നല്ല ചൂടും സൂര്യപ്രകാശവും താമരയുടെ വളർച്ചക്ക് ആവശ്യമാണ്. വേണ്ടത് സൂര്യപ്രകാശം ലഭിച്ചെങ്കിൽ മാത്രമേ താമര നല്ലതു പോലെ പുഷ്പിക്കുകയുള്ളൂ. നല്ല വളക്കൂറുള്ളതും ചെളിയുടെ അംശം കൂടുതലുള്ളതും ആയ മണ്ണാണ് പ്രകന്ദങ്ങളുടെ വളർച്ചക്ക് ഏറ്റവും അനുയോജ്യം.
നടുന്ന സമയം
ഏപ്രിൽ-മേയ് മാസങ്ങളാണ് കൃഷി തുടങ്ങാൻ ഏറ്റവും അനുയോജ്യം.
പ്രവർദ്ധനം
വളർന്നുകൊണ്ടിരിക്കുന്ന മുകുളങ്ങളോടുകൂടിയ പ്രകന്ദഭാഗങ്ങളും, വിത്തുകളും നടീൽ വസ്തുക്കളായി ഉപയോഗിക്കാം. വിത്തുകൾക്ക് നിദ്രാവസ്ഥയുണ്ട്. അതിനാൽ നടുന്നതിനുമുമ്പ് വിത്തിന്റെ രണ്ടറ്റവും ഉരച്ച് പുറംതോടിന്റെ കട്ടി കുറച്ചാൽ മാത്രമേ അവ മുളച്ചു വരികയുള്ളു.
ഇനങ്ങൾ
വെൺതാമര, ചെന്താമര എന്നീ രണ്ടുതരം താമരകളാണ് പൊതുവേ കാണപ്പെടുന്നത്.
നിലമൊരുക്കൽ
സാധാരണയായി ചതുപ്പുനിലങ്ങളിലാണ് താമര വളരുന്നത്. എന്നാൽ ടാങ്കുകളിലും മറ്റും താമര കൃഷി ചെയ്യാൻ പറ്റും. ചെളി (മണ്ണ്) മണൽ, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തിൽ യോജിപ്പിച്ച് ഏകദേശം ഒരടി കനത്തിൽ ടാങ്കിൽ നിറക്കുക. നടുന്ന സമയത്ത് ഈ മിശ്രിതം ഒരു കുഴമ്പുപരുവത്തിൽ ആയിരിക്കണം. അധികം വെള്ളം കെട്ടി നില്ക്കാൻ പാടില്ല.
നടിൽ
കുഴമ്പു പരുവത്തിൽ ഇരിക്കുന്ന മിശ്രിതത്തിലേക്ക് രണ്ടാ മൂന്നോ വളർന്നുകൊണ്ടിരിക്കുന്ന മുകുളങ്ങളോടുകൂടിയ പ്രകന്ദം നടുക . നടുമ്പോൾ മുകുളങ്ങൾ ചെളിനിരപ്പിൽ നിന്നും ഉയർന്നു നില്ക്കണം അതേസമയം പർവ്വസന്ധികൾ മണ്ണിനടിയിലേക്കും ആയിരിക്കാൻ ശ്രദ്ധിക്കണം. മുകുളങ്ങൾ വളർന്ന് ഇലകൾ വിരിഞ്ഞുതുടങ്ങുന്നതനുസരിച്ച് ടാങ്കിലെ ജലനിരപ്പ് കുറേശ്ശേയായി കൂട്ടി കൊടുത്തുകൊണ്ടിരിക്കുക.
വളപ്രയോഗം
എല്ലാവർഷവും മഴക്കാലത്തിന്റെ ആരംഭത്തോടുകൂടി ചാണക പ്പൊടി, ഒരു സ്ക്വയർ മീറ്ററിന് ഒരു കിലോഗ്രാം എന്ന തോതിൽ ഇട്ടു കൊടുക്കണം. ആവശ്യത്തിന് ജലനിരപ്പ് നിലനിർത്താനും ശ്രദ്ധിക്കണം
കീടരോഗനിയന്ത്രണം
സർക്കോസ്പോറ' വർഗ്ഗത്തിൽപ്പെടുന്ന ഒരു ഫംഗസിന്റെ ആക്രമണം കൊണ്ട് താമരയിൽ ഇലപ്പുള്ളി രോഗം കണ്ടു വരാറു ബോർഡോ മിശ്രിതം തളിക്കുന്നതു വഴി ഈ രോഗത്തെ നിയന്ത്രിക്കാം.
ഏഫിഡുകളും, ഒച്ചുകളും താമരയുടെ ഇലത്തണ്ടുകളേയും ഇലകളേയും ആക്രമിക്കാറുണ്ട്. ഒച്ചുകളുടെ ആക്രമണം കാണുമ്പോൾ അല്പം തുരിശ് വെള്ളത്തിൽ ഇട്ടുകൊടുത്താൽ അവയെ നശിപ്പിക്കാൻ കഴിയും..
വിളവെടുപ്പും സംസ്കരണവും
ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ കിഴങ്ങുകൾ രൂപം കൊള്ളും. ഇവ ഒക്ടോബറിൽ വിളവെടുക്കാൻ പാകമാകും. ഒരു സ്ക്വയർ മീറ്റർ സ്ഥലത്തുനിന്ന് ഏകദേശം 2 കിലോ കിഴങ്ങു ലഭിക്കും.
ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ താമര പൂവിടാൻ തുടങ്ങും. ഡിസംബർ വരെ പൂക്കൾ ഉണ്ടായിക്കൊണ്ടിരിക്കും. പുഷ്പത്തണ്ട് ജലോപരിതലത്തിന് മുകളിൽ എത്തിയശേഷമേ പൂവിരിയുകയുള്ളു. വിപണനത്തിന് പൂക്കൾ വിരിയുന്നതിന് ഒന്നു രണ്ടുദിവസം മുമ്പ് പറിച്ചെടുക്കുന്നു. ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ ഇതു സഹായകമാണ്.
പൂവിരിഞ്ഞ് ഒരു മാസത്തിനുശേഷമേ വിത്തുകൾ മൂപ്പെത്തുക യുള്ളു. മൂപ്പെത്തുമ്പോൾ അവക്ക് കറുപ്പു കലർന്ന തവിട്ടുനിറമായിരിക്കും.കിഴങ്ങ് പച്ചയായും ഉണങ്ങിയും വിപണനം നടത്താം
Share your comments