എരിക്കിൻകറ ത്വക്കിൽ വീണാൽ ചുവപ്പു നിറവും വീക്കവും ഉണ്ടാകും. ഇതിന്റെ വിഷപ്രവൃത്തി സാവധാനത്തിലാണ്. എരിക്കിന്റെ കറ, ഇല, വേര് തുടങ്ങി ഏതെങ്കിലും ഭക്ഷിച്ചാൽ വായിൽ നിന്നും ഉമിനീർ സ്രാവവും മുഖത്തിന് ചൊറിച്ചിലും ഉണ്ടാകും. അന്നന്നാളം ആമാശയം തുടങ്ങിയ ഭാഗങ്ങളിൽ ചുട്ടുനീറ്റലും ഛർദിയും വയറിളക്കവും ഉണ്ടാകുന്നു.
എരിക്കിന്റെ വിഷം രക്തത്തിൽ ആഗീരണം ചെയ്യപ്പെട്ടാൽ തലച്ചോറിലും സുഷുമ്നാകാണ്ഡത്തിലും വിഷപ്രവൃത്തിയുണ്ടാകുന്നു. വളരെ അസ്വസ്ഥതയും ശ്വാസവൈഷമ്യവും അനുഭവപ്പെടും. കണ്ണുകൾ വെളിയിലേക്ക് തള്ളിവരികയും വിറയൽ ഉണ്ടാകുകയും ചെയ്യും. വളരെ തീക്ഷ്ണവും ക്ഷാരഗുണവുമുള്ള കറ ഗർഭാശയ മുഖത്ത് പുരണ്ടാൽ ഗർഭഛിദ്രം സംഭവിക്കും. ശിശുഹത്യയ്ക്കും മൃഗങ്ങളെ കൊല്ലുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്.
മാരകമാം കൃത്യമായി കണക്കാക്കിയിട്ടില്ലെങ്കിലും എരിക്കിന്റെ കറയോ വേരോ 12 ഗ്രാം കഴിച്ചാൽ മരണമുണ്ടാകും. വിഷബാധയുണ്ടായാൽ സാധാരണ അരമണിക്കൂർ മുതൽ 8 മണിക്കൂറിനകം മരണമുണ്ടാകും.
സസ്യത്തിന്റെ മിക്കവാറും എല്ലാഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാം. വേരിന്റെ തൊലിക്കാണ് കൂടുതൽ ഔഷധഗുണമുള്ളത്. ശുദ്ധിചെയ്ത എരിക്കിൽ നിന്നും ഉണ്ടാക്കുന്ന ടിങ്ചർ വയറുകടി കുറയ്ക്കും. എരിക്കിൻ കറയ്ക്ക് ക്ഷാരഗുണമുള്ളതിനാൽ അരിമ്പാറ, ആണി തുടങ്ങിയ രോഗങ്ങളിൽ വച്ചുകെട്ടാവുന്നതാണ്. പുഴുപ്പല്ല് വേദന കുറയ്ക്കുന്നതിന് എരിക്കിൻ പാല് പഞ്ഞിയിൽ മുക്കി വച്ചാൽ മതിയാകും.
കുഷ്ഠത്തിലും ചിലയിനം വൃണങ്ങളിലും ബാഹ്യമായി ഉപയോഗിക്കാവുന്നതാണ്. പേപ്പട്ടി വിഷ ചികിത്സയിൽ എരിക്കിൻ പാൽ നിർദേശിക്കുന്നുണ്ട്. വേദനയുള്ള ശരീര ഭാഗത്ത് എരിക്കിന്റെ ഇലകൾ ചൂടാക്കി അമർത്തിപ്പിടിച്ചാൽ ആശ്വാസം കിട്ടുന്നു. ഇതിന്റെ വിത്തിൽ നിന്നെടുക്കുന്ന എണ്ണ കുഷ്ഠം, കൃമി, വാതം തുടങ്ങിയ രോഗങ്ങളിൽ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.
ഇതിന്റെ ഗന്ധം പാമ്പുകൾക്ക് അസഹനീയമാണ്. അതുകൊണ്ട് പാമ്പുകളെ കൊല്ലുന്നതിന് എരിക്ക് ഉപയോഗിച്ചുവരാറുണ്ട്. എരിക്കിന്റെ പഞ്ഞി തലയിണ നിറയ്ക്കുന്നതിന് ഉപയോഗിക്കുന്നു.
Share your comments