പച്ചക്കറി കൃഷിയിൽ ചെടികളുടെ വളർച്ച കൂട്ടാനും പൂ കൊഴിച്ചിൽ നിയന്ത്രിച്ച് കായ്ഫലം കൂട്ടാനുമൊക്കെ കർഷകർക്ക് സ്വയം നിർമ്മിച്ചുപയോഗിയ്ക്കാവുന്ന ഒരു ദ്രാവക വളമാണു് ഫിഷ് അമിനോ ആസിഡ്.
എന്നാൽ സസ്യാഹാരികളായ പല കർഷകരും വളത്തിനായാൽ പോലും മത്സ്യം കൈകാര്യം ചെയ്യാൻ വൈമുഖ്യമുള്ളവരാണ്.
അങ്ങിനെയുള്ളവർക്കും ഒരറപ്പുമില്ലാതെ നിർമ്മിക്കാവുന്നതും മത്സ്യ വളത്തിൻ്റെയത്ര തന്നെ ഫലപ്രാപ്തി പ്രതീക്ഷിക്കാവുന്നതും ആയാസരഹിതമായി നിർമ്മിക്കാവുന്നതുമായ മറ്റൊരു ദ്രാവക വളമാണ് എഗ്ഗ് അമിനോ ആസിഡ് അഥവാ മുട്ടനാരങ്ങാ മിശ്രിതം.
മാത്രമല്ല ചില കീടങ്ങളെ തുരത്താനും ഇത് ഫലപ്രദമത്രെ. ( കമൻ്റ് ബോക്സ് കാണുക)
നിർമ്മാണ രീതി വളരെ ലളിതം. കോഴിമുട്ട (നാടൻ കിട്ടുമെങ്കിൽ അത് തന്നെ തെരഞ്ഞെടുക്കുക ) സുതാര്യമായ ഒരു ജാറിൽ നിക്ഷേപിച്ച് അത് മൂടത്തക്കവിധം ചെറുനാരങ്ങ നീരൊഴിച്ചു ജാർ അടച്ചു വയ്ക്കുക.
പത്ത് ദിവസം കഴിഞ്ഞ് ജാർ തുറന്ന് ഒരു കയിലോ കമ്പോ മറ്റോ ഉപയോഗിച്ച് ബലം മാറി മൃദുവായി മാറിയ മുട്ട നല്ല പോലെ ഉടച്ചു ചേർക്കുക. എന്നിട്ടൽപം ശർക്കര (ജൈവമായാൽ നല്ലത് ) പൊടിച്ച് ചേർത്തിളക്കി പാത്രമടച്ച് വീണ്ടും പത്ത് ദിവസം വയ്ക്കുക. 10 ദിവസം കഴിഞ്ഞാൽ ദ്രാവകം ഉപയോഗത്തിന് റഡി. (ടോട്ടൽ 20 ദിവസം)
സാധനങ്ങളുടെ അളവ് പറയുകയാണെങ്കിൽ എട്ട് മുട്ട: 20 നാരങ്ങ : 250 ഗ്രാം ശർക്കര എന്ന് സാമാന്യമായി പറയാം. വേണമെങ്കിൽ ഒരു മുട്ടയും നാലോ അഞ്ചോ നാരങ്ങയും ഒരു 50 g ശർക്കരയുമുണ്ടെങ്കിലും ചെറിയ അളവിൽ വളം തയ്യാറാക്കാം. മുട്ട നാരങ്ങ നീരിൽ പകുതിയിലധികമെങ്കിലും മുങ്ങത്തക്ക വലിപ്പമുള്ള ജാറിൽ നിക്ഷേപിയ്ക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.
ഇത് അരിച്ചെടുത്ത് 2 ML/L എന്ന തോതിൽ വെള്ളത്തിൽ മിക്സ് ചെയ്ത് ചെടികളിൽ തളിയ്ക്കാവുന്നതാണു്.
Muhammed Master Nedungottur
Share your comments