വൻ വൃക്ഷങ്ങളായ അരയാൽ, പേരാൽ, അത്തി, ഇത്തി എന്നീ നാല് ആൽമരങ്ങൾ ചേർന്നതാണ് നാല്പാമരം. ആയുർവ്വേദത്തിലെ ഒരു പ്രധാന ഔഷധ സംയുക്തമാണിത് ഇവയുടെ തൊലി, മൊട്ട്, പൂവ്, കായ് താങ്ങുവേരിന്റെ തളിര് എന്നിവ ഔഷധയോഗ്യമാണ്. ത്വക്ക് രോഗ ചികിത്സയിൽ ഇവയുടെ പട്ടയിട്ട് തിളപ്പിച്ച വേതുവെള്ളം ശരീരശുദ്ധിക്ക് ഉപയോഗിക്കുന്നു. നീര് വലിയുന്നതിനും ശരീരവേദന കുറയുന്നതിനുമാണ് ഇത് ഉപയോഗിക്കുന്നത്. ഇതിൽ ഓരോ മരത്തിന്റെയും ഗുണഗണങ്ങൾ പരിശോധിക്കാം.
അരയാൽ (Ficus religiosa)
വൃക്ഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അരയാലിന് ബോധിവൃക്ഷമെന്ന പേരുമുണ്ട്. മോറേസിയേ എന്ന സസ്യകുടുംബത്തിലെ 30 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ശാഖോപശാഖകളോടുകൂടിയ ഇലകൊഴിയും വൃക്ഷമാണ് അരയാൽ. അഗ്രം നീണ്ടുകൂർത്ത ഹൃദയാകാരത്തോടു കൂടിയതാണ് ഇതിന്റെ ഇലകൾ. ഹിന്ദു, ബുദ്ധ മത വിശ്വാസികളുടെ പുണ്യവൃക്ഷമായി അരയാൽ കണക്കാക്കപ്പെടുന്നു. അരയാൽ തണൽ. വിവാഹവേദിക്ക് അത്യുത്തമമായി കരുതപ്പെടുന്നു.
അരയാലിന്റെ ഇല, തൊലി, ഇളം തണ്ട്. ഫലങ്ങൾ, വിത്ത്, കറ എന്നിവ ഔഷധയോഗ്യമാണ്. ഉണക്കിപ്പൊടിച്ച കായ്കൾ വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ആസ്മയ്ക്ക് ഉത്തമമാണ്. അരയാലിന്റെ കറ നീരിനും രക്തസ്രാവത്തിനും നല്ലതാണ്.
പേരാൽ (Ficus benghalensis)
നാല് ക്ഷീരവൃക്ഷങ്ങളിൽ ഒന്നായ പേരാൽ ശാഖോപശാഖകളും വായവ വേരുകളും താങ്ങുവേരുകളുമായി പടർന്നു പന്തലിച്ചു വളരുന്ന ഒരു വടവൃക്ഷമാണ്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ വളരും. ഉണങ്ങിയ ഇലപൊഴിയും കാടുകളിലും സമതലങ്ങളിലും ധാരാളമായി കണ്ടുവരുന്നു.
പേരാലിന്റെ പട്ട. (തൊലി), വായവ വേരുകൾ (Aerial roots), തളിര് എന്നിവ ഔഷധയോഗ്യമാണ്. പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും നല്ലതാണ്. വായവ വേരുകൾ ഒടിവിന് ഫലപ്രദമാണ്. ഇവയുടെ തൊലിയിൽ ടാനിൻ വാക്സ്, സാപോനിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
അത്തി (Ficus racemosa)
അത്തിപ്പഴം പ്രസിദ്ധമാണല്ലോ. ക്ഷീര വൃക്ഷങ്ങളിലെ ഒരിടത്തരം വൃക്ഷമാണ് അത്തി. മറ്റ് ആൽമരങ്ങളെപ്പോലെ വായവ വേരുകളോ താങ്ങുവേരുകളോ ഇല്ലാത്ത വൃക്ഷമാണിത്. കുലകളായി മധുര രസമുള്ള ഭക്ഷ്യയോഗ്യമായ പഴങ്ങൾ ഉണ്ടാ കുന്നതുകൊണ്ട് അത്തി നട്ടുവളർത്താറു മുണ്ട്. അത്തിയുടെ തൊലി, കായ്, വേര്, ഇല, കറ എന്നിവ ഔഷധയോഗ്യമാണ്. അത്തിത്തൊലിയിട്ട് തിളപ്പിച്ച വെള്ളം ചെങ്കണ്ണ് കഴുകുവാൻ ഉപയോഗിക്കാറുണ്ട്. അത്തിക്കായ് രക്തപിത്തം ശമിപ്പിക്കും. അതിസാരം ചികിത്സിക്കുന്നതിന് വേര് ഉപയോഗിക്കുന്നു. അത്തിയുടെ തൊലി പ്രമേഹത്തിനും മുറിവ് കഴുകുന്നതിനും ഉത്തമം. ഇല ഉണക്കിപ്പൊടിച്ച് തേനിൽ കഴിക്കുന്നത് പിത്തം ശമിപ്പിക്കുന്നതിന് ഉത്തമം ഇലിയിട്ടു വെന്ത വെള്ളം മുറിവും വ്രണങ്ങളും കഴുകാൻ ഉപയോഗിക്കാറുണ്ട്. പഴുത്ത ഫലങ്ങൾ ശരീരം തണുപ്പിക്കാനും ദഹനം കൂട്ടാനും വയറുവേദന കുറയ്ക്കുന്നതിനും മറ്റ് ഉദര സംബന്ധമായ അസുഖങ്ങൾക്കും ഫലപ്രദമാണ്.
ഇത്തി (Ficus microcarpa)
നാല്പാമരങ്ങളിൽ താരതമ്യേന വലിപ്പം കുറഞ്ഞ വൃക്ഷമാണ് ഇത്തി. മോറേസിയേ കുടുംബത്തിലെ ഫൈക്കസ് മൈക്രോകാർപ്പ ആണ് ഇത്തി എന്നറിയപ്പെടുന്നത്. ഇതിന്റെ തൊലിക്കും വേരിനും തളിരിനുമാണ് ഔഷധഗുണമുള്ളതായി കണക്കാക്കപ്പെടുന്നത്.
പ്രമേഹം, അൾസർ, ത്വക്ക്രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗി ക്കപ്പെടുന്നു. ചൊറി, ചിരങ്ങ് മുതലായവ ഇത്തിത്തൊലിയിട്ട് തിളപ്പിച്ച വെള്ളത്തിൽ കഴുകുന്നത് നല്ലതാണ്. മുറിവ് ഉണങ്ങാനുള്ള ആയൂർവ്വേദ എണ്ണകളിൽ ഇത്തിത്തൊലി ചേർക്കാറുണ്ട്.
Share your comments