സമ്മിശ്ര കൃഷിയിലൂടെയും ശാസ്ത്രീയ തെങ്ങുകൃഷിയിലൂടെയും നടത്തിയ തിരിച്ചുവരവ് പരമ്പരാഗത കൃഷിക്കാരനായ എരുത്തേമ്പതി വണ്ണാമട പി. രഘുനാഥന് നേടിക്കൊടുത്തത് 2022-ലെ കൃഷിവകുപ്പിന്റെ കേരകേസരി പുരസ്കാരം. കൃഷിയിടത്തിൽ പ്രധാന വിള തെങ്ങാണ്. രണ്ടുമുതൽ 50 വർഷംവരെ പ്രായമുള്ള തെങ്ങുകളാണ് കൃഷിയിടത്തിൽ ഉള്ളത്. 7.5 മീറ്റർ അകലത്തിലാണ് തെങ്ങുകൾ നട്ടിട്ടുള്ളത്.
1,300-ലേറെ തെങ്ങുകൾക്കു പുറമേ ഇടവിളയായി 3,000-ത്തോളം കവുങ്ങുകളും 750 ജാതിയുമുണ്ട്. വാഴ, സപ്പോട്ട, തീറ്റപ്പുല്ല്, ഔഷധസസ്യങ്ങൾ, വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ എന്നിവയും കൃഷി ചെയ്തു വരുന്നു. കറവപ്പശു വളർത്തൽ, കോഴി വളർത്തൽ, മത്സ്യക്കൃഷി എന്നിവയും രഘുനാഥന്റെ കൃഷിയിടത്തിലുണ്ട്. ശാസ്ത്രീയവും പരമ്പരാഗതവും ആയിട്ടുള്ള കൃഷിരീതികൾ ഇവിടെ കാണാം. കൃത്യമായ വളപ്രയോഗവും ജലസേചനവും തേങ്ങയുടെ ഉത്പാദനം കൂട്ടുവാൻ വളരെയേറെ സഹായിക്കുന്നതായി രഘുനാഥ് പറഞ്ഞു.
ജൈവവളമാണ് തെങ്ങുകൾക്ക് നൽകുന്നത്. കമ്പോസ്റ്റ് വളത്തിനൊപ്പം ചാണകം, ജീവാമൃതം, ഫിഷ് അമിനോ ആസിഡ്, പഞ്ചഗവ്യം എന്നിവ ഉപയോഗിക്കാറുണ്ട്. തെങ്ങോലയും ചകിരിയും വളമായി ഉപയോഗിക്കുന്നു. മണ്ണിലെ ഈർപ്പം നിലനിർത്താൻ ഇവ സഹായകരമാണ്. ജലസേചനത്തിനായി കൃഷിയിടത്തിൽ കുളവും കുഴൽക്കിണറുമുണ്ട്. തുള്ളിനന ജലസേചനമാണ് ഇവിടെയുള്ളത്. 100 പശുക്കളുള്ള ഫാമിൽ നിന്ന് ചാണകവും ഗോമൂത്രവും പ്രത്യേകം പൈപ്പിലൂടെ സ്വന്തം കൃഷിയിടത്തിലെ കിണറ്റിൽ എത്തിച്ച് പമ്പുചെയ്ത് തുള്ളിനന രീതിയിലൂടെ തെങ്ങിനും ഇടവിള കൃഷികൾക്കും നൽകുന്നു.
കൊപ്ര ഉണക്കൽ യന്ത്രം ഉപയോഗിച്ച് കൊപ്ര ഉണ്ടാക്കി അത് ആട്ടിയെടുത്ത് ശുദ്ധമായ വെളിച്ചെണ്ണയും മറ്റ് ഉത്പന്നങ്ങളും ഇദ്ദേഹം വിപണനം ചെയ്യുന്നുണ്ട്. കൂടാതെ ജാതിക്കയിൽനിന്നും അടയ്ക്കയിൽനിന്നും പാലിൽനിന്നും മികച്ച വരുമാനം നേടിയെടുക്കുന്ന കർഷകനാണ് 69 കാരനായ രഘുനാഥൻ.
Share your comments