വളരെ അർഥവത്തും ഏറെ ശാസ്ത്രീയവുമായ ജലസംരക്ഷണ തന്ത്രത്തെ സൂചിപ്പിക്കുന്ന ചൊല്ലാണിത്. ചെടികളുടെ ഇലയിൽ നിന്നും ഏറ്റവുമധികം ജലം ബാഷ്പീകരണം മൂലം നഷ്ടമാകുന്നത് വേനലിന്റെ വറുതിയിലാണ്. ചില സസ്യങ്ങളിൽ ഇലകളുടെ രണ്ടുവശങ്ങളിലൂടെയും ഈ രീതിയിൽ ജലനഷ്ടം സംഭവിക്കുന്നു. ചെടികളുടെ ഇലയിൽ നിന്നും ബാഷ്പരൂപത്തിൽ ജലം നഷ്ടപ്പെടുന്ന പ്രക്രിയയെ സസ്യസ്വേദനം എന്നാണ് പറയുന്നത്. ഇലകളിൽ കാണുന്ന സൂക്ഷ്മസുഷിരങ്ങളായ ആസ്യരന്ധങ്ങൾ വഴിയാണ് ജലം ബാഷ്പരൂപത്തിൽ പുറത്തുപോകുന്നു
ചെടിയിൽ നിന്ന് വെള്ളം നഷ്ടമാകുന്ന പ്രക്രിയ (water loss process)
പുല്ലുവർഗത്തിൽപ്പെടുന്ന ചെടികളുടെ ഇലകളിൽ ഇരുവശത്തും ആസ്യരന്ധങ്ങൾ കാണാം. ഒരു ചെടി വലിച്ചെടുക്കുന്ന ജലത്തിന്റെ തൊണ്ണൂറ്റിയഞ്ചു ശതമാനവും സസ്യസദനത്തിലൂടെയും മറ്റും അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടുന്നു എന്നാണ് കണക്ക്. ഇത് വളരെ വലിയ ജലനഷ്ടം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സസ്യങ്ങളെ സംബന്ധിച്ച് സസ്യസദനം ഒഴിവാക്കാൻ കഴിയാത്ത ഒരു പ്രക്രിയയാണ്. കാരണം ഇലകളിൽനിന്ന് നഷ്ടപ്പെടുന്ന ജലം സൃഷ്ടിക്കുന്ന വലിവു ബലമാണ് വേരുകൾ ജലം വലിച്ചെടുക്കുന്നതിന്റെ ഏറ്റവും പ്രധാന സഹായകഘടകം
കഠിനമായ സൂര്യതാപത്തിൽ നിന്ന് ഇലകളെ രക്ഷിക്കുന്നതിനും സസ്യ സദനം പ്രധാനമാണ്. ആസ്യരന്ധങ്ങൾ വഴി ജലം ബാഷ്പീകരിക്കുമ്പോൾ അതിനാവശ്യമായ താപം ഇലകളിൽ നിന്നും സ്വീകരിക്കുന്നു. തൻമൂലം ഇല തണുക്കുന്നു; വിയർക്കൽ നമ്മുടെ ശരീരത്തിന്റെ താപനില നിലനിർത്താൻ സഹായിക്കുന്നതു പോലെ.
പുല്ലുവർഗത്തിൽപ്പെടുന്നവയടക്കമുള്ള ചെറുസസ്യങ്ങൾ മറ്റൊരു രീതിയിലും ജലം പുറത്തുകളയുന്നുണ്ട്. ഇതിന് ബിന്ദുസാവം (ഗട്ടേഷൻ) എന്നാണു പറയുന്നത്. ഇലകളുടെ തുമ്പിൽ ജലകണങ്ങൾ ഇറ്റുനിൽക്കുന്നത് നാം കാണാറുണ്ട്. ഇതാണ് ഗട്ടേഷൻ. ദ്രാവകരൂപത്തിൽ തന്നെ ജലം നഷ്ടമാകുന്നു എന്നതാണ് 'ബാഷ്പീകരണം മൂലമുള്ള ജലനഷ്ടവു മായി ഇതിനുള്ള പ്രധാന വ്യത്യാസം.
ഒരു തെങ്ങിൽ (the coconut) നിന്നും ഉദ്ദേശം മുപ്പത്തിയാറു ലിറ്റർ വെള്ളം ഓരോ ദിവസവും ഓലകൾ വഴി പുറത്തേക്ക് വിസർജിക്കപ്പെടുന്നു. അതു കൊണ്ടാണ് ജലസേചനം നടത്തുമ്പോൾ ഏറ്റവും ചുരുങ്ങിയത് നാൽപ്പത് ലിറ്റർ വെള്ളമെങ്കിലും ഒരുമൂട് തെങ്ങിനു നൽകണമെന്നു പറയുന്നത്.
ഇലകൾ മുറിച്ചു മാറ്റുന്ന രീതി (Leaf cutting technique)
ഈ രീതിയിൽ വേനൽക്കാലത്ത് ഇലകളിൽ കൂടിയുള്ള വർധിച്ച തോതിലുള്ള ജലനഷ്ടം തടയുവാനാണ് നാമമാത്രമായി ഇലകൾ മുറിച്ചു മാറ്റുന്നത്. നമ്മുടെ പൂർവികരായ കൃഷിക്കാർ പതിറ്റാണ്ടുകൾക്കു മുൻപു തന്നെ ഈ രീതി അനുവർത്തിച്ചു പോന്നിരുന്നു. ഉദാഹരണത്തിന് തെങ്ങിന്റെ കാര്യമെടുത്താൽ വർഷത്തിൽ ഏതാണ്ട് 14-16 ഓലകൾ ഉണ്ടാകും.
കഠിനമായ വേനലിനു മുൻപായി നിറം മങ്ങിത്തുടങ്ങിയ മൂന്നു നാലു പുറംമടൽ ഓലകൾ വെട്ടിമാറ്റുന്നത് അധികരിച്ച തോതിലുള്ള ജലനഷ്ടം ഒഴിവാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായാണു കണ്ടിരുന്നത്. തെങ്ങിന്റെ മാത്രമല്ല മിക്ക വൃക്ഷങ്ങളുടെയും ചെടികളുടെയും കാര്യത്തിൽ ഈ രീതി അനുവർത്തിച്ചിരുന്നു.
ചില വൃക്ഷങ്ങളുടെ കാര്യത്തിൽ പ്രകൃതി സ്വയമേവ തന്നെ ഇതു ചെയ്യുന്നുണ്ട്. റബർ, അമ്പഴം, ആൽ തുടങ്ങിയ വൃക്ഷങ്ങളുടെ ഇലകൾ വേനലാകുമ്പോൾ പൂർണമായി കൊഴിഞ്ഞുപോകാറുണ്ട്. അതികഠിനമായ വേനൽ ശമിച്ചശേഷം മാത്രമേ വീണ്ടും ഈ വൃക്ഷങ്ങൾ തളിരിടുകയുള്ളൂ. തെങ്ങിന്റെയും മറ്റു പല ചെടികളുടെയും കാര്യത്തിൽ നാം ഇലമുറിച്ചു വെള്ളം കാക്കുമ്പോൾ മുൻപു പറഞ്ഞ വൃക്ഷങ്ങളുടെ കാര്യത്തിൽ പ്രകൃതി സ്വന്തമായി ആ കൃത്യം ഏറ്റെടുക്കുന്നു.
Share your comments