ഇഞ്ചിയുടേതു പോലെ മണ്ണിനു സമാന്തരമായി വളരുന്ന ഭൂകാണ്ഡമാണ് ചിറ്റരത്തയ്ക്കുള്ളത്. ഇത്തരം പ്രകന്ദങ്ങൾ ഒന്നോ രണ്ടോ മുളകളോടു കൂടി മുറിച്ചെടുത്ത് നടീലിനുപയോഗിക്കാം. ഇഞ്ചി, മഞ്ഞൾ, കച്ചോലം മുതലായവയ്ക്കു വളർച്ചയെത്തുമ്പോൾ അതിന്റെ ഇലകളും തണ്ടും പഴുത്തുണങ്ങി വീഴുന്നു. എന്നാൽ ചിറ്റരത്തയുടെ കൃഷിയിൽ ഇതു സംഭവിക്കുന്നില്ല. അതിനാൽ ചിറ്റരത്തയുടെ പ്രകന്ദം നടാനുപയോഗിക്കുമ്പോൾ അതിനോടു ചേർന്ന് ഇളം മുളയോ പ്രായമെത്തിയ സസ്യമോ കാണും.
നടീലിനു മുമ്പ് സ്ഥലം ഒരടി ആഴത്തിൽ കിളച്ചൊരുക്കുക. തുടർന്ന് ശരാശരി ഒരു മീറ്റർ അകലത്തിൽ 30 സെ.മീ വ്യാസത്തിലും അത്രയും തന്നെ ആഴത്തിലും കുഴികളെടുക്കുക, കുഴികളിൽ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മേൽമണ്ണും തുല്യ അനുപാതത്തിൽ ചേർത്ത മിശ്രിതം നിറച്ചു മൂടുക. ഇതിൽ പ്രകന്ദങ്ങൾ പൂഴ്ത്തി ചെടിനടുക. പ്രകന്ദങ്ങളോടു ചേർന്ന് ഇളം മുളകളാണു ഉള്ളതെങ്കിൽ അവ തന്നെ വളർന്നു വരും. അതല്ല, മൂപ്പെത്തിയ മുളകളാണങ്കിൽ രണ്ടു മൂന്നാഴ്ചകൾക്കകം പ്രകന്ദത്തിൽ നിന്നും പുതിയ മുളകൾ കിളിർത്തുവളരും.
ഔഷധസസ്യമായതിനാൽ കാലിവളം, കമ്പോസ്റ്റ്, പിണ്ണാക്കുവർഗ്ഗങ്ങൾ (പ്രത്യേകിച്ചും വേപ്പിൻപിണ്ണാക്ക്) എല്ലുപൊടി, സ്റ്റെറാമിൽ മുതലായ ജൈവ വളങ്ങൾ ചിറ്റരത്തയ്ക്ക് ചേർത്തു കൊടുക്കാം. സാമാന്യം ഫലപുഷ്ടിയുള്ള മണ്ണാണെങ്കിൽ കാര്യമായ വളപ്രയോഗം നടത്തിയില്ലെങ്കിൽ പ്പോലും ചിറ്റരത്തയിൽ നിന്നും നല്ല വിളവു പ്രതീക്ഷിക്കാം. സൗകര്യമുള്ള പക്ഷം വേനൽക്കാലത്ത് നനയ്ക്കുന്നത് നന്ന്. എന്നാൽ ചെടിയുടെ ചുവട്ടിൽ, പ്രത്യേകിച്ചും മഴ കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് നന്നല്ല. ആറുമാസത്തിലൊരിക്കൽ ചെടിയുടെ ചുവട്ടിൽ അധികം രോഗബാധയില്ലാത്ത ചെടികൾ നടീലിനുപയോഗിക്കുകയാണ് ഇതിനെതിരെ മുൻകരുതൽ. രോഗം ബാധിച്ച ചെടികൾ കഴിവതും വേഗം നശിപ്പിച്ചും മണ്ണിലൂടെയുള്ള രോഗപ്പകർച്ച തടയുകയും വേണം.
ഒന്നരവർഷം പ്രായമെത്തുമ്പോൾ ചിറ്റരത്തയുടെ വിളവെടുക്കാം. ചെടി പിഴുത് പ്രകന്ദം ശേഖരിക്കാം. വേരും ഇതര സസ്യഭാഗങ്ങളും നീക്കം ചെയ്ത് കഴുകിയെടുത്ത പ്രകന്ദങ്ങൾ പച്ചയായോ, അരിഞ്ഞുണക്കിയോ വിപണനം ചെയ്യാം. യാദൃച്ഛികമായി വിലക്കുറവോ വിപണിയിലെ മാന്ദ്യമോ മൂലം വിളവെടുപ്പ് വൈകിയാലും കുഴപ്പമില്ല, ചെടി നിന്ന് വളർന്നുകൊള്ളും. വിളവ് വർധിക്കയും ചെയ്യും. കാരണം ഇതൊരു ബഹുവർഷി സസ്യമാണ്. ഇഞ്ചിയിലും മഞ്ഞളിലും മറ്റുമുള്ളതു പോലെ ചെടി മൂപ്പെത്തുമ്പോൾ ഇലയും തണ്ടും പഴുത്തുണങ്ങി വീഴാറില്ല.
Share your comments