വിദേശ വിപണിയിൽ ചെറുപഴ ഇനങ്ങൾക്ക് മുൻതൂക്കം ആയിരുന്നുവെങ്കിലും ഇന്ന് വാണിജ്യവൽക്കരണത്തിന്റെയും വിദേശ നാണ്യ വിനമയത്തിന്റെയും സാങ്കേതികവിദ്യ മുഴുവൻ ഉപയോഗിച്ചു കൊണ്ട് മറ്റ് വാഴയിനങ്ങളും പ്രത്യേകിച്ച് നേന്ത്രൻ ഇനവും വിദേശികൾക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.
സാന്ദ്രത കൃഷി രീതി
നേന്ത്രൻ വാഴ 2 മീറ്റർ X 3 മീറ്റർ അകലത്തിൽ ഒരു കുഴിയിൽ മൂന്ന് കന്നു വീതം നടുമ്പോൾ ഒരു യൂണിറ്റ് വിസ്തൃതിയിൽ നിന്നും കൂടുതൽ വിളവ് ലഭിക്കുന്നു. സാധാരണ 2X2 മീറ്റർ അകലത്തിൽ ഒരു ഹെക്ടറിൽ 2500 വാഴയാണ് നടാൻ സാധിക്കുന്നത്. എന്നാൽ സാന്ദ്രത കൃഷിയിൽ 5000 വാഴകൾ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നു.
ഒറ്റവാഴ കൃഷിയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ സാന്ദ്രത കൃഷിയിൽ കുലയുടെ തൂക്കം അല്‌പം കുറയുമെങ്കിലും ഒരു കുഴിയിൽ നിന്നുള്ള ഉൽപാദനം വളരെ കൂടുതലായിരിക്കും. കുഴിയുടെ എണ്ണം കുറയുമ്പോൾ കൃഷിച്ചെലവും കുറയുന്നു. സാന്ദ്രത കൃഷി രീതിയിൽ കളകളുടെ വളർച്ചയും കുറവായിരിക്കും. എന്നാൽ രോഗ കീടബാധയുടെ കാര്യമെടുത്താൽ അല്പം കരുതൽ വേണം.
സമ്പൂർണ്ണ / അയർ എന്നിവയുടെ ഉപയോഗം
കർഷകർ സാധാരണ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ പോഷക മൂലകങ്ങളുടെ തോതനുസരിച്ച് വളം ചെയ്യാറുണ്ട് എന്നാൽ ആവശ്യമായ അളവിൽ സൂക്ഷ്‌മ മൂലകങ്ങൾ ചേർക്കുമ്പോൾ മാത്രമേ നല്ല വിളവ് സാധ്യമാവുകയുള്ളൂ.
വാഴയ്ക്ക് ആവശ്യമായ സൂക്ഷ്‌മ മൂലകങ്ങളുടെ മിശ്രിതമാണ് സമ്പൂർണ്ണയും അയറും. കാൽസ്യം, ബോറോൺ. സിങ്ക്, കോപ്പർ, മാംഗനീസ്, മഗ്‌നീഷ്യം, സൾഫർ എന്നീ മൂലകങ്ങളാണ് ഈ മിശ്രിതത്തിൽ അടങ്ങിയിരിക്കുന്നത്. 10 ഗ്രാം സമ്പൂർണ്ണ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി രണ്ടു മാസം ഇടവിട്ട് 4 തവണ ഇലകളിൽ തളിച്ചു കൊടുക്കുകയോ അല്ലെങ്കിൽ അയർ എന്ന വളക്കുട്ട് വാഴനട്ട് രണ്ടും നാലും മാസം 100 ഗ്രാം വീതം മണ്ണിൽ ചേർത്തു കൊടുക്കുന്നതും ഉത്തമമാണ്.
Share your comments