ചുവപ്പുരാശിയുണ്ടാവും.
നവംബറിൽ പൂങ്കുലകൾ ഇലകക്ഷത്തിൽ നിന്നുമുണ്ടാവും. ഇതിൽ ധാരാളം ചെറിയ മഞ്ഞ പൂക്കളുണ്ടാവുന്നു. മെയ് മാസത്തോടെ ചുവപ്പ് കലർന്ന കറുപ്പ് നിറത്തിൽ കായ്കൾ പാകമാകും. ഒറ്റ വിത്താണ്. തടിക്ക് മഞ്ഞ കലർന്ന തവിട്ട് നിറമാണ്. സാധാരണ വിറകിന് ഉപയോഗിക്കുന്നു. വിത്തുകൾ പാകി തൈകളുണ്ടാക്കാം. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, കാട്ടുതീ തുടങ്ങിയ കാരണങ്ങളാൽ അപൂർവ്വമായതും ഭംഗിയുള്ളതുമായ ചെമ്പലമരം വംശനാശത്തിന്റെ അഗാധഗർത്തത്തിലേക്ക് പോകുകയാണ്.
Share your comments