നിറം, മണം, രുചി, ആകൃതി, വലിപ്പം, എരിവിന്റെ ഏറ്റക്കുറച്ചിൽ എന്നിവയിൽ വളരെയേറെ വൈവിദ്ധ്യം പുലർത്തുന്ന സസ്യങ്ങളാണ് മുളക് വർഗ്ഗം. പാകമാകുന്നതിനു മുമ്പ് പച്ച, ഇളം പച്ച, വെള്ള, വയലറ്റ് എന്നീ നിറങ്ങളിലും പഴുത്തുകഴിയുമ്പോൾ മനോഹരമായ ചുവപ്പുനിറത്തിലോ മഞ്ഞ നിറത്തിലോ ആയും കാണപ്പെടുന്ന മുളക് കേരളീയർക്ക് ഒഴിച്ചു കൂടാനാകാത്ത ഒരു പച്ചക്കറിയാണ്. ക്യാപ്സിക്കം എന്ന ജീനസ് നാമമുള്ള മുളകിന് ഒട്ടേറെ ഇനങ്ങളുണ്ട്. ഇതിന്റെ വലിപ്പമാകട്ടെ, കുഞ്ഞൻ കാന്താരിമുളകു മുതൽ ആപ്പിളിനോളം വലിപ്പമുള്ള തടിയൻ മുളകുവരെ എത്തുന്നു. തക്കാളിയുടെ കുടുംബമായ സൊളാനേസിയേയിൽ ഉൾപ്പെട്ടതാണ് മുളക്. ഇതിന്റെ ഉത്ഭവം അമേരിക്കയിലാണ്. ബി സി 7500 മുതൽക്കുതന്നെ മുളക് ഇവിടെ ഉപയോഗിച്ചിരുന്നു. ഇത് 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഏഷ്യയിലെത്തിച്ചത്. ലോകത്തിൽ ഏറ്റവുമധികം മുളകു ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഇന്ത്യാക്കാരാണ്. ഇന്ത്യയിൽ തന്നെ, ആന്ധ്രപ്രദേശാണ്
ഏറ്റവുമധികം മുളകു ഉത്പാദിപ്പിക്കുന്നത്. പെറുവിലാണ് ഏറ്റവുമധികം ഇനം മുളക് കൃഷി ചെയ്യപ്പെടുന്നത്.
ജ്വാല, ജ്വാലാമുഖി, ജ്വാലാസഖി, ഉജ്വല, അനുഗ്രഹ, ഭാഗ്യ ലക്ഷ്മി, പൂസജ്വാല, അർക്കലോഹിത്, അർക്ക ബസന്ത് തുടങ്ങി ഒട്ടേറെ ഗുണമേന്മയുള്ള ഇനം മുളകുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയിൽ ജ്വാലാസഖി, ജ്വാല എന്നിവ അത്യുത്പാദനശേഷിയുള്ളവയാണ്. ഉജ്വല, അനുഗ്രഹ എന്നിവ അണുവാട്ടം ചെറുക്കുന്നവയാണ്. മുളക് കീടങ്ങളെ തുരത്തുന്നതിനു വളരെ പ്രയോജനപ്രദമാണ്.
