നിരവധി വർണങ്ങൾ പെയിന്റു ചെയ്തതുപോലെയുള്ള മനോഹരമായ ഇലകൾ കനിഞ്ഞു നൽകി പ്രകൃതി സൃഷ്ടിച്ച ഒരു അലങ്കാര ഇലച്ചെടിയാണ് കോളിയസ്. അനായാസം വളർത്താവുന്ന ഒരു അലങ്കാര സസ്യം എന്ന പ്രത്യേകതയും കോളിയസിനുണ്ട്.
പരമാവധി 90 സെ.മീ. ഉയരത്തിൽ വരെയാണ് സാധാരണയായി കോളിയസ് വളരുന്നത്. 'കോളിയസ് ബ്ലൂമേ' എന്ന ഇനമാണ് ഏറെ പ്രചാരം നേടിയതും നമുക്കൊക്കെ സുപരിചിതമായതും. ജാവയാണ് ഈ അലങ്കാര ഇലച്ചെടിയുടെ ജന്മദേശം.
പച്ച, ഇളം പച്ച, മഞ്ഞ, കടുംചുവപ്പ്, മെറൂൺ, പാടലം, ചെമ്പ്, പിങ്ക്, ക്രീം, വെള്ള തുടങ്ങി വിവിധ വർണങ്ങളിൽ ഇലകൾ വിടർത്തുന്ന കോളിയസ് ഇനങ്ങളുണ്ട്. ചില ഇനങ്ങളിൽ ഈ നിറങ്ങൾ ഒറ്റയ്ക്കു കാണുമ്പോൾ മറ്റു ചിലതിൽ ഇവ ഇടകലർന്ന് ഇലപ്പരപ്പിൽ കാണുന്നു. ഇലകൾക്ക് കുറഞ്ഞത് 5 സെ.മീ. മുതൽ 20 സെ.മീ. വരെ വലിപ്പമുണ്ടായിരിക്കും.
വെറും നാലോ അഞ്ചോ മാസം കൊണ്ട് വളർച്ച പൂർത്തിയാകും എന്നതാണ് കോളിയസിന്റെ പ്രത്യേകത. ഉദ്യാനത്തിന്റെ വിവിധ ഭാഗങ്ങളെ വേർതിരിക്കാനും പുൽത്തകിടിയുടെ അരികുകളിൽ വളർത്താനും പറ്റിയ ഒരു ഇലച്ചെടി കൂടിയാണിത്. അത്യാവശ്യം വെളിച്ചം കിട്ടുമെങ്കിൽ ചട്ടിയിൽ വളർത്തി മുറിക്കുള്ളിലും വയ്ക്കാം.
വിത്തു പാകിയും ഇളം കമ്പൊടിച്ചു കുത്തിയും കോളിയസ് വളർത്താം. അതും വർഷകാലത്തോടടുത്തായാൽ ഏറെ നന്ന്. വിത്ത് വളരെ ചെറുതാണ്. അതിനാൽ അവ പ്രത്യേകം തടത്തിലോ ചട്ടിയിലോ പാകി മുളപ്പിച്ച് എടുക്കണം. മേൽമണ്ണും അഴുകിയ ഇലപ്പൊടിയും മണലും 2. 2: 1 എന്ന അനുപാതത്തിൽ കലർത്തിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയിൽ വിത്തു പാകി മുളപ്പിക്കാം. വിത്തു ചട്ടികൾ വെള്ളം നിറച്ച ട്രേയിൽ വച്ചാൽ ഇളംതൈകൾക്ക് ആവശ്യത്തിനുള്ള നനവ് ഇതിൽ നിന്ന് സ്വാഭാവികമായും ലഭിച്ചു കൊള്ളും.
തണ്ടു മുറിച്ചു നടാനാണെങ്കിൽ ഇലമുട്ടിനു തൊട്ടു താഴെവച്ച് തണ്ട് വൃത്തിയുള്ള ഒരു കത്തി കൊണ്ട് മുറിച്ചെടുക്കുക. തണ്ടിന്റെ ചുറ്റിലുള്ള ഇലകൾ നീക്കി, സെറാഡിക്സ് പോലുള്ള ഏതെങ്കിലും ഒരു വേരുപിടിപ്പിക്കൽ ഹോർമോണിൽ മുക്കിയിട്ട് വൃത്തിയുള്ള ചട്ടിയിൽ നടുക. ഇവ വേരു പിടിച്ചു കഴിയുമ്പോൾ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയിലേക്ക് മാറ്റി നടാം.
Share your comments