ഒരു വണ്ടിച്ചകത്തിന്റെ ആരക്കാലുകൾ പോലെ വിന്യസിച്ചിരിക്കുന്ന നേർത്ത വീതി കുറഞ്ഞ കടും പച്ചിലകൾ - ഇതാണ് സൈപ്രസ് എന്ന അലങ്കാര ഇലച്ചെടിയുടെ സവിശേഷത. അതുകൊണ്ടാണ് സൈപ്രസിന് കുടച്ചെടി അഥവാ "അംബ്രലാ പ്ലാന്റ്' എന്ന പേര് കൈവന്നത്. ഇതിന്റെ തണ്ടുകൾ റിബൺ പോലെ നീണ്ടതാണ്. തണ്ടിന്റെ അഗ്രഭാഗത്താണ് നേരത്തെ പറഞ്ഞ ഇലക്കൂട്ടം.
മുഴുവൻ പേര് 'സൈപ്രസ് ആൾട്ടെർ നിഫോളിയസ്. ' ഇതൊരു നിത്യഹരിത സസ്യമാണ്. സൈറേസി' എന്ന സസ്യകുലത്തിൽപ്പെട്ട ഈ ഉദ്യാന സസ്യത്തിന്റെ ജന്മ സ്ഥലം മഡഗാസ്കറിലെ ചതുപ്പു പ്രദേശങ്ങളാണ്. വേണ്ടത്ര നനവ് കിട്ടിയാൽ ചെടി മൂന്നു മുതൽ അഞ്ചടി വരെ ഉയരത്തിൽ വളരും.
ഉഷ്ണമേഖലാ കാലാവസ്ഥയിൽ സൈപ്രസ് നന്നായി വളരും. പൂർണമായ സൂര്യപ്രകാശവും ധാരാളം വെള്ളവും വളക്കൂറുള്ള മണ്ണും ഇതു മൂന്നും സൈപ്രസിന് ഒരു പോലെ ഇഷ്ടമാണ്. വെള്ളം അൽപ്പം കൂടിയാലും ഇഷ്ടക്കേടില്ല. അത്യാവശ്യം ഇതിനെ ഒരു ജല സസ്യം എന്നു പോലും പറയാം.
വെള്ളക്കെട്ടുള്ള സ്ഥലത്തു പോലും വിമ്മിട്ടമില്ലാതെ സൈപ്രസിന് വളരാൻ സാധിക്കുന്നത് അതു കൊണ്ടാണ്. വീട്ടിലും മറ്റും വളർത്തുമ്പോൾ ഈ ഇലച്ചെടി വളരുന്ന ചട്ടി, ഒരു ചെറിയ പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് കല്ലുകൾ പാകി, അതിനു മീതെ വയ്ക്കുന്നത് നല്ലതാണ്. വിദേശ രാജ്യങ്ങളിൽ അക്വോറിയത്തിൽപ്പോലും സൈപ്രസ് വളർത്താൻ ഉദ്യാനപ്രേമികൾ തയാറാകുന്നുണ്ട്.
തണ്ടുകൾ മുറിച്ചു നട്ടോ വേരോടു കൂടി തൈകൾ ഇളക്കി നട്ടോ ആണ് സൈപ്രസിൽ വംശവർധന നടത്തുക. രണ്ടു ഭാഗം മണ്ണും ഒരു ഭാഗം ഇല വളവും ഒരു ഭാഗം മണലും കലർത്തിയ മിശ്രിതം ചട്ടിയിൽ നിറച്ച് അതിൽ വേണം നടാൻ. വളർന്ന ചെടിയുടെ ചുവട്ടിൽ നിന്ന് പൊട്ടി വളരുന്ന തൈകൾ ഇളക്കി നട്ടും സൈപ്രസ് വളർത്താം.
ചെടി വളരുന്നതനുസരിച്ച് ഒരു ടേബിൾ സ്പൂൺ എല്ലുപൊടിയും അൽപ്പം ചാണകപ്പൊടിയോ ചാരമോ ഒക്കെ നൽകാം. രാസവളപ്രയോഗം ആവശ്യമെന്നു തോന്നുമ്പോൾ ഒരു ടേബിൾ സ്പൂൺ സൂപ്പർ ഫോസ്ഫേറ്റ് വെള്ളത്തിൽ കലക്കി മാസത്തിലൊരിക്കൽ ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. സൈപ്രസ് കരുത്തോടെ വളരാൻ ഈ വളപ്രയോഗം മതിയാകും.
മറ്റൊരു ശ്രദ്ധേയമായ സംഗതി, വളരെ വേഗത്തിൽ വളരുന്ന ഒരു സവിശേഷ സ്വഭാവം ഈ ഇലച്ചെടിക്കുണ്ട് എന്നതാണ്. അതിനാൽ ചട്ടിയിലും മറ്റും വളർത്തുമ്പോൾ വളരെ വേഗം പുതുമുളകൾ കൊണ്ട് ചട്ടി നിറയും. അപ്പോൾ അവ യഥായോഗ്യം നേരത്തെ പറഞ്ഞ പോട്ടിങ് മിശ്രിതം നിറച്ച ചട്ടികളിലേക്ക് മാറ്റി നടണം. ഒരിക്കലും ചട്ടിയിൽ ചെടികൾ ഞെരുങ്ങി വളരാൻ അനുവദിക്കരുത്.
Share your comments