കൂൺ വിത്ത് വളർത്തിയെടുക്കുന്നത് ഏതെങ്കിലും ധാന്യത്തിലാണ്. ഏത് കൂണിനത്തിന്റെ വിത്തും സാധാരണയായി ഒരേ തരത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. ഏതെങ്കിലും മാധ്യമത്തിൽ തയ്യാറാക്കിയ കൾച്ചറിൽ നിന്നും കൂൺ വിത്ത് അഥവാ സ്പോൺ കൾച്ചറിൽ നിന്നും നേരിട്ടുണ്ടാക്കുന്ന വിത്താണ് മാതൃവിത്ത്.
ആവശ്യമായ സാധനങ്ങൾ
നെല്ല് / ചോളം / ഗോതമ്പ്
പോളിപ്രൊപ്പിലീൻ കവറുകൾ .
കാൽസ്യം കാർബണേറ്റ് പൊടി
ധാന്യം വേവിക്കാനുള്ള പാത്രങ്ങൾ
ഓട്ടോക്ലേവ് / പ്രഷർകുക്കർ
ധാന്യം ഉപയോഗിക്കുമ്പോൾ
നന്നായി കഴുകി വൃത്തിയാക്കിയ ധാന്യം ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ധാന്യം വേവിക്കുമ്പോൾ വേവ് അധികമായി പ്പോകാതെ ശ്രദ്ധിക്കണം. വെന്ത ധാന്യം വിരൽ കൊണ്ടമർത്തിയാൽ ചെറുതായി പൊട്ടണം. പാകത്തിന് വെന്ത ധാന്യം വെള്ളത്തിൽ നിന്ന് വാർത്തെടുത്ത ശേഷം നല്ല വൃത്തിയുള്ള മേശപ്പുറത്തോ ഷീറ്റിലോ നിരത്തിയിട്ട് തണുപ്പിച്ചെടുക്കണം. ഈ ധാന്യത്തിലേക്ക് കാൽസ്യം കാർബണേറ്റ് പൊടി ഒരു കിലോ ധാന്യത്തിന് 30-50 ഗ്രാം എന്ന തോതിൽ ചേർക്കുക. ഇത് ധാന്യത്തിന്റെ അമ്ലത കുറയ്ക്കാൻ സഹായിക്കുന്നു. അതു മാത്രമല്ല ഇതു ധാന്യത്തിലെ അധിക ഈർപ്പം കുറയുന്നു.
കൂൺ തന്തുക്കൾ നല്ല ആരോഗ്യത്തോടെ വളരുവാനും സഹായിക്കുന്നു. ഇത്തരത്തിൽ തയാറാക്കിയ ധാന്യം 6 x 12 ഇഞ്ച് വലിപ്പത്തിലുള്ള പോളിപ്രോപ്പിലിൻ (പി.പി.) കവറുകളിൽ 250- 300 ഗ്രാം നിറയ്ക്കുക. കവറിന്റെ മുകൾഭാഗം കുപ്പിയുടെ കഴുത്തു പോലെ ആക്കിയ ശേഷം പഞ്ഞി ഉപയോഗിച്ച് മുറുകെ അടയ്ക്കുക. ഇനി ഇവ ഓട്ടോക്ലേവിൽ / പ്രഷർകുക്കറിൽ വച്ച് അണുനശീകരണം നടത്തണം.
അണുനശീകരണം
അണുനശീകരണം നടത്തുവാനായി കവറുകൾ നിവർത്തി വച്ച് അടുക്കി വയ്ക്കുക. ഒരിക്കലും കവറുകൾ തിക്കിവയ്ക്കരുത്. അത് വായുസഞ്ചാരം തടസ്സമാക്കുവാനും നന്നായി അണുനശീകരണം നടക്കാതിരിക്കാനും സാധ്യതയുണ്ട്. ഇവ ഓട്ടോക്ലേവിൽ 121 ൽ 15 lb മർദത്തിൽ ഒന്നര മുതൽ രണ്ട് മണിക്കൂർ സമയംവരെ വയ്ക്കണം. അതിനു ശേഷം ഓഫ് ചെയ്യുക. മർദം പൂജ്യത്തിലെത്തുമ്പോൾ തുറന്ന് ധാന്യപാക്കറ്റുകൾ പുറത്തെടുത്ത് ഡെറ്റോൾ കൊണ്ട് തുടച്ച് വൃത്തിയുള്ള സ്ഥലത്ത് വച്ച് നന്നായി തണുക്കാൻ അനുവദിക്കുക.
അണുവിമുക്തമാക്കിയ ധാന്യത്തിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കൾച്ചർ പകർത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. അണുവിമുക്തമായ അന്തരീക്ഷത്തിൽ തീജ്വാലയുടെ സമീപത്തു വച്ചാണ് ഇത് ചെയ്യേണ്ടത്. ഒരു ടെസ്റ്റ് ട്യൂബ് കൾച്ചറിൽ നിന്നും 3-4 വരെ സ്പോൺ ഉണ്ടാക്കാം. ധാന്യ പാക്കറ്റ് ശ്രദ്ധാപൂർവം അണുവിമുക്തമായ സ്ഥലത്തു വച്ച് തുറന്നിട്ട് ടെസ്റ്റ് ട്യൂബിൽ നിന്നും ഇനോക്കുലേഷൻ സൂചി ഉപയോഗിച്ച് കൂണിന്റെ തന്തുക്കൾ മാധ്യമം സഹിതം എടുത്ത് ധാന്യക്കവറുകളിൽ നിക്ഷേപിക്കുക. അതിനു ശേഷം കവറുകൾ ശ്രദ്ധാപൂർവം അടച്ച് തണുപ്പുള്ള വൃത്തിയുള്ള മുറിയിൽ സൂക്ഷിക്കുക.
ഇരുട്ടുള്ള മുറി
ഇരുട്ടുള്ള മുറിയാണെങ്കിൽ കൂൺ തന്തുക്കൾ വെളുത്ത പൂപ്പൽ പോലെ വളർന്നു തുടങ്ങും. ഏതാണ്ട് 15-20 ദിവസം കൊണ്ടുതന്നെ പാക്കറ്റ് നിറയെ കൂണിന്റെ തന്തുക്കൾ വളർന്നു പിടിച്ചു വെളുത്ത നിറത്തിൽ കാണാൻ സാധിക്കും. ഏതെങ്കിലും നിറവ്യത്യാസം കാണുന്നുണ്ടെങ്കിൽ മാതൃവിത്ത് കേടുവന്നതായി കണക്കാക്കാം.
Share your comments