നല്ല ഡിമാന്റുള്ള വെട്ടു പൂവാണ് സിംബിഡിയം, അലങ്കാര പുഷ്പം എന്ന നിലയ്ക്കും മൂല്യം ഏറെ 'സിംബ' (Cymba) എന്ന ഗ്രീക്ക് പദത്തിനർത്ഥം 'ചെറിയ വള്ളം' എന്നാണ്. പൂവിന്റെ ലേബല്ലത്തിന് ചെറുവള്ളത്തോടുള്ള സാമ്യം നിമിത്തമാണ് സിംബിഡിയത്തിന് 'ബോട്ട് ഓർക്കിഡ്' (Boat Orchid) എന്ന വിളിപ്പേര് കിട്ടിയത്. ഹിമാലയപർവതത്തിന്റെ താഴ്വാരങ്ങളാണ് സിംബിഡിയത്തിന്റെ ജന്മ സ്ഥലം, അതുകൊണ്ടു തന്നെ തണുത്ത കാലാവസ്ഥയോടാണ് ഇതിന് കൂടുതൽ പ്രിയം.
കൂടാതെ ചൈന, ഇന്തൊനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളും സിംബിഡിയത്തിന്റെ ജന്മദേശങ്ങളായി കരുതിപ്പോരുന്നു. നീണ്ട് പൂങ്കുലത്തണ്ടുകളാണിവയുടെ പ്രത്യേകത; പൂത്തണ്ടിൽ 10 മുതൽ 25 വരെ പൂക്കളും കാണും; മിക്കവാറും സുഗന്ധവാഹിയാണ് പൂക്കൾ. പരമാവധി മൂന്നുമാസത്തോളം ഇവ പൂത്തണ്ടുകളിൽ പുതുമ കൈവിടാതെ നിൽക്കുകയും ചെയ്യും. നീളൻ ഇലകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത, മഞ്ഞ, പിങ്ക്, ഓറഞ്ച്, ചുവപ്പ്, ഇളം പച്ച, ക്രീം, ബ്രൗൺ എന്നിങ്ങനെ വൈവിധ്യമാർന്ന നിറങ്ങളിൽ പൂക്കൾ വിടർത്താൻ ഇവയ്ക്ക് കഴിവുണ്ട്.
തീരെ ചെറുത് (മിനിയേച്ചർ), ഇടത്തരം (മീഡിയം), വലുത് (ലാർജ്) എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ സിംബിഡിയത്തിലുണ്ട്. പൊതുവെ സിംബിഡിയങ്ങൾ നന്നായി പുഷ്പിക്കാൻ തണുത്ത കാലാവസ്ഥയും അന്തരീക്ഷത്തിലെ ഉയർന്ന ജലാംശവും കൂടിയേ തീരൂ.
പകൽസമയത്ത് 70 -75 ഡിഗ്രി ഫാരൻഹീറ്റാണ് ഊഷ്മ പരിധിയെങ്കിൽ രാത്രി സമയത്ത് അത് 50 ഡിഗ്രിയായി താഴണം. എങ്കിലേ ചെടി പുഷ്പിക്കുകയുള്ളു. ഇതാണ് സിംബിഡിയം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളർന്ന് പുഷ്പിക്കാത്തതിനു കാരണം. ചുരുക്കത്തിൽ, തണുത്ത രാത്രികളിൽ മാത്രമേ സിംബിഡിയത്തിന് പൂത്തണ്ടുകൾ വളർത്താനും പൂക്കൾ വിടർത്താനും കഴിയുകയുള്ളു.
"സിംപോഡിയൽ രീതിയിൽ വളരുന്ന ഓർക്കിഡാണ് സിംബിഡിയം. അണ്ഡാകൃതിയിലുള്ള കപടബൾബുകൾ ചുവട്ടിൽ കാണാം. ഇലകൾ വാൾ പോലെയോ റിബൺ പോലെയോ നീണ്ട് പച്ചനിറം ഉള്ള താണ്. നീണ്ട് പൂങ്കുലത്തണ്ടിലാണ് വലിയ പൂക്കൾ വിടരുന്നത്. ഇതിന്റെ ബാഹ്യദളങ്ങളും ദളങ്ങളും സാമ്യമുള്ളതായിരിക്കും. മാംസളമായ ലേബെല്ലം ഇതരപുഷ്പഭാഗങ്ങളിൽ നിന്ന് തീർത്തും വ്യത്യസമാണ്. ലേബെല്ലത്തിന് മുകളിൽ നിന്നു വരുന്ന ദളം അൽപം മുമ്പോട്ട് വളഞ്ഞിരിക്കുന്നു. പൂങ്കുലത്തണ്ടിന് ശിഖരങ്ങളില്ല. പൂക്കൾ ഒന്നിട വിട്ട് ക്രമീകരിച്ച് വിടർന്നു നിൽക്കും. സുഗന്ധവാഹിയാണ് പൂക്കൾ. ഇവ ഒന്നു മുതൽ മൂന്നു വരെ മാസം പുതുമ നഷ്ടപ്പെടാതെ നിൽക്കും.
Share your comments