മനുഷ്യന് പനി വരുന്നതു പോലെയാണ് തെങ്ങിന്റെ മച്ചിങ്ങ കൊഴിച്ചിൽ. പനി ഒരിക്കലും ഒരു രോഗമെന്നു പറയാൻ കഴിയില്ല; പലപ്പോഴും മറ്റേതോ ശാരീരിക അസ്വസ്ഥതകളുടെ പരോക്ഷമായ ലക്ഷണമാണ്. തെങ്ങിന്റെ മച്ചിങ്ങ കൊഴിച്ചിലും (Button Shedding) ഇങ്ങനെ തന്നെ. മറ്റേതോ ഗുരുതര പ്രശ്നത്തിന്റെ പ്രതിഫലനമാണ് മച്ചിങ്ങ കൊഴിച്ചിൽ. ഇതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്.
1. തെങ്ങിൻ തടത്തിലെ വെള്ളക്കെട്ട്
വെള്ളക്കെട്ടും നീർവാർച്ചയുടെ കുറവുമൊക്കെ മച്ചിങ്ങ കൊഴിച്ചിലിന് ഇടയാക്കും. ദീർഘനാൾ വെള്ളം കെട്ടി നിന്നാൽ അത് വേരുകൾ അഴുകാനും ഓല മഞ്ഞളിക്കാനും മച്ചിങ്ങ പൊഴിയാനുമൊക്കെ ഇടയാക്കും. നീർവാർച്ചാ സൗകര്യം വർധിപ്പിക്കുകയാണ് ഇതിനുള്ള പോംവഴി.
2. നീണ്ടുനിൽക്കുന്ന വരൾച്ച
തെങ്ങിന് ജലസംഭരണശേഷി താരതമ്യേന കുറവാണ്. അതിനാൽ നീണ്ട വരൾച്ചാകാലം മച്ചിങ്ങ പൊഴിയാൻ ഇടയാകും. ഇടയിളക്കൽ, പുതയിടൽ, തൊണ്ടുമൂടൽ എന്നിവ വഴി ഒരു പരിധി വരെ വരൾച്ചയുടെ ദോഷഫലങ്ങൾ കുറയ്ക്കാം. നവംബർ - ഡിസംബറിൽ തെങ്ങിന്റെ തടമൊഴിച്ചുള്ള ഭാഗങ്ങൾ കിളച്ച് മണ്ണിളക്കിയിടണം. ഒരു നിര തൊണ്ട് തടത്തിൽ കമഴ്ത്തി മൂടാം.
3. കീടബാധ
പൂങ്കുലച്ചാഴി, മണ്ഡരി, മീലിമുട്ട എന്നീ കീടങ്ങളുടെ ഉപദ്രവം മച്ചിങ്ങ പൊഴിയാൻ കാരണമാകാറുണ്ട് ഇവയെ യഥാവിധിയുള്ള നിയന്ത്രണമാർഗങ്ങൾ വഴി നശിപ്പിക്കുക.
4. കുമിൾ രോഗങ്ങൾ
ചില കുമിൾ രോഗങ്ങൾ മച്ചിങ്ങ കൊഴിച്ചിലിന് ഇടയാക്കുന്നു. ഇവയും യഥാവിധി കുമിൾ നാശിനികൾ പ്രയോഗിച്ചും മറ്റും പരിപാലന രീതികൾ വഴിയും നിയന്ത്രിക്കുക.
ഫൈറ്റോഫ്ലോറ, കൊളിറ്റോ ട്രൈക്കം എന്നീ കുമിളുകളാണ് ഇവിടുത്തെ പ്രധാന വില്ലൻമാർ. മഴക്കാലത്താണ് ഇവയുടെ സാന്നിധ്യം കാണുകയെങ്കിലും മഴ കുറഞ്ഞ് വേനൽക്കാലം വരുന്നതോടെയാണ് ഇവ വ്യാപകമാകുന്നത്. ഇളം പ്രായത്തിള്ള പെൺപൂക്കളെയും മച്ചിങ്ങയെയും വളർച്ചയെത്താത്ത തേങ്ങയെയും രോഗാണുക്കൾ പിടികൂടും. രോഗബാധയുടെ തുടക്കത്തിൽ വെള്ളത്തിൽ കുതിർന്നതു പോലെയുള്ള പാടുകൾ കാണുകയും ക്രമേണ ആ ഭാഗത്തുള്ള കോശങ്ങൾ ചീഞ്ഞ് നശിക്കുകയും ചെയ്യും. ഒപ്പം അവ ഞെട്ടിൽ നിന്ന് അടർന്നു വീഴുകയും ചെയ്യും. ഒരു കുലയിലെ മുഴുവൻ മച്ചിങ്ങയെയും ഇത് ബാധിക്കാറുണ്ട്. മഴക്കാലത്തെ ഈർപ്പവും താഴ്ന്ന അന്തരീക്ഷ ഊഷ്മാവും രോഗ ബീജങ്ങളുടെ വർധനയ്ക്ക് സഹായകമാണ്.
തെങ്ങുകളിൽ മഴക്കാലം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുന്നത് ഈ വിധത്തിലെ മച്ചിങ്ങ പൊഴിച്ചിൽ നിയന്ത്രിക്കും.
5. പൊട്ടാഷിന്റെ കുറവ്
തെങ്ങിന്റെ ഉൽപ്പാദനശേഷിയിൽ പൊട്ടാഷ് വളത്തിന് നിർണായക സ്ഥാനമുണ്ട്. തെങ്ങിന് രോഗപ്രതിരോധശേഷി നൽകുന്നതും പൊട്ടാഷാണ്. പൊട്ടാഷിന്റെ അളവ് മണ്ണിൽ കുറയുന്നത് മച്ചിങ്ങ പൊഴിയാൻ ഇടയാക്കും. ശാസ്ത്രീയ വളപ്രയോഗം വഴി പൊട്ടാഷിൻ്റെ കുറവ് പരിഹരിച്ചാൽ മതി.
ഇവയ്ക്കു പുറമേ കാലാവസ്ഥാ വ്യതിയാനം, പരാഗണത്തിൽ സംഭവിക്കുന്ന തകരാറുകൾ, പൂക്കളുടെ ഘടനാവൈകല്യം, സങ്കരണത്തിനുശേഷ മുള്ള ഭ്രൂണനാശം, കൂടുതൽ കായ്കൾ താങ്ങാനുള്ള മരത്തിന്റെ ശേഷിക്കുറവ് തുടങ്ങിയ കാരണങ്ങളും ഇവയെല്ലാം നിയന്ത്രിക്കുക മനുഷ്യസാധ്യമല്ലെങ്കിലും നിയന്ത്രണസാധ്യമായ കാരണങ്ങൾ കണ്ടെത്തുകയും അവ കണ്ടുപിടിച്ച് നിയന്ത്രിക്കുകയും വേണം.
എത്ര തന്നെ ശ്രമിച്ചാലും നാല്പതോ പരമാവധി അമ്പതു ശതമാനം വരെയോ മച്ചിങ്ങകൾ മാത്രമേ പൂർണവളർച്ചയെത്തി തേങ്ങയായി മാറുകയുള്ളൂ.
Share your comments