ആചാരപരമായ കാര്യങ്ങളിൽ വൃക്ഷങ്ങൾക്ക് സുപ്രധാനമായ ഒരു പങ്കുണ്ട്. പരിപാവനം എന്ന സങ്കൽപത്തിനപ്പുറം ആചാരങ്ങളുടെയും, ഐശ്വര്യത്തിന്റെയും പ്രതീകങ്ങൾ കൂടിയാണിവ. ആചാരപരമായ പ്രാധാന്യമുള്ള മരങ്ങൾ എല്ലാ മതങ്ങളിലും കാണാനാകും. ഏകപത്ര സസ്യങ്ങളും. ദ്വിപത്ര സസ്യങ്ങളും അതുപോലെ ജിംനോസ്പേം വിഭാഗത്തിലും വരുന്ന മരങ്ങളാണ് ആചാര അനുഷ്ഠാന വൃക്ഷങ്ങളുടെ ഗണത്തിൽ വരുന്നത്. ഈ വിഭാഗത്തിൽ വരുന്ന മരങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഈന്ത് പന
പനമരങ്ങളോട് സാദൃശ്യം തോന്നുന്ന മറ്റൊരു സസ്യമാണ് സൈക്കസ് സർസിനാലിസ് അഥവാ ഈന്ത് പനകൾ. ഇവ ഉദ്ദേശം 25 അടിയോളം ഉയരത്തിൽ വളരുന്നു. ഒറ്റയായോ വിരളമായി ശാഖകളോടു കൂടിയോ കാണപ്പെടുന്ന ഇതിന്റെ തടിയുടെ അഗ്രഭാഗത്ത് നല്ല പച്ച നിറത്തിൽ ഓലയുടേതുപോലെയുള്ള ഇലകൾ കുട പോലെ കാണപ്പെടുന്നു. ജിംനോസ്പേം എന്ന വളരെ പ്രാചീന സസ്യവിഭാഗത്തിൽപ്പെടുന്നവയാണ് ഈന്ത് പനകൾ. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവയുടെ പുഷ്പിക്കലും വിത്തിടീലും.
ഇതിന്റെ വിത്തിൽ നിന്നെടുക്കുന്ന ഈന്ത്പൊടി സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുന്നതിനും കുഞ്ഞുങ്ങൾക്കു നൽകുന്ന കുറുക്കായും ഉത്തര കേരളത്തിൽ ഉപയോഗിക്കുന്നു. ഈന്ത് ഇലകൾ ജാതിമത ഭേദമന്യേ പലവിധ ആഘോഷങ്ങൾക്കും പന്തലുകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്നു. പ്രസ്തുത ഉപയോഗത്താൽ ഈന്ത് ചെടികളുടെ വളർച്ച മുരടിക്കുകയും വരും തലമുറയുടെ സൃഷ്ടിക്കായുള്ള വിത്തുൽപാദനം നടക്കാതെ ഇവയുടെ വംശനാശത്തിന് അത് കാരണമാകുകയും ചെയ്യുന്നുണ്ട്.
ഒലട്ടിപന
അരിക്കേസിയെ സസ്യകുടുംബത്തിലെ Caryota ureas എന്ന ശാസ്ത്രീയനാമമുള്ള ഒലട്ടിപനകളുടെ ഇലകളും, പനങ്കുലകളും ആരാധനാലയങ്ങളിൽ അലങ്കാരാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഇന്ത്യയുൾപെടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇവ ധാരാളം കാണപ്പെടുന്നു. ഉദ്ദേശം 60 അടി പൊക്കത്തിൽ വളരുന്ന ഈ പനകൾ ജനുവരി ഏപ്രിൽ മാസങ്ങളിലാണ് പുഷ്പിക്കുന്നതും കായ്കൾ ഉണ്ടാകുന്നതും തടിയുടെ മുകൾഭാഗത്തു നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന രൂപത്തിലാണ് ഇവയുടെ പൂങ്കുലകൾ.
പൂങ്കുലകളിലെ അവസാനത്തെ പൂവും പാകമാകുമ്പോൾ ചെടി നശിക്കാറാണ് പതിവ്. ഏകദേശം 30 സെ.മീ. നീളമുള്ള ഇവയുടെ ഇലകൾക്ക് മത്സ്യങ്ങളുടെ ചിറകുകളോട് സാദൃശ്യമുള്ളതിനാൽ Fish tail palm എന്നും ഇവ അറിയപ്പെടുന്നു. മറ്റു പനകളെപ്പോലെ ഇവയുടെ എല്ലാ ഭാഗങ്ങളും വിവിധങ്ങളായ ആവശ്യങ്ങൾക്കും പലതരം ഉൽപന്നങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കപ്പെടുന്നുണ്ട്. തടിയുടെ മധ്യഭാഗത്തുളള അന്നജം ഭക്ഷ്യയോഗ്യമാണ്.
ഓടമുള
പുല്ല് വർഗ്ഗത്തിൽപ്പെട്ട ഓടമുള (Ochlandra travancorica) ഈറ്റ, എന്നും അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന മുളയിനമാണിവ. ഉദ്ദേശം 6 മീറ്റർ ഉയരത്തിൽ വളരുന്ന ഇവ വളർന്ന് ഏഴ് വർഷം പൂർത്തിയാകുമ്പോൾ പുഷ്പിക്കുകയും അതിനുശേഷം നശിക്കുകയും ചെയ്യുന്നു. താൽക്കാലിക പാർപ്പിടങ്ങൾ, കുട്ട, വട്ടി, ഊന്ന് വടി എന്നിവയുടെ നിർമ്മാണത്തിന് ഈ മുള ഉപയോഗിക്കാറുണ്ട്.
ഇവയുടെ ഇലകൾ കൂരകൾ മേയാനും ആനകളുടെ തീറ്റയ്ക്കായും ഉപയോഗമുള്ളവയാണ്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ക്ഷേത്രത്തിൽ വൈശാഖ ഉത്സവത്തിനായി ഭക്തർ കാഴ്ച വയ്ക്കുന്ന, ഇളം ഓടമുളയുടെ നാരുകൾ ചതച്ച് ഉണ്ടാക്കുന്ന ഓടപ്പൂവ് വളരെ പ്രസിദ്ധമാണ്. ഗൃഹങ്ങളിൽ വാതിലുകൾക്കഭിമുഖമായി ഇവ തൂക്കിയിടുന്നത് ഐശ്വര്യം കൊണ്ടുവരും എന്നാണ് അവരുടെ വിശ്വാസം.
Share your comments