മംഗലാപുരം മുതൽ തമിഴ്നാട്ടിലെ തിരുന്നൽവേലിവരെയുള്ള പശ്ചിമഘട്ട മലനിരകളിലെ ഈർപ്പമുള്ള നിത്യഹരിത വനങ്ങളിൽ വളരുന്ന ഇടത്തരം വൃക്ഷമാണ് ആനപേരാൽ. നിത്യഹരിത വൃക്ഷമായ പേരാലുമായി പേരിനു മാത്രമേ സാമ്യമുള്ളൂ. 3000 അടി വരെ സമുദ്രനിരപ്പിൽ നിന്നും ഉയരമുള്ള സ്ഥലങ്ങളിൽ ആനപേരാൽ വളരും.
Ouratea angustifolia എന്ന് ശാസ്ത്രീയനാമമുള്ള ഈ ചെറുമരത്തിന് പ്രാദേശികമായി ചാവക്കാമ്പ്, വളർമണി, ചോക്കട്ടി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആനപേരാലിന്റെ തൊലി പരുക്കനും വളരുന്തോറും പൊഴിഞ്ഞു പോകുന്നതും ചാരനിറമുള്ളതുമാണ്. തൊലിയിൽ ആയുധം കൊണ്ട് കൊത്തിയാൽ പശ ഒഴുകി വരും. ഇത് ഉണങ്ങിയാൽ ഇരുണ്ട കറുപ്പ് നിറമാകും. തടിക്ക് ഇരുണ്ട ചുവപ്പ് നിറവും, നല്ല കടുപ്പവുമുണ്ട്. ധാരാളം ചെറു ശാഖകളുണ്ട്.
ഇലകൾക്ക് നല്ല തിളക്കവും, നീണ്ടതുമാണ്. അടിവശം മൃദുല രോമങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഇലകളിൽ തടിച്ച ഞരമ്പുകളിൽ നിന്ന് ധാരാളം പാർശ്വ ഞരമ്പുകളുണ്ട്. ശിഖരങ്ങളുടെ അഗ്രഭാഗത്ത് പൂങ്കുലകളിലായി ധാരാളം മഞ്ഞ പൂക്കളുണ്ടാകും. ഓരോ കുലകളിലും 3 സെ.മീ. വലിപ്പമുള്ള അഞ്ച് വരെ
പഴങ്ങളുണ്ടാവും. വൃത്താകൃതിയിലുള്ള പഴങ്ങളെ സഞ്ചി പോലുള്ള വലകളാൽ പൊതിഞ്ഞിരിക്കും. പഴത്തിൽ കുത്തനെ വളരുന്ന വിത്തുകളുണ്ടാവും.
ആനപേരാലിന്റെ വേരും ഇലയും തൊലിയും കൂമ്പും ഔഷധയോഗ്യമാണ്. ഇലകൾക്കും വേരിനും കയപ് രുചിയാണ്. മാറാത്ത ത്വക്ക് രോഗങ്ങൾക്കും വാതത്തിനും തൊലിയിൽ നിന്നും ലഭിക്കുന്ന പശ നല്ല ഗുണം ചെയ്യും. വേരും ഇലയും ഛർദ്ദിക്കും മനംപുരട്ടലിനും മികച്ച ഔഷധമാണ്. വേരും ഇലയും സുഖവർദ്ധക ഔഷധമായും ഉപയോഗിക്കുന്നു.
പശ്ചിമഘട്ട മലനിരകളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നിത്യഹരിതമായതും, ഭംഗിയുള്ളതും, ഔഷധ യോഗ്യവുമായ ആനപേരാൽ സംരക്ഷിക്കേണ്ടതുണ്ട്. വിത്തുപാകി മുളപ്പിച്ച് നടീൽ വസ്തുക്കളുണ്ടാക്കാം.
Share your comments