കേരളത്തിലെ മണ്ണ് പൊതുവെ ജല ചേർച്ചയുള്ളതും ജലസംഗ്രഹണ ശേഷി കുറഞ്ഞതുമായതു കൊണ്ട് ഉപരിതല ജലസേചനത്തെ അപേക്ഷിച്ച് കണിക ജലസേചന രീതിയാണ് കൂടുതൽ ഉത്തമം. കൂടാതെ കണിക ജലസേചന രീതിയിൽ വളങ്ങൾ കൂടുതൽ കാര്യക്ഷമമായി തെങ്ങിന് ലഭ്യമാകുന്നു. രാസവളങ്ങൾ കണിക ജലസേചനത്തിലൂടെ നൽകുന്ന വളപ്രയോഗരീതിയും അവലംബിക്കാവുന്നതാണ്. മൊത്തം ശുപാർശ ചെയ്തിട്ടുള്ള രാസവളത്തിന്റെ അളവ് നേർപകുതിയായി കുറയ്ക്കാൻ പ്രസ്‌തുത ജലസേചന രീതി അവലംബിക്കുന്നതു വഴി സാധിക്കും. കേരളത്തിൽ വേനൽക്കാലത്ത് വേണ്ടത്ര ജലം ലഭിക്കാത്ത പ്രദേശങ്ങളിൽ ഈ രീതി സ്വീകരിക്കുന്നത് വളരെ നന്നായിരിക്കും.
വെള്ളം തുള്ളി തുള്ളിയായി തെങ്ങിന്റെ ചുവട്ടിൽ ആവശ്യത്തിന് മാത്രം വേരിന് സമീപം ഈ രീതി വഴി എത്തിച്ചു കൊടുക്കുന്നതുകൊണ്ട് ബാഷ്‌പീകരണ നിമിത്തവും മണ്ണിൽ ആഴ്ന്നിറങ്ങിയും നഷ്ടമായി പോകുന്നത് പരമാവധി കുറക്കാൻ സാധിക്കുന്നു. അതായത് ഈ രീതി അവലംബിക്കുകയാണെങ്കിൽ സാധാരണ നനക്കാൻ ഉപയോഗിക്കുന്നതിന്റെ പകുതിയിൽ കുറച്ചു വെള്ളം മതി.
കേരളത്തിലെ തെങ്ങിൻ തോപ്പുകൾ വേനൽക്കാലം കടുത്തതോടെ കൊടും വരൾച്ച നേരിടുകയാണ്. ഈ അവസരത്തെ മുകളിൽ വിവരിച്ച രീതികൾ അവലംബിച്ച് ജലസേചനം നടത്താൻ ഇനിയും വൈകിക്കൂടാ.
നനക്കുന്നതിനൊപ്പം തെങ്ങിൻ തടത്തിൽ നിന്ന് ജലാംശം കൊടുംചൂടിൽ നഷ്ടപ്പെട്ടു പോകാതിരിക്കാൻ തെങ്ങോല കൊണ്ടോ തൊണ്ടു കൊണ്ടോ അല്ലെങ്കിൽ മറ്റ് ജൈവ വസ്തു കൊണ്ടോ പുതയിടുകയും വേണം. പുതയിടാൻ മണ്ണിന്റെ ചൂടുകുറയ്ക്കാനും, തെങ്ങിന് ഉപകാരപ്രദമായ മണ്ണിലെ സൂക്ഷമജീവിക്ക് വളരാൻ അനുകൂലമായ സാഹചര്യമൊരുക്കുവാനും സാധിക്കുന്നു. ഒരു വർഷംവരെ പ്രായമായ തൈ തെങ്ങുകളെ വേനൽ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേക പരിചരണം ആവശ്യമാണ്.
നനയ്ക്കുന്നതിനൊപ്പം മെടഞ്ഞെടുത്ത ഓലകൾ കൊണ്ട് തൈകൾക്ക് തണൽ കൊടുക്കണം. ഓല തെക്കുപടിഞ്ഞാറായി നാട്ടി ഉച്ചയ്ക്ക് ശേഷമുള്ള വെയിലിൽ നിന്ന് സംരക്ഷണം നൽകണം. ഇതു വഴി വരും കാലങ്ങളിൽ നാളികേരോൽപാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും.
Share your comments