ചിറ്റരത്ത ആയുർവേദ ഔഷധങ്ങളിൽ പ്രധാനപ്പെട്ട രാസ്നാദിചൂർണത്തിലെ ചേരുവകളിലൊന്നാണ്. ഇഞ്ചിക്കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളിലെല്ലാം ചിറ്റരത്തയും കൃഷി ചെയ്യാം. ചിറ്റരത്തയുടെ ഉണക്കിയെടുത്ത കിഴങ്ങ് വാതസംബന്ധമായ മരുന്നുകളിലും ഉപയോഗിക്കുന്നു.
ചിരസ്ഥായി സസ്യമായതിനാൽ നടീൽ വസ്തുവായി ചിറ്റരത്തയുടെ പച്ചയായ ഭൂകാണ്ഡം ആണ് ഉപയോഗിക്കുന്നത്. വിളവെടുത്ത ഭൂകാണ്ഡം സൂക്ഷിച്ചു വച്ചാൽ ഉണങ്ങിപ്പോകും. അതിനാൽ ആവശ്യാനുസരണം കൃഷിസ്ഥലത്തു നിന്ന് കട പിഴുതെടുത്ത് ഭൂകാണ്ഡം ഓരോ മുള് വീതമുള്ള ചെറുകഷണങ്ങളാക്കി നടുവാൻ ഉപയോഗിക്കാം. ഒരേക്കർ സ്ഥലത്തേക്ക് ഏകദേശം 500 കി.ഗ്രാം നടീൽ വസ്തു വേണ്ടിവരും.
നടീലും വിളപരിചരണവും
കാലവർഷാരംഭത്തോടെ ഏക്കറൊന്നിന് 4 ടൺ ജൈവവളം ചേർത്ത് കൃഷിസ്ഥലം നന്നായി ഉഴുത് നിരപ്പാക്കി 15 സെ.മീ. പൊക്കവും ഒരു മീറ്റർ വീതിയുമുള്ള വാരങ്ങളെടുക്കണം. വാരത്തിൽ 30 സെ.മീ. അകലത്തിൽ കൈക്കുഴികൾ എടുത്ത്, ചെറുകഷണങ്ങളായി തയ്യാറാക്കിയ കാണ്ഡം നടണം. ചാണകപ്പൊടി കൊണ്ട് കുഴി മൂടി ചപ്പിലകളോ കച്ചിയോ കൊണ്ട് പുതയിടണം. മൂന്നുനാലാഴ്ച കൊണ്ട് ചെടി മുളച്ച് വളർന്നു തുടങ്ങും. ഒരു മാസത്തിനുശേഷം പാഴുപോക്കി കളകൾ നീക്കി വളമിട്ട് മണ്ണണയ്ക്കണം
വിളവെടുപ്പ്, സംസ്ക്കരണം, വിപണനം
ചിറ്റരത്ത ഒന്നര വർഷം മുതൽ വിളവെടുക്കാമെങ്കിലും മൂന്നാം വർഷമാണ് ഏറ്റവും ഉയർന്ന വിളവും ഗുണമേൻമയും ലഭിക്കുന്നത്. ആഴത്തിലുള്ള ബലമേറിയ വേരുകൾ ഉള്ളതുകൊണ്ട് ചിറ്റരത്ത പറിച്ചെടുക്കുവാൻ പ്രയാസമാണ്. ആദ്യം മണ്ണിനുമുകളിലുള്ള ഭാഗങ്ങൾ വെട്ടിനീക്കി ഭൂകാണ്ഡം മൺവെട്ടി കൊണ്ട് കിളച്ചെടുക്കണം. അതിനു ശേഷം വേരും തണ്ടും നീക്കം ചെയ്തു ഭൂകാണ്ഡം കഴുകി 5 സെ.മീ. നീളമുള്ള കഷണങ്ങളായി മുറിച്ച് നാലഞ്ചു ദിവസം വെയിലത്തു വച്ചുണക്കി വിൽപ്പന നടത്താം. നല്ല രീതിയിൽ പരിചരിച്ചാൽ ഒരു ഏക്കറിൽ നിന്നും 8-10 ടൺ ചിറ്റരത്ത ലഭിക്കും. ഉണങ്ങുമ്പോൾ ഇത് നാലിലൊന്നാകും.
Share your comments