കൃഷിരീതി
പൊതുവേ ചൂടുകൂടിയ കാലാവസ്ഥ ഇഷ്ടപ്പെടുന്ന സസ്യങ്ങളാണ് മുളകുകൾ. ക്ഷാരഗുണമോ അമ്ലഗുണമോ ഇല്ലാത്തതോ (neutral) നേർത്ത അമ്ലഗുണമുള്ളതോ (pH 6.5 7) ആയ മണ്ണാണ് മുളകിനു പത്ഥ്യം. മഴയെ ആശ്രയിച്ചോ ജലസേചനമുറപ്പാക്കിയോ വർഷത്തിൽ ഏതു സമയവും മുളകുകൃഷി ചെയ്യാം. വിത്തു പാകി മുളപ്പിച്ചാണ് മുളകു തൈകളുത്പാദിപ്പിക്കുന്നത്. പുഷ്ടിയുള്ള നല്ലയിനം മുളകിൽ നിന്ന് ആരോഗ്യമുള്ള വിത്തു തെരഞ്ഞെടുത്താണ് വിത്തിനായുപയോഗിക്കേണ്ടത്. പഴുത്തു പാകമായ മുളക് നന്നായി ഉണക്കി അതിൽ നിന്ന് വിത്തു ശേഖരിച്ച് സൂക്ഷിക്കണം. നന്നായി പൊടിച്ച ചാണകം അടിവളമായി ചേർത്ത മണ്ണും മണലും കലർന്ന മിശ്രിതം നിറച്ച ചട്ടിയിൽ വിത്തു പാകാം. പാകുന്ന വിത്തുകളുടെ അളവു കൂടിപ്പോകാതെ സൂക്ഷിക്കണം. ഒരു സെന്റു സ്ഥലത്തെ കൃഷിക്ക് നാലു ഗ്രാം വിത്ത് മതിയാകും. ചെറുതായി നനച്ചു കൊടുക്കണം. 20 സെൽഷ്യസ് ചൂടിലാണ് മുളകുവിത്തുകൾ മുളയ്ക്കുന്നത്. വിത്തുകൾ മുളച്ചു നാലു സെ.മീ. വരെ വളർന്നു കഴിയുമ്പോൾ തൈകൾ പിരിച്ചുനടാം. വേപ്പിൻ പിണ്ണാക്ക്, കമ്പോസ്റ്റ്, ചാണകപ്പൊടി ഇവയും മണലും മണ്ണോടു ചേർത്തിളക്കിയ കുഴികളിലോ മേല്പറഞ്ഞവ ചേർത്തു തയ്യാറാക്കിയ തടങ്ങളിലോ ആണ് തൈകൾ പിരിച്ചുനടേണ്ടത്.
തൈകൾ വേഗത്തിൽ വളരുന്നതിനും പൂവിടുന്നതിനും വേണ്ടി നല്ല വെയിൽ കിട്ടുന്ന ഇടങ്ങളിലാണു മുളക് നടേണ്ടത്. സസ്യ ങ്ങൾ ഏകദേശം 60 സെ. മീ. ഉയരമെത്തിയാൽ ആവശ്യമെങ്കിൽ അവയ്ക്കു താങ്ങുകൾ നല്കേണ്ടതാണ്. കായ്കളുണ്ടായിത്തുടങ്ങിയാൽ അവ പാകമാകുന്തോറും എരിവു വർദ്ധിച്ചുകൊണ്ടിരിക്കും. മുളക് പഴുത്തു പാകമാകാൻ ഏകദേശം 30 സെൽഷ്യസ് ചൂടു വേണം. പഴുത്തുകഴിഞ്ഞാൽ കായ്കൾ ചെടിയിൽ നിന്നു പറിച്ചുമാറ്റണം. കായ്കൾ ഉണങ്ങുന്നതുവരെ സസ്യത്തിൽ തന്നെ നിൽക്കുന്നത് പിന്നീടുള്ള കായ്ഫലം കുറയ്ക്കും. വേനൽക്കാലത്ത് ചെടിയുടെ ആരോഗ്യം കുറഞ്ഞ ശാഖകൾ വെട്ടിമാറ്റി നനച്ചുകൊടുക്കുന്നതു മഴക്കാലത്ത് കരുത്തുള്ള പുതിയ ശാഖകളുണ്ടാകാൻ സഹായിക്കും.
ഇലകൾ കുരുടിക്കൽ, മഞ്ഞളിപ്പുരോഗം, വെള്ളീച്ചയുടെ ഉപദ്രവം എന്നിവയാണു മുളകിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ. ഇലകൾ കുരുടിക്കൽ അഥവാ മൊസൈക് രോഗം ഒരു വൈറസ് രോഗമാണ്. ഇതു ബാധിച്ചാൽ ചെടിയുടെ വളർച്ച മുരടിക്കുകയും ഉത്പാദനശേഷി ഇല്ലാതാകുകയും ചെയ്യും. ഇലകൾ ചുരുണ്ടു കൂടി പരുപരുത്തതാകുന്നു. മുളകിനുണ്ടാകുന്ന കുരുടുപ്പ് രോഗം മാറ്റാൻ സവാളത്തൊലി മൂന്ന് ദിവസം വെള്ളത്തിലിട്ട് പിഴിഞ്ഞ് അരിച്ചെടുത്ത് ഇലകളിലും തണ്ടിലും വീഴത്തക്ക വിധം തളിച്ചാൽ മതി.
