ആരോഗ്യഗുണങ്ങളിലും ഔഷധ മേന്മയിലും സമ്പന്നമാണ് മുരിങ്ങ. നമ്മുടെ എല്ലാവരുടെയും വീട്ടുവളപ്പിൽ സ്ഥിരമായി കാണുന്ന മുരിങ്ങയുടെ അടിമുടി പ്രയോജനകരമാണ്. മുരിങ്ങയുടെ ഇലയും കായും പൂവുമെല്ലാം ഗുണപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മരച്ചീനി കൃഷിയിൽ നല്ല വിളവിന് തെരഞ്ഞെടുക്കേണ്ട ഇനങ്ങളും, വളപ്രയോഗ രീതിയും
ആഹാരത്തിൽ മാത്രമല്ല, മുരിങ്ങയുടെ തൊലി ഔഷധമായതിനാൽ അവ ആയുർവേദത്തിലും ഉപയോഗിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനും മുടി വളർച്ചയ്ക്കും എല്ലാം ഉതകുന്ന മുരിങ്ങയില ദിവസവും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത് പല രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണ്. രക്തസമ്മർദം കുറയ്‌ക്കാനും മുരിങ്ങയ്ക്ക വളരെ ഗുണപ്രദമാണ്.
എണ്ണിയാൽ തീരാത്ത ഗുണമേന്മകളുള്ള മുരിങ്ങ, കൃഷി നഷ്ടമാണെന്ന് പറയുന്നവർക്കുള്ള മറുപടി കൂടിയാണ്. കാരണം കാലവർഷം കൃത്യമായി കിട്ടാതെയും കീടാക്രമണം നേരിടേണ്ടി വരുന്നതുമെല്ലാം പലപ്പോഴും കർഷകരെ അറുതിയിലാക്കുന്നു.
എന്നാൽ, ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പോലും മുരിങ്ങ കൃഷി ചെയ്യുന്നത് ഗുണം ചെയ്യും. കാരണം, നല്ല വെളിച്ചവും വെള്ളവും കിട്ടിയാൽ മുരിങ്ങ നന്നായി കായ്ക്കും. നമ്മുടെ വീടുകളിൽ തന്നെ നട്ട് വളർത്തി ആവശ്യത്തിനുള്ള മുരിങ്ങക്കായയും പൂവുമെല്ലാം കിട്ടും. വെള്ളം സുലഭമായി ലഭിക്കാത്ത സ്ഥലങ്ങളില്‍ പോലും കൃഷി ചെയ്യാന്‍ പറ്റിയ വിളയാണ് മുരിങ്ങ. കൂടാതെ, മുരിങ്ങ വിപണനം ചെയ്യാനായി ദൂരസ്ഥലങ്ങളിലേക്ക് വലിയ കേടുപാടുകളില്ലാതെ എത്തിക്കാനുമാകും.
മുരിങ്ങ കൃഷിയിൽ ശ്രദ്ധിക്കാം
മുരിങ്ങ കമ്പ് ഒടിച്ച് നട്ടും തൈ വാങ്ങി നട്ടുമാണ് വളർത്തിയെടുക്കുന്നത്. മുരിങ്ങ ദിവസവും നനയ്ക്കുന്നത് നല്ലതല്ല. തുള്ളിനനയാണ് ഇതിന് യോജിച്ച ജലസേചനരീതി. എന്നാൽ, ചൂടും വെളിച്ചവും കിട്ടുന്ന സ്ഥലം നോക്കി വേണം നടേണ്ടത്. മുരിങ്ങയുടെ അടിഭാഗം ചീയുന്നതും മറ്റും പ്രധാന വെല്ലുവിളിയാണ്.
ഇതിന് 5 ഗ്രാം കുപ്രസ് ക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി മുരിങ്ങയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. മണ്ണിലൂടെ ഇതിനെ ബാധിക്കുന്ന ഫംഗസ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഫലപ്രദമാർഗമാണിത്. കൂടാതെ, മുരിങ്ങ കുലയായി കായ്ക്കാൻ ഇത് മികച്ച ഉപായമാണെന്നും പറയാം.
വേപ്പെണ്ണയും വെളുത്തുള്ളിയും പ്രയോഗിക്കാം
മുരിങ്ങയിൽ നീരൂറ്റിക്കുടിക്കുന്ന ചെറിയ വെളുത്ത പ്രാണികളുടെ ആക്രമണം ഉണ്ടായാൽ വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് നല്ലതാണ്. ഇതിനായി പുറംതൊലി കളഞ്ഞ 25 ഗ്രാം വെളുത്തുള്ളി അരച്ചെടുത്ത ശേഷം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു യോജിപ്പിക്കുക. ഇതിലേക്ക് 25 മി.ലി. വേപ്പെണ്ണ കൂടി ചേർത്ത ശേഷം 5 ഗ്രാം ബാർ സോപ്പ് ചീകിയിട്ട് അലിയിക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മുരിങ്ങയിൽ നന്നായി തളിക്കണം.
ഇതിന് പുറമെ, മിശിറ് അല്ലെങ്കിൽ നീറ് ഇനം ഉറുമ്പുകളെ മുരിങ്ങയിൽ കയറ്റിവിടുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.
Share your comments