മാഞ്ഞു പോകുന്ന മാമ്പഴക്കാലം
കൊച്ചു കളീക്കലെ മാവ് പതിവിലധികം കായ്ച്ചിട്ടുണ്ടാരുന്നു.അതിരിൽ നില്കുന്ന നാട്ടുമാവിലേറെയും പഴുത്ത് പൊഴിയുകയാണ്.
ഇത്തവണ ആർക്കും വേണ്ട, വിളയുന്നതിനു മുമ്പേ പുഴു കയറിയതാണ് കാരണം.
ഓ, അല്ലെങ്കിത്തന്നെ ആർക്കു വേണം.നല്ല തുടുത്ത് സ്വർണ്ണക്കളറിൽ പഴക്കടയിൽ നിരന്നിരിക്കുന്ന നല്ല സൂപ്പർ അൽഫോൻസാ വാങ്ങി ഫ്രിഡ്ജിലുള്ളപ്പോ, ആരാ ഇതൊക്കെ.
പെട്ടെന്നൊരു കാറ്റു വീശി. കിഴക്കേലെ കോട്ടുത്താഴെ പീതാംബരൻ സാറിൻ്റെ പടിഞ്ഞാറേ അതിരിലെ മാവ് ഞങ്ങടെ ഓലപ്പുരയിൽ നിന്ന് നോക്കിയാൽ കാണാം! ഇടയ്ക്കിടെ നിയന്ത്രണം വിട്ടു പോകാറുള്ള നിക്കറിനെ മാടിയുറപ്പിച്ച് മറ്റൊരു കാറ്റിൻ്റെ വേഗതയിൽ ഞാനോടി
എനിക്കു മുമ്പേ വന്നവർ അവിടെ പെറുക്കിക്കൂട്ടുകയാണ് മാങ്ങകൾ .
മഞ്ഞ നിറമുള്ളത്, മഞ്ഞയും പച്ചയും കലർന്ന കുമ്പഴപ്പൻ, തനിക്കട്ടിപ്പച്ചനിറത്തിൽ.
എനിക്കും കിട്ടി നാലെണ്ണം, മൂന്നെണ്ണം പോക്കറ്റിലിട്ടു. ഒരെണ്ണമെടുത്ത് ഒറ്റക്കടി. ത്ഫൂ. ചുന കടിച്ച് തുപ്പി
തൊലി പുറമേ നിർത്തി അകത്തെ അമൃതെല്ലാം വലിച്ചു ചപ്പിയെടുത്തു കടവായിൽ നിന്നും താഴേക്കൊഴുകിയതൊക്കെ നെഞ്ചിന് താഴൊട്ട് ചിത്രം വരച്ചുകൊണ്ടിരുന്നു.
തൊലി തിന്നു കഴിഞ്ഞ് മാങ്ങയണ്ടി വലിച്ചു ചപ്പി നാരുകൾ നീട്ടി. ഇത്ര രുചിയനുഭവിച്ച ഒരു ബാല്യം.
ആ സീസൺ കഴിയുന്നവരെ എനിക്കൊരു മാങ്ങാ മണമായിരുന്നു .
ചില നേരങ്ങളിൽ മാങ്ങയും തെളിനീരും കഴിച്ച് ആ മാവിൻ ചുവട്ടിൽ തന്നെ കിടന്നുറങ്ങിയ കാലം..
ഇന്നത്തെ തലമുറ മാവിലെറിഞ്ഞിട്ടുണ്ടോ.
അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ,
നിനക്കൊരു തേൻ പഴം, എനിക്കൊരു മാമ്പഴം ന്ന് പാടിയിട്ടുണ്ടോ.
നല്ലൊരു പോരാളിയായി നിന്ന് മേലെ കൊമ്പിലെ കിളിച്ചുണ്ടനെ കൊഴി കീച്ചിയിട്ടുണ്ടോ.
കർപ്പൂര മാങ്ങ പൂളി ഉപ്പും, മുളകും, ചേർത്ത് പച്ചക്ക് കഴിച്ചിട്ടുണ്ടോ.
മൂവാണ്ടൻ മാങ്ങയുടെ മെത്തപ്പൂളു ചെത്തി രണ്ടായി മുറിച്ച് സമാസമം കഴിച്ചിട്ടുണ്ടോ.?
ഇല്ല . അല്ലേ !
നിങ്ങളുടെ കുഴപ്പമല്ല മക്കളേ,
സിമൻ്റു തറയിൽ നിന്നും ഭൂമിയിലേക്ക് കാലു തൊടാതെ നടക്കാൻ പഠിപ്പിച്ച, മാഞ്ചോട്ടിൽ വീണത് എടുക്കാൻ സമ്മതിക്കാതെ, രോഗം വരുമെന്ന് പേടിപ്പിച്ച് മാറ്റി നിർത്തിയ, തലമുറയുടെ മക്കളാണ് നിങ്ങൾ.
അയലത്തെ കുട്ടികളെ ഇന്നുവരെ കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങളെങ്ങനെ, മാവിൻ ചുവട്ടിലൊത്തുചേരും, ഒത്തുചേർന്നെങ്ങിനെ കുതിരയെ കെട്ടും. പറ്റില്ല അല്ലേ .?
മാവിൻ്റെ തളിരില തിന്നാൻ വന്ന അനാഥനായ കുയിൽ പാടിയ വിരഹഗാനത്തിന് എതിരുപാടിയ കൂട്ടുകാർ തങ്ങളുടെ മക്കളെ കൂട്ടിലടച്ചു വളർത്തി.
(ഇപ്പോഴും ഓരോ കുയിലും അനാഥ ജൻമങ്ങളായി കൊത്തിയകറ്റപ്പെടുന്നു.
കുയിലുകൾ പിന്നെയും പാടി, മാവുകൾ പിന്നെയും പൂത്തു, അണ്ണാറക്കണ്ണനും, പൂവാലൻ കാറ്റും പിന്നെയും,പിന്നെയും കാത്തിരുന്നു.
പക്ഷേ, നിങ്ങളെത്തിയില്ലല്ലോ മക്കളേ.
പൊഴിഞ്ഞു വീണ നാട്ടുമാങ്ങകൾ മണ്ണോട് ചേർന്ന് വിലപിക്കുന്നത് എനിക്കു കേൾക്കാം.
ഇപ്പോൾ ആഞ്ഞുവീശിയ ആ കാറ്റ് വഴി മറന്നപോലെ, നിശ്ചലമായി നിന്നു. ഓർമ്മകളുടെ മാമ്പഴക്കാലം കൺമുമ്പിൽ മാഞ്ഞു പോകുന്നു.
സ്വപ്നം: ആയിരം കെട്ടുകാഴ്ചകൾ കെട്ടിപ്പൊക്കുന്ന ഓണാട്ടുകരയുടെ മക്കൾ ഒരു തൈമാവുനട്ട് മൂന്നാം വർഷം മുതൽ അതിൻ്റെ ചുവട്ടിൽ ഒത്തുകൂടി പുത്തൻ കാഴ്ച സമർപ്പിക്കുന്നത്
എഴുത്ത്: സജിത് സംഘമിത്ര
8113917147
Share your comments