ഏതു തരത്തിലുള്ള കാലാവസ്ഥയും മണ്ണുമാണ് കറിവേപ്പിന് വളരാൻ അനുയോജ്യം
സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ വരെ ഉയരത്തിൽ ഇതിന് വളരാൻ കഴിയുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇവ നന്നായി വളരുന്നു. ഏതു തരം മണ്ണിലും കറിവേപ്പിന് വളരാൻ കഴിയുന്നു.
കറിവേപ്പിന്റെ കൃഷിരീതി
വിത്ത് ഉപയോഗിച്ചാണ് കറിവേപ്പ് കൃഷി ചെയ്യുന്നത്. സാധാരണയായി കറിവേപ്പ് ചെടിയുടെ ചുവട്ടിൽ കായ് വീണു കിളിർത്ത് തൈകൾ ഉണ്ടാകുന്നു. ആ തൈകൾ ഇളക്കി നട്ടു പിടിപ്പിക്കുകയാണ് പതിവ്. വേരിൽ നിന്നും പൊട്ടി കിളിർത്തു വരുന്ന തൈകളും നടാൻ ഉപയോഗിക്കാം.
കൂടുതൽ തൈകൾ നടുമ്പോൾ വരികൾ തമ്മിലും ചെടികൾ തമ്മിലും നാലു മീറ്റർ വീതം അകലം നൽകണം. നടാൻ അനുയോജ്യമായ സമയം മേയ്-ജൂൺ മാസങ്ങളാണ്. 45 സെ.മീറ്റർ വീതം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത് മേൽമണ്ണും ചാണകപ്പൊടിയുമായി നന്നായി കലർത്തി കുഴിയുടെ മൂന്നിൽ രണ്ടു ഭാഗം നികഴ്ത്തണം. അതിനുള്ളിലായി ചെറിയ ഒരു കുഴിയെടുത്ത് അതിൽ തൈ നടുന്നു. വളർച്ചയെത്തിയ ഒരു മരത്തിന് 10 കി.ഗ്രാം ചാണകവും 132 ഗ്രാം യൂറിയ, 500 ഗ്രാം സൂപ്പർ ഫോസ്‌ഫേറ്റ്, 65 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ വർഷം തോറും നൽകിയാൽ ധാരാളം ഇലകൾ ലഭിക്കുന്നു.
ഇളം പ്രായത്തിൽ വേനലിൽ നനയ്ക്കണം. വർഷത്തിൽ രണ്ടോ മൂന്നോ തവണ ചുവട്ടിലെ കളകൾ നീക്കം ചെയ്യേണ്ടതാണ്. മരത്തിന് ഒന്നര വർഷം പ്രായമെത്തുന്നതോടെ ഇലകൾ പറിച്ചു തുടങ്ങാം. രണ്ടു മൂന്നു വർഷം പ്രായമായാൽ ഇല പറിച്ചു വിപണിയിൽ വിൽക്കാൻ കഴിയുന്നു.
കറിവേപ്പിന്റെ ഇലകൾ എന്തിനെല്ലാം ഉപയോഗിക്കുന്നു
കറിവേപ്പിന്റെ ഇലകൾ സാധാരണ കറികളിൽ സുഗന്ധം പരത്തുവാൻ ധാരാളമായി ഉപയോഗിച്ചു വരുന്നു. എണ്ണയിൽ കടുക് പൊട്ടിച്ച് കറിവേപ്പില ഇട്ടു വഴറ്റിയ ശേഷം കുറേശ്ശേ കൂട്ടാനുകളിൽ ഒഴിച്ചാൽ ലഭിക്കുന്ന പ്രത്യേക മണവും രുചിയും ഒന്നു വേറെ തന്നെ. ഇതിന്റെ വേര്, ഇല, പുറന്തൊലി എന്നിവ ഔഷധഗുണമുള്ളതാണ്.
കറിവേപ്പില അരച്ചു കോഴിമുട്ട ചേർത്ത് പൊരിച്ചു കഴിക്കുന്നത് ദഹന സംബന്ധിയായ അസ്വസ്ഥതകൾ കുറയ്ക്കാൻ വളരെ ഉപയോഗപ്രദമാണ്. ഛർദി കുറയ്ക്കുന്നതിനും കറിവേപ്പിൻ്റെ ഇല ഉപയോഗിക്കുന്നു. കൃഷിയായുധങ്ങൾ നിർമിക്കാനും മറ്റും ഇതിൻ്റെ തടി ഉപയോഗി ച്ചുവരുന്നു. കട്ടി കൂടിയ തടിയായതിനാൽ എളുപ്പം ദ്രവിക്കാറില്ല. കറിവേപ്പിന്റെ ശിഖരങ്ങൾ കോതുന്നതുമൂലം അധികം ഉയരം വയ്ക്കാതെ സൂക്ഷിക്കാം.
ഒരു ചെടിയിൽ നിന്നും വർഷത്തിൽ 80-100 കി.ഗ്രാം ഇല ലഭിക്കുന്നു
Share your comments