അടുക്കളത്തോട്ടത്തിന് അടുക്കള സഹായം ജൈവകൃഷി ഫലപ്രദമാക്കുന്നതിന് അടുക്കളയിൽ നിന്നു പുറതള്ളുന്ന പല വസ്തുക്കളും വളമായും കീടനാശിനിയായും പ്രയോജനപ്പെടുത്താൻ കഴിയും.
ചാരം, കഞ്ഞിവെള്ളം, കാടിവെള്ളം, മത്സ്യം കഴുകിയ വെള്ളം, മാംസാവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ, പച്ചക്കറികൾ കഴുകിയ വെള്ളം എന്നിവ വളമായി ഉപയോഗിക്കാം. ജൈവാവശിഷ്ടങ്ങൾ നേരിട്ടു ചെടികളുടെ ചുവട്ടിൽ കുഴിച്ചിടുകയോ, കമ്പോസ്റ്റോ മണ്ണിരക്കമ്പോസ്റ്റോ ആക്കി ഉപയോഗിക്കുകയോ ആകാം.
പയർ നട്ട് 35 ദിവസം പ്രായമെത്തുമ്പോൾ പയറിനു ചാരം ഇടുന്നത് പൂവ് കൊഴിയുന്നത് ഒഴിവാക്കുന്നതിനു നല്ലതാണ്. എന്നാൽ ചീരയുടെ ചുവട്ടിൽ ചാരം വിതറിയാൽ എളുപ്പം കതിരുവന്ന നശിച്ചുപോകും.
ചിരട്ട കത്തിച്ച കരി, വെള്ളം ചേർത്തരച്ച് അതിൽ സസ്യങ്ങൾ നടുന്ന സമയത്ത് തണ്ടും വേരും മുക്കിയെടുത്താൽ ഹോർമോണുകളുടെ പ്രവർത്തനം ത്വരിതപ്പെടുകയും പെട്ടെന്നു വേരു മുളയ്ക്കുകയും ചെയ്യും.
ഇലതീനിപ്പുഴുവിനെ നിയന്ത്രിക്കുന്നതിന് ഇലയ്ക്കു മുകളിൽ ചാരം വിതറുന്നതു നല്ലതാണ്.
ഒരു കിലോഗ്രാം ചാരം അരിച്ചെടുത്ത് അതിൽ 200 ഗ്രാം വീതം ഉപ്പുപൊടി, നീറ്റുകക്കപ്പൊടി എന്നിവ ചേർത്തു കീടങ്ങളുള്ള ഭാഗത്ത് വിതറിയാൽ പുഴുക്കളെയും മുഞ്ഞയെയും നിയന്ത്രിക്കാം.
വിത്തുകൾ വിറകു കത്തിച്ച് ചാരമെടുത്ത് ചൂടു മാറിയ ഉടനേ അതിൽ ഇട്ട് ഇളക്കിയെടുത്തു സൂക്ഷിച്ചാൽ കൂടുതൽ കാലം കേടുകൂടാതെയിരിക്കും.
ചെടികൾക്കുമേൽ പുളിച്ച കഞ്ഞിവെള്ളം തളിച്ചാൽ ചിതൽ കീടം, മീലിമൂട്ടകൾ എന്നിവയെ നിയന്ത്രിക്കാം.
തേയിലച്ചണ്ടി, മുട്ടത്തോട് എന്നിവ ചെടിയുടെ ചുവട്ടിലിടുന്നത് വളർച്ച ത്വരിതപ്പെടുത്തും.
തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഹോർമോണുകൾ വേരിന്റെ വളർച്ച ത്വരിതപ്പെടുത്തും.
Share your comments