കടും വെട്ട് നടത്തുന്ന റബ്ബർ തോട്ടങ്ങളിൽ എതഫോൺ പുരട്ടുന്നത് വളരെക്കാലമായി പ്രചാരത്തിലുള്ളതാണ്. എന്നാൽ കാഠിന്യം കുറഞ്ഞ ടാപ്പിംഗ് സമ്പ്രദായങ്ങൾ അവലംബിക്കുമ്പോൾ ശരിയായ ഉത്പാദനം ലഭിക്കണമെങ്കിൽ എതഫോൺ പോലുള്ള ഉത്തേജക ഔഷധങ്ങളുടെ പ്രയോഗം അനിവാര്യമാണ്. റബ്ബർ ബോർഡ് ശുപാർശ ചെയ്യുന്ന അളവിലും രീതിയിലും എതഫോൺ പുരട്ടുന്നതുകൊണ്ട് പട്ടയ്ക്ക് ഒരു തകരാറും സംഭവിക്കുന്നില്ല. ഓരോ ടാപ്പിംഗ് രീതിക്കും അനുസൃതമായി എതഫോൺ ഉപയോഗിക്കേണ്ട അളവും രീതിയും വ്യത്യസ്തമാണ്. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കു ശേഷമാണ് ഈ രീതികൾ റബ്ബർബോർഡ് ശുപാർശ ചെയ്തിരിക്കുന്നത്.
ഇടവേള കൂടിയ ടാപ്പിങ് രീതികളായ മൂന്ന് ദിവസത്തിലൊരിക്കൽ, നാല് ദിവസത്തിലൊരിക്കൽ, ആഴ്ചയിലൊരിക്കൽ, നീളം കുറഞ്ഞ വെട്ടുചാലിട്ട് (14) നിയന്ത്രിത കമിഴ്ത്തിവെട്ട് നടത്തുമ്പോഴും ടാപ്പിംഗിന്റെ കാഠിന്യം കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന ഉത്പാദനക്കുറവ് ഇല്ലാതാക്കാൻ മാത്രമാണ് എതഫോൺ പുരട്ടുന്നത്. ശുപാർശ ചെയ്തിരിക്കുന്നതിലും കൂടുതൽ തവണ എതഫോൺ പുരട്ടാനും പാടില്ല. വെട്ടുചാലിന്റെ ദൈർഘ്യം കുറയുകയോ ടാപ്പിംഗ് ദിനങ്ങൾ തമ്മിലുള്ള ഇടവേള കൂടുകയോ ചെയ്യുമ്പോൾ ടാപ്പിംഗിന്റ കാഠിന്യം കുറയുന്നു. ഈ രണ്ടുരീതികളും ഒന്നിച്ചു വരികയും ആവാം. കാഠിന്യം കുറയുന്തോറും എതഫോൺ പുരട്ടേണ്ട തവണകൾ വർദ്ധിപ്പിക്കേണ്ടതാണ്. ഇടവേള കൂടിയ ടാപ്പിംഗ് രീതികൾ ഒന്നാംവർഷം ടാപ്പിംഗ് മുതൽ തുടങ്ങാവുന്നതും അന്നുമുതൽ എതഫോൺ പ്രയോഗം തുടങ്ങാവുന്നതാണ്. ഇതിന് 2.5 ശതമാനം വീര്യം മാത്രമുള്ള നേർപ്പിച്ച എതഫോണാണ് ശുപാർശ.
എതഫോൺ പ്രയോഗം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
എതഫോൺ പ്രയോഗം ഫലപ്രദമാക്കാൻ കുറ്റമറ്റ റെയിൻ ഗാർഡ് ആവശ്യമാണ്. ഏപ്രിൽ മാസം തീർത്തും മഴയില്ല എങ്കിൽ, ആ തവണ മാത്രം മെയ്മാസത്തിലേയ്ക്ക് മാറ്റാം. യാതൊരു കാരണവശാലും ശുപാർശയിൽ കൂടുതൽ വീര്യത്തിലോ തവണകളിലോ ഇതുപയോഗിക്കരുത്.
അടുത്തടുത്ത രണ്ട് എതഫോൺ പ്രയോഗം തമ്മിൽ ഒരു മാസത്തെ ഇടവേള ഉണ്ടായിരിക്കണം.
റബ്ബർ പാലിലെ ഡി. ആർ. സി. 30 ശതമാനത്തിൽ താഴെയാണെങ്കിൽ ശുപാർശ ചെയ്യപ്പെട്ട മാസമാണെങ്കിലും ഡി. ആർ. സി. 30 കടക്കുന്നതുവരേയ്ക്ക് എതഫോൺ പ്രയോഗം താല്ക്കാലികമായി മാറ്റിവയ്ക്കണം.
വേനൽക്കാല ടാപ്പിങ് വിശ്രമത്തിനു ശേഷം അല്പം മഴ ലഭിച്ചാൽ ടാപ്പിങ് പുനരാരംഭിച്ച് രണ്ട് ടാപ്പിങ് കഴിഞ്ഞ് ഒരിക്കൽ 5 ശതമാനം എതഫോൺ വള്ളിപ്പാലിന് മുകളിലേയ്ക്ക് (ലേസ് ആപ്ലിക്കേഷൻ) പുരട്ടിക്കൊടുത്താൽ മരങ്ങൾ തെളിഞ്ഞു വരുന്നതിന് തുല്യമായ ഉൽപാദനം മൂന്നാം ടാപ്പിങ് മുതൽ ലഭിക്കും.
ദിവസേന ടാപ്പു ചെയ്യുന്ന ഒരിനത്തിലും, ഒന്നിരാടൻ ടാപ്പു ചെയ്യുന്ന അത്യുൽപാദന ശേഷിയുള്ള ഇനങ്ങൾക്കും എതഫോൺ പ്രയോഗം ശുപാർശ ചെയ്തിട്ടില്ല. . പാൽ വീഴ്ച നില്ക്കാത്ത മരങ്ങൾ, പട്ടമരപ്പ് ബാധിച്ച മരങ്ങൾ ഇവയെ എതഫോൺ പ്രയോഗത്തിൽനിന്നും ഒഴിവാക്കുക.
ഇടവേള കൂടിയ ടാപ്പിങ് രീതികളിൽ എതഫോൺ പ്രയോഗം (നിയന്ത്രിത തോതിൽ) മൂലം ഒരു വർഷം മരത്തിൽനിന്ന് എടുക്കുന്ന ഉൽപാദനം ഒന്നിരാടൻ ടാപ്പിങ് നടത്തുന്നതിൽനിന്ന് ലഭിക്കുന്നതിലും കൂടുതലല്ല.
രണ്ട് ടാപ്പിങ് തമ്മിലുള്ള ഇടവേള കൂടുതലുള്ളതിനാൽ ഒഴുകിപ്പോന്ന റബ്ബർപാൽ മരത്തിൽ വീണ്ടും ഉൽപാദിപ്പിക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിനാൽ മരത്തിന് ഗുണകരവുമാണ്.
Share your comments