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച എന്നിവ മുഖേനയാണു മുളകുചെടികളിൽ രോഗം പകരുന്നത്. രോഗബാധ ദൃശ്യമായിക്കഴിഞ്ഞാൽ പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിച്ചാലും പൂർണ്ണമായി പ്രയോജനം ലഭിക്കുകയില്ല. അതിനാൽ രോഗബാധ കണ്ടാലുടൻ ആ സസ്യത്തെ പിഴുതു തീയിട്ടു നശിപ്പിക്കുകയും രോഗം പരത്തുന്ന പ്രാണിയെ ജൈവകീടനാശിനികളുപയോഗിച്ച് നശിപ്പിക്കുകയും വേണം. പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത കീർത്തി എന്ന ഇനം മൊസൈക് രോഗത്തിനെതിരേ പ്രതിരോധശേഷിയുള്ളതാണ്. കടും പച്ചനിറവും ഇടത്തരം വലിപ്പവും മിതമായ എരിവുമുള്ളതാണ് ഈ ഇനം.
ഔഷധമൂല്യം
അതിസാരം, അജീർണ്ണം, അഗ്നിമാന്ദ്യം, ഗ്രഹണി, എന്നിവയ്ക്ക് മുളകുപൊടി ഔഷധമായി ഉപയോഗിക്കാറുണ്ട്.
മുളകിലടങ്ങിയിരിക്കുന്ന വൈറ്റമിൻ എ അരുണരക്താണുക്കളുടെ നിർമ്മിതിക്ക് സഹായിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും ഇതു നല്ലതാണ്. . മുളകിലെ വിറ്റമിൻ സിയുടെ സാന്നിധ്യംകൊണ്ട് രക്തത്തിലെ കൊളാജന്റെ നിർമ്മാണം ത്വരിതപ്പെടുത്താനും പ്രണവിരോപണത്തിനു സഹായിക്കാനും കഴിയുന്നു.
വിറ്റമിൻ സി ഒരു ആന്റി ഓക്സിഡന്റാകയാൽ കാൻസറിനെ തടയുന്നതിനു മുളക് ഒരു പരിധിവരെ സഹായകമാണ്. കൂടാതെ ഹൃദ്രോഗം, ഓസ്റ്റിയോ ആർത്രൈറ്റിസ് ഇവയും തടയുന്നു.
വിറ്റമിൻ കെയുടെ സാന്നിധ്യത്താൽ ഓസ്റ്റിയോ പോറോസിസ് ഒരു പരിധിവരെ തടയാൻ മുളകിനു കഴിയും. മുളകിലെ ക്യാപ്സിസിൻ കാൻസർ തടയാൻ സഹായകമാണ്.
പച്ചമുളക് പശുവിൻ പാലിലരച്ച് വീക്കമുള്ളിടത്തു പുരട്ടുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും. കാന്താരിമുളകിന്റെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കുന്ന തിനും നല്ലതാണ്.
മുളക് അധികം ഉപയോഗിക്കുന്നത് ചില ദൂഷ്യഫലങ്ങൾക്കും കാരണമാകാം. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയാനും രക്തത്തിന്റെ ഗുണമേന്മ കുറയാനും ഇതു കാരണമാകുന്നു. അൾസർ പോലുള്ള രോഗങ്ങളുള്ളവർക്കും മുളകിന്റെ അമിത ഉപയോഗം നല്ലതല്ല.
കേരളീയരുടെ സസ്യവിഭവങ്ങളിലും മാംസവിഭവങ്ങളിലും എരിവിനു വേണ്ടി മുളകു ചേർക്കാറുണ്ട്. കൂടാതെ ഉപ്പു ചേർത്ത മോരിലിട്ടു വച്ച ശേഷം ഉണക്കിയെടുക്കുന്ന മുളകുകൊണ്ടാട്ടവും കേരളീയർക്കു പത്ഥ്യമാണ്. കിഴങ്ങുവർഗ്ഗത്തിന്റെ പുഴുക്കിനോടൊപ്പം കഴിക്കാൻ കാന്താരി മുളക്, ഉള്ളി, ഉപ്പ് ഇവ ചേർത്തരച്ചുണ്ടാക്കുന്ന മുളകുചമ്മന്തി കേരളീയർക്ക് ഇഷ്ടവിഭവമാണ്.
ഗോമൂത്രത്തിൽ, കാന്താരിമുളക് അരച്ചുചേർത്ത് അരിച്ചെടുത്ത് നേർപ്പിച്ചു തളിക്കുന്നത് മൃദുശരീരികളായ കീടങ്ങളെ തുരത്താൻ പ്രയോജനകരമാണ്.
Share your comments