6.5 മുതൽ 7.0 വരെ പി.എച്ച്. ഉള്ള നിര സാവധാനം ചൂടാക്കിയാണ് തെങ്ങിൻ ചക്കര ഉണ്ടാക്കുന്നത്. 8-10 ദിവസം കഴിയുമ്പോൾ നീര ഊറിയിറങ്ങാൻ തുടങ്ങും. ഇത് മൺകുടങ്ങളിലോ മുളങ്കുഴലുകളിലോ ശേഖരിക്കണം.
തെങ്ങിൻചൊട്ട തെങ്ങിൻ മണ്ടയിൽ 20 മുതൽ 40 ഡിഗ്രി വരെ ചരിവിലാണ് നിൽക്കുന്നത്. അതിനാൽ ഒഴുകാൻ തുടങ്ങുന്ന നീര ഒഴുകി പരക്കാനിടയുണ്ട്. ഇതു തടയാൻ പരമ്പരാഗതമായി കളിമണ്ണോ പശിമയുള്ള ഏതെങ്കിലും പദാർഥമോ ഇലകളുടെ ചാറോ ഒക്കെ മുറിഭാഗത്തും അരികിലുമായി തേച്ചു പിടിപ്പിക്കുകയാണു പതിവ്. ചൊട്ടയുടെ പുറത്തേക്ക് നീര് ഒഴുകിപ്പരക്കാതിരിക്കാൻ ഒരു ഓലക്കാൽ ചൊട്ടയുടെ മുറിവായിൽ ചുറ്റിക്കെട്ടി, മൺ കുടത്തിലേക്കോ മുളങ്കുഴലിലേക്കോ നീര് തുള്ളിതുള്ളിയായി വീഴാൻ അവസരമൊരുക്കുന്നു.
നീര പുളിക്കാതിരിക്കാൻ കുടത്തിനുള്ളിൽ ചുണ്ണാമ്പ് പുരട്ടി വയ്ക്കും. ഈ രീതിയിൽ ശേഖരിക്കുമ്പോൾ കളിമണ്ണ് പറ്റിയും പ്രാണികളും ഉറുമ്പുമൊക്കെ കലർന്നും നീര വേഗം പുളിച്ചു പോകുന്നു. എന്നാൽ, ഈ വിധം പുളിക്കാതെ വൃത്തിയോടെയും പുതുമയോടെയും നീര ശേഖരിക്കാൻ കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഒരു ലഘു ഉപകരണം തയാറാക്കിയിട്ടുണ്ട്.
ചൊട്ടയുടെ വ്യാസത്തിനനുസരിച്ച് ഘടിപ്പിക്കാവുന്ന പല വലിപ്പത്തിലുള്ള കുഴലാണിത്. ഇതിൻ്റെ ഒരറ്റം അടച്ചതും മറ്റേ അറ്റം ചൊട്ടയുടെ മുറിഭാഗത്ത് മുറുകെ വിടവില്ലാത്ത വിധം ഘടിപ്പിക്കാവുന്നതുമാണ്. അതിനാൽ നീര പുറത്തേക്കൊലിച്ചു പോകില്ല. ഇതിനോട് ഒരു പൈപ്പ് ഘടിപ്പിച്ചതിനു ശേഷം അതിന്റെ മറുഭാഗം നീര ശേഖരിക്കാനുള്ള പാത്രത്തിലേക്ക് ഘടിപ്പിക്കും.
ചൊട്ടയുടെ മുറിഭാഗത്തു നിന്നൊഴുകി വരുന്ന നീര കുഴലിലൂടെ പൈപ്പു വഴിപാത്രത്തിലെത്തും. നീര ശേഖരിക്കാനുള്ള പാത്രം ഐസ് നിറച്ച ബോക്‌സിലാണ് വയ്ക്കേണ്ടത്.
ചൊട്ടയുടെ മുറിഭാഗത്ത് ഘടിപ്പിക്കുന്ന കുഴൽ മുതൽ ശേഖരിക്കുന്ന പാത്രം വരെ പൂർണമായും അടച്ചു വച്ചിട്ടുള്ളതിനാൽ അത് പുളിച്ചു പോകില്ല. അതിനാൽ ഇവിടെ ചുണ്ണാമ്പ് ആവശ്യവുമില്ല. ദിവസം രണ്ടുനേരം നീര ചെത്താം. രാവിലെയും വൈകുന്നേരവും. നീരയുടെ അളവ് ഓരോ ദിവസവും ഓരോ സീസണിലും ഓരോ ചൊട്ടയിലും ഓരോ തെങ്ങിലും വ്യത്യസ്തമായിരിക്കും. ആരോഗ്യമുള്ള തെങ്ങിൽനിന്ന് ഒരു ദിവസം 1.5 മുതൽ 2.5 ലിറ്റർ വരെ നീര കിട്ടും.
Share your comments